- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുക്രാനയിൽ മന്ത്രി റിയാസിനെതിരെ ആരോപണം ഉയർത്തിയവരുടെ ലക്ഷ്യം വർഗ്ഗീയ ധ്രൂവീകരണം തന്നെ; പൊതുമരാമത്ത് പിൻവലിച്ച അതേ തീരുമാനം നടപ്പാക്കാൻ മന്ത്രി ഗോവിന്ദൻ; പഞ്ചായത്ത് ഓഫീസുകളിൽ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളിനും ഫയൽ തീർക്കൽ യജ്ഞം; പൊതുമരാമത്തിനെതിരെ നടന്നത് ഗൂഢാലോചനയോ?
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ ചില ഗ്രൂപ്പുകളിൽ നടന്നത് ക്രൈസ്തവ വർഗ്ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടുള്ള പ്രചരണം തന്നെ. പൊതുമാരമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെയായിരുന്നു ആ ആരോപണം. ദുക്രാന പെരുന്നാൾ ദിനത്തിൽ ഓഫീസ് തുറക്കാനുള്ള തീരുമാനത്തിൽ റിയാസിനെതിരെ പ്രതിഷേധിച്ചാണ് ചില ക്രൈസ്തവ ഗ്രൂപ്പുകൾ രംഗത്ത് വന്നത്. എന്നാൽ ഈ തീരുമാനം എടുത്തത് പൊതുമരാമത്ത് വകുപ്പ് മാത്രമായിരുന്നില്ല. പഞ്ചായത്ത് വകുപ്പിലും ഇതുണ്ടായി. പക്ഷേ അതിനെതിരെ ആരും പ്രതിഷേധിച്ചില്ല. ഇതോടെയാണ് വർഗ്ഗീയ പ്രചരണമായിരുന്നു അതെന്ന് തെളിയുന്നത്.
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും പ്രവർത്തിക്കും. ജനങ്ങൾക്ക് മറ്റു സേവനങ്ങൾ ലഭ്യമാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ഇതേ തീരുമാനമാണ് പൊതുമരാമത്ത് വകുപ്പിലും നടക്കാനിരുന്നത്. ഇതിനുള്ള ഉത്തരവാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇറക്കിയത്. എന്നിട്ടും മന്ത്രി റിയാസിനെതിരെ ആരോപണങ്ങൾ എത്തി. മന്ത്രി ഇടപെട്ട് ഞായറാഴ്ച അവധിയാക്കുകയും ചെയ്തു. എന്നാൽ പൊതുമരാമത്തിൽ പ്രതിഷേധം ഉയർത്തിയവർ പഞ്ചായത്തിലെ തീരുമാനം കണ്ടില്ലെന്നും നടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനാണ് മന്ത്രി റിയാസ്. അതുകൊണ്ട് കൂടിയാണ് റിയാസിനെതിരെ ആരോപണം ഉയർന്നതെന്ന വാദം ഇതോടെ ശക്തമാകുകയാണ്. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കാനുള്ള തീവ്രയജ്ഞം. കെട്ടിക്കിടക്കുന്ന ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കാൻ മാസത്തിൽ ഒരു അവധിദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലായ് മുതൽ സെപ്റ്റംബർവരെ ഓരോ അവധിദിനം പ്രവൃത്തിദിവസമാക്കിയത്.
സെന്റ് തോമസ് ഡേയായി (ദുക്രാന തിരുനാൾ) വരുന്ന ഞായറാഴ്ച ജോലിക്ക് ഹാജരാകണമെന്ന പൊതുമരാമത്ത് വകുപ്പിലെ വിവാദ ഉത്തരവ് പിൻവലിച്ചിരുന്നു, വകുപ്പിലെ ഭരണവിഭാഗം ചീഫ് എഞ്ചിനീയർ ജൂൺ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈസ്തവ വിഭാഗം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ദുക്രാന തിരുനാളിൽ ജോലിക്ക് ഹാജരാകാൻ സർക്കാർ ഉത്തരവിറക്കിയത് ക്രൈസ്തവ വിഭാഗത്തിനിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടാണ് വിഷയത്തിൽ ഇടപെട്ടത്. മന്ത്രിയുടെ ഓഫീസ് അറിയാതെയാണ് ഉത്തരവ് ഇറങ്ങിയത്. പ്രത്യേക മതവിഭാഗത്തിന് പരാതിയുള്ളതിനാൽ പിൻവലിക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പിൻവലിച്ച് ഉത്തരവ് ഇറക്കിയത്. ഇന്നലെയാണ് ഭരണവിഭാഗം ചീഫ് എഞ്ചിനിയറുടെ പേരിൽ ഉത്തരവ് വന്നത്. ബോധപൂർവ്വം വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം നടന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചിട്ടുണ്ട്.
ഫയലുകൾ തീർപ്പാക്കാനുള്ള നയം സർക്കാരെടുത്തു. ഓരോ ഫയലിലും ഓരോ ജീവനുണ്ട്. എല്ലാ ഫയലുകളും തീർക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പും അതിനൊപ്പം നീങ്ങി. ജൂലൈ മൂന്നിന് ഓഫീസ് തുറക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനം എടുത്തു. അത് മന്ത്രി അറിഞ്ഞില്ല. മന്ത്രിയുടെ ഓഫീസും അറിഞ്ഞില്ല. അതിന്റെ ആവശ്യവും ഇല്ല. എന്നാൽ വിവാദം വന്നതോട് മന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ തിരക്കി. പിൻവലിക്കാനും നിർദ്ദേശിച്ചു. എല്ലാ വകുപ്പും ഇത്തരം തീരുമാനം എടുത്തിട്ടുണ്ട്. എന്നിട്ട് പൊതുമരാമത്ത് വകുപ്പിനെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിൽ പ്രചരണം എത്തി. ഇതിന് പിന്നിൽ വർഗ്ഗീയ ധ്രൂവീകരണത്തിനുള്ള ശ്രമാണ്-മന്ത്രി ആരോപിച്ചു.
സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി പ്രകാരം വകുപ്പിലെ ഫയലുകളും തപാലുകളും തീർപ്പാക്കുന്നതിന് വേണ്ടി ജൂലൈ മൂന്നിന് ജോലിക്ക് ഹാജരാകാനാണ് പൊതുമരാമത്ത് ജീവനക്കാർക്ക് നിർദ്ദേശം ലഭിച്ചിരുന്നത്. എല്ലാ ജീവനക്കാരും നിർബന്ധമായി വരണമെന്ന തരത്തിലായിരുന്നു് ഉത്തരവ്. ദുക്രാന തിരുനാളിന് ഓഫീസിൽ ജോലി ചെയ്യാൻ വിളിച്ചത് ക്രൈസ്തവ വിഭാഗങ്ങളെ പ്രകോപിപ്പിച്ചു. വിവിധ ഗ്രൂപ്പുകളിൽ ഇത് ചർച്ചയാക്കുകയും ചെയ്തു. പിന്നാലെ വകുപ്പിലെ ക്രൈസ്തവ ജീവനക്കാരിൽ പലരും മേലധികാരികളെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ തീരുമാനം മാറ്റിയില്ല.
പിന്നീട് മുഹമ്മദ് റിയാസ് അടിയന്തര ഇടപെടലുകൾ നടത്തുകയായിരുന്നു. ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്റാന. സാധാരണ ദുക്റാന തിരുന്നാളിന് പൊതു അവധി അല്ല. എന്നിട്ടും പൊതുമരാമത്ത് വകുപ്പിലെ തീരുമാനം വിവിധ ക്രൈസ്തവ ഗ്രൂപ്പുകളിൽ വിവാദമായി. ദീപിക പത്രത്തിൽ അടക്കം വാർത്ത വന്നു. എന്നാൽ മറ്റ് വകുപ്പുകളിലെ തീരുമാനം ചർച്ചയായതുമില്ല.
ദുക്‌റാന തിരുനാൾ പഴമക്കാർക്ക് തോറാന പെരുന്നാളാണ് .തോറാനയ്ക്ക് ആറാനകൾ ഒഴുകുന്നാണ് പഴമക്കാർ പറയുന്നത്, അതായിരുന്നു പണ്ടത്തെ മഴക്കാലം. ദുക്രാന തിരുനാൾ പരമ്പരാഗതമായി ജൂലൈ 3 നാണ് ആചരിക്കുന്നത്. ജൂലൈ മൂന്ന് എന്ന തീയതി കേരളത്തിൽ പൊതു അവധി ദിവസമാല്ല. ഞായറാഴ്ചകളിൽ അല്ലാത്ത ദിവസവും ഇത് വരാറുണ്ട്. അന്നെല്ലാം ഓഫീസുകൾ പ്രവർത്തിക്കാറുമുണ്ട്.
ഈ സാഹചര്യത്തിലാണ് ജൂലൈ മൂന്നിന് പൊതുമരാമത്ത് വകുപ്പിൽ ജോലിക്കെത്താൻ ജീവനക്കാർക്കെല്ലാം നിർദ്ദേശം നൽകിയത്. ഇത് തന്നെയാണ് മറ്റു വകുപ്പുകളുടെ തീരുമാനത്തിലും പ്രതിഫലിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ