തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ നിന്നും ലഭ്യമായവ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. ഇ-സഞ്ജീവനി കുറിപ്പടികൾക്കെല്ലാം തന്നെ 24 മണിക്കൂർ മാത്രമേ സാധുതയുള്ളൂ. അതിനാൽ അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണ്. തികച്ചും സൗജന്യമായ ഇ-സഞ്ജീവനി സേവനങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സേവനം ആരംഭിച്ച് കുറഞ്ഞ നാൾകൊണ്ടുതന്നെ ഇന്ത്യയിൽ മാതൃകാപരമായിരിക്കുകയാണ് ഇ-സഞ്ജീവനി. ഇതുവരെ 49,000 പേരാണ് സംസ്ഥാനത്തെ ഇ-സഞ്ജീവനി സേവനം ഉപയോഗിച്ചത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആളുകൾ പതിവ് ഒ.പി. ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ കൂടുതലായി ആശ്രയിക്കുകയാണ്. നാന്നൂറിലധികം പേരാണ് ദിവസം തോറും സേവനം തേടുന്നത്. ഏകദേശം 6.52 മിനിറ്റ് കൊണ്ടാണ് ഇ-സഞ്ജീവനിയിലൂടെ ഒരു കൺസൾട്ടേഷൻ പൂർത്തീകരിക്കുന്നത്. ഏകദേശം 5.11 മിനിറ്റാണ് വ്യക്തികൾക്കെടുക്കേണ്ടി വരുന്ന ശരാശരി കാലതാമസം. ആശുപത്രിയിലെ യാത്രയും സമയനഷ്ടവും ചെലവുകളുമെല്ലാം ഇതിലൂടെ ഒഴിവാക്കാനാകും.

എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 മണി വരെയാണ് ജനറൽ മെഡിസിൻ ഒ.പി.യുള്ളത്. ശിശു-നവജാതശിശു വിഭാഗം ഒ.പി. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ.പി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും സ്ഥിരമായി പ്രവർത്തിക്കുന്നു.

കൂടുതൽ ജനങ്ങൾ സേവനം തേടിയതോടെ പതിവായുള്ള ഈ ജനറൽ ഒ.പി. സേവനങ്ങൾക്കു പുറമേ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കി ഇ-സഞ്ജീവനി സേവനം വിപുലീകരിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ 30 സ്ഥാപനങ്ങൾ ഇ സഞ്ജീവനി വഴി സൗജന്യ സേവനങ്ങൾ നൽകാനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം, ഇംഹാൻസ് കോഴിക്കോട്, ആർസിസി തിരുവനന്തപുരം, കൊച്ചിൻ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ തലശ്ശേരി തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങൾ ഇ-സഞ്ജീവനി വഴി ലഭ്യമാണ്. കൂടാതെ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ള സർക്കാർ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടർമാർ നേതൃത്വം നൽകുന്ന ഒപികളും, കൗൺസിലിങ്ങ് സേവനങ്ങളും ഇ-സഞ്ജീവനി വഴി ആരംഭിച്ചിട്ടുണ്ട്. ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററും അതോടൊപ്പം ജില്ലകളിലെ അഡോളസന്റ് ക്ലിനിക്കിലെ കൗൺസിലർമാരും ചേർന്നാണ് കൗൺസിലിങ് സേവനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ജീവിതശൈലീ രോഗങ്ങളാലും ദീർഘനാളായുള്ള രോഗങ്ങളാലും ക്ലേശത അനുഭവിക്കുന്നവർക്ക് ഈ മഹാമാരി കാലത്ത് സഹായ ഹസ്തമായി മാറുകയാണ് ഇ-സഞ്ജീവനി. പതിവ് ചികിത്സകൾക്ക് മുടക്കം വരാതെ ഇത്തരം രോഗങ്ങളെ ശാസ്ത്രീയമായും അതോടൊപ്പം വിദഗ്ധമായും നേരിടാൻ ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കുന്നു. ഫീൽഡുതല ആരോഗ്യ പ്രവർത്തകർ വഴിയും വോളന്റിയർമാർ വഴിയും ഭവന സന്ദർശന വേളയിൽ ഇ-സഞ്ജീവനി സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം.
ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.

തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാവുന്നതാണ്. കൂടാതെ പരിശോധനകളും നടത്താവുന്നതാണ്. സംശയങ്ങൾക്ക് ദിശ 1056 എന്ന നമ്പരിൽ വിളിക്കേണ്ടതാണ്.