കൊച്ചി : മാദ്ധ്യമ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഡി വൈ എസ് പി മുഖ്യമന്ത്രിക്കൊപ്പം വേദിപങ്കിട്ടത് സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരുടെ സാന്നിധ്യത്തിൽ. ലോക്‌നാഥ് ബഹ്‌റയും ജേക്കബ് പൊന്നൂസും ഒരുമിച്ചു നിൽക്കുമ്പോൾ മാദ്ധ്യമ പ്രവർത്തകൻ യു ബി ഉണ്ണിത്താൻ വധശ്രമ കേസിലെ നാലാം പ്രതി ഡി വൈ എസ് പി അബ്ദുൽ റഷീദ് മുഖ്യമന്ത്രി ദീപം തെളിക്കുമ്പോൾ അടുത്തനിന്നു കൈ കൊട്ടി. കോട്ടും സ്യൂട്ടും അണിഞ്ഞുനിന്ന റഷീദിനെ ആരും അറിയില്ലെന്നാണ് കരുതിയത്.

പക്ഷെ റഷീദിന് ആഗ്രഹമുണ്ടായിരുന്നു മുഖ്യമന്ത്രിക്കൊപ്പം നിന്ന് തന്റെ പാപം കഴുകി കളയണമെന്ന്. പക്ഷെ പുലിവാലായി. പൊലീസിൽ ക്രിമിനൽ സ്വഭാവമുള്ളവരെ മുഖ്യധാരയിൽനിന്നും അകറ്റി നിർത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന ഇറങ്ങി ദിവസങ്ങൾ പിന്നിടുന്നതിനു മുമ്പാണ് അബ്ദുൽ റഷീദ് മുഖ്യമന്ത്രിക്കൊപ്പം കൊച്ചിയിൽ കേരള പൊലീസ് സർവീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇതൊന്നുമറിയാതെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി വേദി പിന്നിടുമ്പോഴാണ് റഷീദിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പരിപാടിക്ക് തന്നെ മാനക്കേടുണ്ടാക്കിയ റഷീദിന്റെ സാന്നിധ്യം എങ്ങനെയുണ്ടായെന്ന് അന്വേഷിച്ച് മുഖ്യമന്ത്രി തന്നെ റിപ്പോർട്ട് തേടിയതായാണ് അറിവ്.

ഉണ്ണിത്താനുമായി റഷീദിന് വൈരാഗ്യം ഉണ്ടാകാൻ കാരണമായ റിപ്പോർട്ട് ഇങ്ങനെ. 2010 ഡിസംബറിൽ റഷീദും മറ്റൊരു പൊലീസ് ഓഫീസറായ സന്തോഷ് നായരും ബിസിനസ് പങ്കാളിയായ കണ്ടയ്‌നർ സന്തോഷും കുടുംബ സമേതം ഗോവയിലെ ഉല്ലാസ യാത്രക്കുശേഷം മടങ്ങി വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന രാജധാനി എക്സ്‌പ്രസ് ട്രെയിന്റെ അത്യാഹിത തുടൽ വലിച്ച് ട്രെയിൻ നിർത്തിയെന്നായിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പില്ലാതിരുന്ന ട്രെയിൻ റഷീദ് മനഃപൂർവ്വം തുടൽ വലിച്ച് നിർത്തിയെന്നായിരുന്നു ഉണ്ണിത്താൻ റിപ്പോർട്ട് ചെയ്തത്.

അതേസമയം 2009 ഒക്ടോബർ 13ന് മാതൃഭൂമിയിൽ തന്നെ ഉണ്ണിത്താൻ മറ്റൊരു വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലം സർക്കാർ വക അതിഥി മന്ദിരത്തിൽ മദ്യ മുതലാളിമാരുടെ സൽക്കാരത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥന്മാർ പങ്കെടുത്തതായും ടീവി സീരിയൽ നടിമാരടക്കമുള്ളവരുമായി അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്നുമായിരുന്നു വാർത്ത. ഇതിൽ അന്ന് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന സന്തോഷ് നായരും ഉണ്ടായിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ ഇയ്യാളെ സർവീസിൽനിന്നും നീക്കിനിർത്തിയിരുന്നു.അതേസമയം വാർത്ത പ്രചരിച്ചതോടെ ഓഫീസർമാരുടെ കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലായി.

ഭാര്യമാർ ആത്മഹത്യക്ക് ശ്രമിക്കുകയും കുട്ടികൾക്ക് സ്‌കൂളുകളിൽ അപമാനം സഹിക്കേണ്ടിവന്നു. ഉദ്യോഗസ്ഥർക്ക് കയറ്റം ലഭിക്കാതെ വന്നു. ഇതെല്ലാം പ്രതികാരത്തിന് കാരണമായി പറയുന്നു. ഏറെ അപമാനം സഹിക്കേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥർ കൂട്ടായി എടുത്ത തീരുമാനമാണ് ഉണ്ണിത്താനെ ക്വട്ടേഷൻ ടീമിനെ കൊണ്ട് വകവരുത്തുകയെന്നത്. ഇതിനായി ഹാപ്പി രാജേഷ് എന്ന ഗുണ്ടയെയും ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ വധശ്രമത്തിനുശേഷം ഹാപ്പി തന്റെ സ്വന്തം ഓട്ടോ റിക്ഷയ്ക്കുള്ളിൽ മരിച്ച് കിടന്നത് വീണ്ടും പുലിവാലായിരുന്നു. കേസിന്റെ പേരിൽ അബദ്ൽ റഷീദിനെ സി ബി ഐ നിരവധി തവണ കസ്റ്റഡിയിൽ എടുക്കുകയും റിമാന്റിലാകുകയും ചെയ്തിരുന്നു.