കണ്ണൂർ: മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം വിട്ടുനൽകാൻ കോടതിയുടെ അനുമതിയില്ല. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എം വി ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു. വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിനെതിരെ എബിൻ വർഗീസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ പറഞ്ഞു.

നിലവിൽ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലാണ് വാഹനം സൂക്ഷിച്ചിരുന്നത്.വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ വാൻ പിടിച്ചെടുത്തത്.

ഇ ബുൾജെറ്റ് വ്ലോഗർ സഹോദരന്മാർക്കും അവരുടെ നെപ്പോളിയൻ എന്ന കാരവനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഒമ്പതോളം നിയമലംഘനങ്ങൾ കാരവനിൽ കണ്ടെത്തിയതായി മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്ലോഗർ സഹോദരന്മാർ നടത്തിയിരിക്കുന്നത്.

വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലായിരുന്നു രജിസ്‌ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി.

ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ എത്തി ബഹളം വയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്ത കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായിരുന്നു. റിമാൻഡിലായതിന്റെ പിറ്റേ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.

നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കിയത്. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇവർ 7000 രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗൺ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.