- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ഗൾഫ് നാട്ടിൽ നിന്നാണ് വരുന്നത്; നഴ്സ് റിക്രൂട്ടിങ് എന്ന പേരിൽ തീവ്രവാദികളുടെ ലൈംഗികസേവയ്ക്ക് കൊണ്ടുപോകുന്നു': ഹിന്ദു മഹാസമ്മേളനത്തിൽ വർഗ്ഗീയ പരാമർശം നടത്തിയ ദുർഗാദാസിന് എതിരെ കടുത്ത പ്രതിഷേധം; മലയാളം മിഷൻ ഖത്തർ കോഓഡിനേറ്റർ പദവിയിൽ നിന്ന് പുറത്താക്കി
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തിൽ നഴ്സുമാരെ അപമാനിച്ച മലയാളം മിഷൻ ഖത്തർ കോഓഡിനേറ്റർ ദുർഗാദാസിനെ പദവിയിൽ നിന്ന് നീക്കി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള അധിക്ഷേപ പ്രസംഗം നടത്തിയതാണ് ദുർഗാദാസിന് വിനയായത്. ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ പദവി ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായി മലയാളം മിഷൻ അറിയിച്ചു.
ദുർഗാദാസിന്റെ പ്രസ്താവനകൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് ഇതിലെ ഒരു പരാമർശമെന്നും മിഷൻ ചൂണ്ടിക്കാട്ടി.സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
ഖത്തർ മലയാളം മിഷൻ പ്രസിഡന്റിനും മറ്റ് വിവിധ ചാപ്റ്ററുകളിലും ലഭിച്ച പരാതികൾ, വിവിധ മാധ്യമ വാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. തീവ്ര ക്രിസ്ത്യൻ സംഘടനയായ സംഘടനായ 'കാസ' സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്ററും ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകരിൽ ഒരാളായ അഡ്വ. കൃഷ്ണരാജും രാജേഷ് നാഥനും പങ്കെടുത്ത പരിപാടിയിലാണ് മലയാളം മിഷൻ ഖത്തർ കോർഡിനേറ്ററായ ദുർഗാദാസ് അധിക്ഷേപ പരാമർശം നടത്തിയത്.
സദസ്സിന്റെ ഭാഗമായി കാസ നേതാവ് കെവിൻ പീറ്ററിനോട് ചോദ്യമെന്ന രീതിയിലായിരുന്നു ദുർഗാദാസ് വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനെ അധിക്ഷേപിച്ചത്. ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാൾ കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും റിക്രൂട്ട്മെന്റ് എന്ന പേരിൽ തീവ്രവാദികൾക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുർഗാദാസിന്റെ പ്രസ്താവന. ഹിന്ദു കുടുംബത്തിലെ കുട്ടികളെ സനാതന ധർമ്മത്തിൽ വളർത്താൻ ന്യൂനപക്ഷ വകുപ്പിന്റെ മാതൃകയിൽ സംവിധാനം ആവശ്യമാണെന്നും ഇയാൾ ആവശ്യപ്പെടുന്നു. ഹിന്ദു മഹാസമ്മേളനത്തിൽ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേന്ദ്രമന്ത്രി വി മുരളീധരനിൽ നിന്നും ഇയാൾക്ക് സമ്മാനിച്ചിരുന്നു.
നഴ്സുമാരെ അപമാനിച്ച ദുർഗാദാസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ദുർഗ്ഗാദാസിന്റെ പ്രസ്താവന നഴ്സുമാരെ അപമാനിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ യൂണിക് പറഞ്ഞു. മലയാളം മിഷനിൽ ദുർഗാദാസിനെ പോലുള്ളവർ എങ്ങനെ കടന്നുകൂടിയെന്ന് പരിശോധിക്കണമെന്ന് ഖത്തർ ഇൻകാസ് ആവശ്യപ്പെട്ടു.
ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാരെ അപമാനിക്കുന്നതാണ് മലയാളം മിഷൻ കോഓഡിനേറ്ററുടെ പ്രസ്താവന. ഐബിപിസിക്കും മുഖ്യമന്ത്രിക്കും യൂണിക് പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള വർഗീയ പരാമർശങ്ങൾ നഴ്സിങ് സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും യൂണിക് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങളിൽ ഇങ്ങനെയുള്ളവർ എങ്ങനെ കടന്നുകൂടുന്നു എന്നത് പരിശോധിക്കണമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു
ദുർഗാദാസിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ഐഎംസിസിയും ആവശ്യപ്പെട്ടിരുന്നു. ഡിജിപിക്കും പ്രവാസികാര്യ, സാംസ്‌കാരിക വകുപ്പ് മന്ത്രിമാർക്കും പരാതി നൽകിയതായും ഐഎംസിസി അറിയിച്ചിരുന്നു. പ്രവാസി സമൂഹത്തിനിടയിൽ വംശീയ കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ഫോറം ഖത്തർ ആവശ്യപ്പെട്ടു.
പി.സി ജോർജ് വർഗീയ പരാമർശം നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ തന്നെയാണ് മലയാളം മിഷൻ ഖത്തർ കോഓഡിനേറ്റർ ദുർഗാദാസും വിഷം തുപ്പിയത്- 'ഗൾഫ് നഗരത്തിലാണ് ഇന്ത്യയേക്കാൾ ഏറ്റവും കൂടുതൽ മതപരിവർത്തനം നടന്നുകൊണ്ടിരിക്കുന്നത്. നമുക്ക് അവിടെ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഞാൻ ഗൾഫ് നാട്ടിൽ നിന്നാണ് വരുന്നത്. നഴ്സ് റിക്രൂട്ടിങ് എന്ന പേരിൽ തീവ്രവാദികളുടെ ലൈംഗികസേവയ്ക്ക് കൊണ്ടുപോകുന്നുവെന്ന് അറിയാൻ കഴിഞ്ഞു. അതിനെ തടയാൻ നടപടിയോ മറ്റോ ഇവിടെ നിന്ന് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ' എന്നാണ് ദുർഗാദാസ് പറഞ്ഞത്.
കേരള സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സംഘടനയാണ് മലയാളം മിഷൻ. കവി മുരുകൻ കാട്ടാക്കട ഡയറക്ടറായ മലയാളം മിഷന്റെ ഖത്തർ ചുമതലയിൽ സംഘപരിവാർ ബന്ധമുള്ളയാളെ നിയമിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ