തിരുവനന്തപുരം: ഇ- പോസ് മെഷീൻ സ്ഥാപിച്ച റേഷൻ കടകളിൽ റേഷൻ വിതരണം നിറുത്തിവച്ചു. ഇതോടെ കൊല്ലം ജില്ലയിലെ മുഴുവൻ റേഷൻ കടകളിലും ഈ മാസത്തെ റേഷൻ വിതരണം നിലച്ചിരിക്കുകയാണ്. സുതാര്യമായ റേഷൻ വിതരണത്തിനായി നടപ്പിലാക്കുന്ന കമ്പ്യൂട്ടർവത്കരണത്തെ അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള കള്ളക്കളികളാണ് നടക്കുന്നത്. അതുകൊണ്ട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊല്ലം ജില്ലകളിലെ എല്ലാ താലൂക്കുകളിലുമായി 1072 റേഷൻ കടകളാണുള്ളത്. മാർച്ച് രണ്ടോടെ എല്ലായിടത്തും ഇ- പോസ് മെഷീനുകൾ സ്ഥാപിച്ചു. റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ (ആർ.സി.എം.എസ്) ഉദ്യോഗസ്ഥർ ഇ-പോസ് മെഷീൻ പ്രവർത്തിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് റേഷൻ വിതരണം നിറുത്തിവയ്ക്കാൻ കാരണം. കൊല്ലം ജില്ലയെ കൂടാതെ മറ്റ് ആറ് ജില്ലകളിൽ ഓരോ താലൂക്കിലും ഇ-പോസ് മെഷീൻ എത്തിച്ചിരുന്നു. ഇ-പോസ് മെഷീൻ സ്ഥാപിക്കുന്ന നടപടികളും നിറുത്തി വച്ചിരിക്കുകയാണ്.

മുൻഗണന, മുൻഗണനേതര റേഷൻ കാർഡുകളിൽ വലിയൊരു സംഖ്യയുടെ മാറ്റം വന്നിരുന്നു. 2,62,675 അനർഹർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വിവരം ക്രോഡീകരിക്കേണ്ടത് നാഷണൽ ഇൻഫർമേഷൻ സെന്ററും അതനുസരിച്ച് ഓരോ റേഷൻ കടകളിലെയും പട്ടികയിൽ മാറ്റം വരുത്തേണ്ടത് ആർ.സി.എം.എസുമാണ്. അതുണ്ടായില്ല. ഇപ്പോഴത്തെ പട്ടിക അനുസരിച്ച് ഇ-പോസ് മെഷീൻ പ്രവർത്തിപ്പിച്ചാൽ അനർഹർക്കെല്ലാം സൗജന്യ നിരക്കിൽ അരി ലഭിക്കുന്ന അവസ്ഥയുണ്ടാകും. അതിനാലാണ് റേഷൻ വിതരണം നിറുത്തി വച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പ്.

റേഷൻ ഇടപാടുകൾ സുതാര്യമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തെ റേഷൻ കടകളിൽ ഇനി ഇ-പോസ് മെഷീനുകൾ കൊണ്ടു വരാൻ തീരുമാനിച്ചത്.മാർ്ച്ച് 31ന് മുൻപ് സംസ്ഥാനത്തെ എല്ലാ കടകളിലും ഇ-പോസ് മെഷീനുകൾ എത്തും. റേഷൻ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അർഹമായവർക്ക് മാത്രം റേഷൻ സാധനങ്ങൾ നൽകുന്നതിനുമുള്ള സർക്കാരിന്റെ സംരംഭമാണ് ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിൻ് ഓഫ് സെയിൽ പദ്ധതി. മാഫിയയെ തുടച്ചു നീക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമാണ് ഇത്. റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പിന് ഇതോടെ അവസാനമാകും. അതിനിടെ പദ്ധതി അട്ടിമറിക്കാൻ അവസാന ശ്രമവുമായി റേഷൻ മാഫിയയും രംഗത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കൊല്ലത്തെ സംഭവങ്ങളിൽ അസ്വാഭാവികത കാണുന്നത്.

കേരളത്തിലും ഇ - പോസ് മെഷീൻ സ്ഥാപിച്ച് റേഷൻ വിതരണം സുതാര്യമാക്കാൻ സർക്കാർ തീരുമാനിച്ചതു മുതൽ റേഷൻ വ്യാപാരി സംഘടനകൾ എതിർപ്പുമായി രംഗത്തുണ്ട്. വേതന പാക്കേജ് പ്രഖ്യാപിച്ചിട്ടും എതിർപ്പിന് കുറവില്ല. റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിറ്റ് കീശ വീർപ്പിക്കുന്ന ഉദ്യോഗസ്ഥരും ചേരുന്ന മാഫിയയാണ് അരനൂറ്റാണ്ടായി കേരളത്തിലെ പൊതു വിതരണ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത്. ഇവർക്ക് മൂക്കു കയറിടാനാണ് പിണറായി സർക്കാർ ഇ പോസ് ആരംഭിച്ചത്. അതുകൊണ്ട് തന്നെ തീരുമാനം അട്ടിമറിക്കാൻ റേഷൻ വ്യാപാരികളെ മുന്നിൽ നിർത്തി നീക്കം ശക്തമാണ്.

റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചതിനു ശേഷവും കടയുടമകൾ നിസഹകരിച്ചാൽ അവരെ ആന്ധ്രമോഡലിൽ പൂട്ടും. രാജ്യത്ത് ആദ്യമായി റേഷൻകടകളിൽ ഇ -പോസ് മെഷീൻ സ്ഥാപിച്ചത് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ്. അതിനെതിരെ അവിടത്തെ വ്യാപാരികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതോടെ വഴങ്ങാത്ത കടയുടമകളുടെ ലൈസൻസ് റദ്ദാക്കുക. താത്പര്യമുള്ള വ്യക്തികൾക്കും സ്വാശ്രയ സംഘങ്ങൾക്കും കട അനുവദിക്കുക. എന്നീ തീരുമാനങ്ങൾ ആന്ധ്രാ സർക്കാർ അംഗീകരിച്ചു. അതോടെ ഇടഞ്ഞു നിന്ന വ്യാപാരികൾ വഴങ്ങി. ഇ-പോസ് പദ്ധതി വിജയിച്ചു. ഇത് കേരളത്തിലും നടത്താനാണ് പിണറായിയുടെ തീരുമാനം,

ഒരു കുടുംബത്തിലെ ഒരംഗം നേരിട്ടെത്തി റേഷൻ സാധനങ്ങൾ വാങ്ങുപ്പോൾ വിരലടയാളം ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തും. ഇത് അനർഹർ റേഷൻ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്നതിനും കടകൾ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകൾക്കും അവസാനമാകും. കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. മാർച്ച് 31ന് മുൻപ് സംസ്ഥാന വ്യാപകമായി ഇ -പോസ് നടപ്പാക്കും. ഇതോടെ റേഷൻ തട്ടിപ്പിനും അന്തമാകും. റേഷൻ സാധനങ്ങൾ ആവശ്യമില്ലാത്തവർ സർക്കാരിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംവിധാനം നടപ്പാക്കുന്നതോട് റേഷൻ സാധനങ്ങുടെ പേരിൽ നടക്കുന്ന ക്രമക്കേടുകളും തീരും.

ഇപോസ് യന്ത്രം ഓൺ ചെയ്ത് കടയുടമ ലോഗിൻ ചെയ്യുന്നു. അതിന് ശേഷം ഉപഭോക്താവിന്റെ ആധാർ/റേഷൻകാർഡ് നമ്പർ രേഖപ്പെടുത്തണം. അപ്പോൾ സ്‌ക്രീനിൽ എല്ലാ കുടുംബാംഗങ്ങളുടെ പേരുവിവരം തെളിയും. റേഷൻ വാങ്ങാനെത്തിയ അംഗം വിരൽ പതിപ്പിക്കണം. ഇതോടെ ലഭ്യമായ ഭക്ഷ്യധാന്യങ്ങളുടെ അളവ്, വില എന്നിവ സ്‌ക്രീനിൽ തെളിയും. അളവ് രേഖപ്പെടുത്തി സ്‌ക്രീനിൽ അമർത്തുമ്പോൾ ബിൽ പുറത്തേക്ക് വരികയും ചെയ്യും. ഇതോടെ ആരാണ് റേഷൻ വാങ്ങാൻ വന്നതെന്നും എന്തെല്ലാം വാങ്ങിയെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന് തൽസമയം അറിയാനാകും. ഇതിലൂടെ റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള കരിചന്തയും തീരും. നിലവിൽ റേഷൻ കാർഡ് ഉപയോഗിച്ചാണ് വിതരണം. അതുകൊണ്ട് തന്നെ റേഷൻ വാങ്ങാനെത്താത്ത കുടുംബങ്ങളുടെ പേരിലും കടയുടമകൾ സാധനങ്ങൾ വാങ്ങുന്നതായി രേഖയുണ്ടാക്കും. അതിന് ശേഷം അത് മറിച്ചു വിൽക്കും. അങ്ങനെ സർക്കാർ സബ്സിഡികൾ തട്ടിയെടുക്കുന്നു. ഇതിന് പരിഹാരമുണ്ടാക്കാനാണ് ഇ പോസ്.