ന്യൂഡൽഹി: കെ റെയിൽ പദ്ധതിയുടെ ഡിപിആറിന് അംഗീകാരമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ബിജെപി സംഘവും ഡൽഹിയിലെത്ത് പദ്ധതി ഉയർത്തുന്ന പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമാക്കി. ഇ ശ്രീധരൻ അടക്കമുള്ളവർ ബിജെപി സംഘത്തിൽ ഉണ്ടായിരുന്നു എന്നതിനാൽ തന്നെ പദ്ധതിയെ കേന്ദ്രം കൈവിടാനാണ് സാധ്യത കൂടുതൽ.

അന്തിമ സ്ഥല സർവേ, പദ്ധതി രൂപരേഖ, അംഗീകാരം എന്നിവയില്ലാതെ സിൽവർലൈൻ വേഗ റെയിൽ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുകയും ചെയ്തു. പദ്ധതിക്കായി സംസ്ഥാന സർക്കാർ തയാറാക്കിയ വിശദ പദ്ധതിരേഖ (ഡിപിആർ) അപൂർണമാണെന്നും അശാസ്ത്രീയമായ പദ്ധതി കേരളത്തിനു ദോഷകരമാണെന്നും ചൂണ്ടിക്കാട്ടി ഇ.ശ്രീധരനും കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘവും തന്നെ സന്ദർശിച്ചതിനു പിന്നാലെയാണ് മന്ത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ഡിപിആറിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ സാധ്യമല്ലെന്നു വ്യക്തമാക്കുന്നതാണു മന്ത്രിയുടെ പരാമർശം. പദ്ധതിയിലെ ഗുരുതര സാങ്കേതിക പ്രശ്‌നങ്ങൾ ശ്രീധരൻ വിശദീകരിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തിനു യോജിച്ച രീതിയിലല്ല പാത രൂപകൽപന ചെയ്തിരിക്കുന്നതെന്നു ശ്രീധരൻ ചൂണ്ടിക്കാട്ടി. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കും. പാതയ്ക്കായി മൂവായിരത്തോളം ചെറുപാലങ്ങൾ നിർമ്മിക്കേണ്ടി വരും. അതിന്റെ വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. 5 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകില്ല, ചുരുങ്ങിയത് 10 15 വർഷം വേണ്ടിവരും. അതേസമയം, മേൽപാതയിലൂടെയുള്ള വേഗറെയിൽപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലവിലെ അലൈന്മെന്റിന്റെ പ്രായോഗികത സംബന്ധിച്ചു പോലും റെയിൽവേ സമ്മതം അറിയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കുന്നതാണു യുക്തമെന്നു കേന്ദ്ര റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയിൽ ഹർജിക്കാരുടെ ഭൂമിയിൽ സർവേയ്ക്കുള്ള നടപടികൾ ഏഴുവരെ തടഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിലാണു റെയിൽവേ ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഹർജികളിൽ വാദം പൂർത്തിയായി.

പദ്ധതി ചെലവായ 63,941 കോടി രൂപയുടെ സാമ്പത്തികബാധ്യത സംബന്ധിച്ചും റെയിൽവേ മന്ത്രാലയം ചോദ്യങ്ങൾ ഉയർത്തി. സംയുക്ത സംരംഭമായതിനാൽ 33,700 കോടി രൂപയുടെ കടബാധ്യത അന്തിമമായി റെയിൽവേക്കു വരുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

പദ്ധതിയുടെ സാങ്കേതികവിവരങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ കെ-റെയിൽ കമ്പനിയോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പദ്ധതിക്ക് ഇതുവരെ അനുമതിയായിട്ടില്ലെന്ന് നേരത്തേ വ്യക്തമായിട്ടുള്ളതാണെങ്കിലും പദ്ധതിരേഖ പൂർണമല്ലെന്ന് റെയിൽവേമന്ത്രി ഔദ്യോഗികമായി അറിയിച്ചത് രണ്ട് ദിവസം മുമ്പാണ്. അതേസമയം സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേന്ദ്രസർക്കാരിനു സമർപ്പിച്ച വിശദപദ്ധതിരേഖ (ഡി.പി.ആർ.) സമ്പൂർണമാെണന്ന് കെ-റെയിൽ അധികൃതർ വാദിക്കുന്നത്.

റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകാനാണ് റെയിൽവേയും കെ-റെയിലും സംയുക്ത പരിശോധന നടത്തുന്നത്. റെയിൽവേ പദ്ധതികൾക്ക് പാരിസ്ഥിതികാനുമതിയുടെ ആവശ്യമില്ലാത്തതിനാൽ പാരിസ്ഥിതിക പഠനറിപ്പോർട്ട് നൽകിയിട്ടില്ല. വിദേശവായ്പയ്ക്ക് അനുമതിചോദിച്ച് ഡിപാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന് അപേക്ഷനൽകിയിട്ടുണ്ട്. ഡി.പി.ആറിൽ മതിയായ സാങ്കേതികസാധ്യതാ വിശദാംശങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണ്.