തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽപ്പെട്ട ഇപി ജയരാജന്റെ മന്ത്രിയായിരുന്ന കാലത്ത് കൂടുതൽ വിവാദങ്ങളിൽ ചെന്നുപെട്ടെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെൡവുകൾ പുറത്തുവന്നു. ഇപി ജയരാജന്റെ കുടുംബ ക്ഷേത്രത്തിനായി വഴിവിട്ട അഭ്യാർത്ഥന നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതും അധികാര ദുർവിനിയോഗമാണെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി വനംവകുപ്പിൽ നിന്നും 1200 മീറ്റർ ക്യുബിക് തേക്കിൻ തടി ആവശ്യപ്പെട്ടാണ് വ്യവസായ വകുപ്പ് മന്ത്രിയുടെ ലെറ്റർപാഡിൽ ജയരാജൻ വനംവകുപ്പ് മന്ത്രി രാജുവിന് കത്തെഴുതിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഇത് പരിഗണിക്കണമെന്ന് കാണിച്ചുള്ള ലെറ്റർ മന്ത്രി വനംവകുപ്പിന് കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇ.പി ജയരാജന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ക്ഷേത്രം നവീകരിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതെസമയം മന്ത്രിയായിരുന്ന ജയരാജൻ ആവശ്യപ്പെട്ട അമ്പത് കോടി രൂപ വിലവരുന്ന 1200 മീറ്റർ ക്യുബിക് തേക്ക് നൽകാൻ കഴിയില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇത് ചട്ടങ്ങൾക്ക് നിരക്കാത്തതാണെന്ന് കാണിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വനംമന്ത്രിക്ക് റിപ്പോർട്ട് നൽകിയതും ജയരാജന്റെ ശുപാർശ തള്ളിക്കളഞ്ഞതും. അതെസമയം വാർത്തയോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജയരാജൻ അറിയിച്ചു. കത്ത് കിട്ടിയ കാര്യം വനംവകുപ്പ് മന്ത്രി കെ.രാജു സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ രണ്ടാമനെന്ന നിലയിലാണ് ഇപി അമ്പത് കോടിയുടെ തേക്ക് തടിക്കായി കത്തെഴുതിയത്. പിയുടെ കത്തുമായി ക്ഷേത്രഭരണ സമിതി തന്നെ സമീപിച്ചതായാണ് കെ രാജു വ്യക്തമാക്കിയത്. എന്നാൽ സൗജന്യമായി മരം നൽകാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്ന് കണ്ട് അപേക്ഷ തള്ളിയതോടെ വനംവകുപ്പ് മന്ത്രിയാണ് വിവാദത്തിൽ നിന്നും രക്ഷപെട്ടത്. എന്നാൽ, കത്തിലെ ആവശ്യം പരിഗണിക്കാൻ നീക്കം നടന്നതായാണ് മാതൃഭൂമി വ്യക്തമാക്കുന്നത്.

കത്ത് ലഭിച്ച വനംമന്ത്രി കെ.രാജു ആ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് കത്ത് കൈമാറി. അദ്ദേഹം ഫോറസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരിയെ വിട്ട് കത്തിൽ പറയുന്ന ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണ ജോലി നടക്കുന്നുണ്ടോ എന്ന് ആരാഞ്ഞു. അതനുസരിച്ച് നവീകരണ ജോലികൾ നടക്കുന്നുണ്ടെന്ന് അവർ റിപ്പോർട്ട് നൽകി. തുടർന്ന് കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡി.എഫ്.ഒ തേക്കിനെ കുറിച്ച് അന്വേഷണം നടത്തി. റേഞ്ച് ഓഫീസർ ഇത്രയും ഭീമമായ അളവിലുള്ള തേക്ക് കണ്ണവം വനത്തിൽ ഇല്ല എന്ന മറുപടി നൽകി. അതോടെ കണ്ണൂരിലെ വനംവകുപ്പ് ഇത്രയും വലിയ അളവിൽ തേക്ക് നൽകുന്നതിന് ചട്ടം അനുവദിക്കുന്നില്ല എന്ന മറുപടി നൽകുകയായിരുന്നു. കണ്ണവം ഡിവിഷനിൽ ഇത്രയും അളവിൽ തേക്ക് കണ്ടെത്തുകയും വനംവകുപ്പ് സമ്മതം മൂളുകയും ചെയ്തിരുന്നെങ്കിൽ തേക്ക് അനുവദിക്കന്ന സ്ഥിതിയുണ്ടാകുമായിരുന്നു.

ജയരാജന്റെ കുടുംബബന്ധുക്കളാണ് ഇരിണാവ് ക്ഷേത്രത്തിന്റെ ട്രസ്റ്റിലുള്ളത്. ഈ ക്ഷേത്രത്തിന് തേക്ക് തടി ആവശ്യപ്പെട്ടുള്ള കത്താണ് ഇപിയെ വീണ്ടും വിവാദത്തിൽ ചാടിച്ചിരിക്കുന്നത്. ബന്ധു നിയമന വിവാഹത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഇ പി ജയരാജനെതിരെ ഉയർന്ന പുതിയ ആരോപണവും ഏറെ ഗൗരവമുള്ളതാണ്. നേരത്തെ പി കെ ശ്രീമതിയുടെ മകനെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇ. എം.ഡി. സ്ഥാനത്ത് നിയമിച്ചതോടെ കടുത്ത വിമർശനമാണ് ഇപി പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്നത്. ഈ എതിർപ്പ് ശക്തമായതോടെയാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും.

മന്ത്രിസഭയിൽ നിന്നും രാജിവച്ചെങ്കിലും പാർട്ടിയിലും അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നത് ഉറപ്പാണ്. തനിക്ക് തെറ്റ് പറ്റിയെന്ന് ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സമ്മതിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഇ പി ജയരാജനെ തരംതാഴ്‌ത്താനുള്ള നീക്കവും നടക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തെ തേടി പുതിയ വിവാദം എത്തിയിരിക്കുന്നതും. ഈ സാഹചര്യത്തിൽ പാർട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയ ഇപി ജയരാജനെതിരെ പാർട്ടി തലത്തിൽ കർശന നടപടി കൈക്കൊള്ളാൻ സിപിഐ(എം) നിർബന്ധിതരായേക്കും.