- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ് സംവിധാനം; രജിസ്ട്രേഷൻ ഇടപാടുകൾക്ക് സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുക പൂർണമായും ഡിജിറ്റലാക്കും; ഇ-സ്റ്റാമ്പിംങ് മാർച്ചിൽ; ഭൂമി ഇടപാടുകളിൽ ഇനി ഡിജിറ്റൽ സുരക്ഷ
തിരുവനന്തപുരം : രജിസ്ട്രേഷൻ ഇടപാടുകൾക്ക് സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുക പൂർണമായി ഇ-സ്റ്റാമ്പിങ് വഴിയാക്കാൻ സർക്കാർ. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇതെന്ന് സർക്കാർ പറയുന്നു. ഇതിനൊപ്പം മുദ്രപ്പത്രത്തിന്റെ ദൗർലഭ്യം ഇനി പ്രശ്‌നമാകില്ല. വിവിധതരം രജിസ്ട്രേഷനുകൾ എളുപ്പമാകും. ആധാരങ്ങളുടെ പകർപ്പ്, ബാധ്യതാ സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടിഫിക്കറ്റ് തുടങ്ങി സാധാരണക്കാർക്ക് ആവശ്യമായി വരുന്ന രേഖകളെല്ലാം ഓൺലൈനായി ലഭിക്കുന്നത് ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതി ഒഴിവാക്കും. അങ്ങനെ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണ് കേരളം.
ഭൂമി കൈമാറ്റത്തിന്റെ ഔദ്യോഗിക രേഖയാണ് ആധാരം. രജിസ്ട്രാർ ഓഫീസിൽ രജിസ്ടർ ചെയ്താൽ മാത്രമേ ആധാരം സാധുവാകു. നിലവിൽ ഇത് സൂക്ഷിക്കുകയും മറ്റും വെല്ലുവിളികൾ നിറഞ്ഞതാണ്. കാലപ്പഴക്കം മൂലം നശിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ആധാരം ഡിജിറ്റലാക്കുന്നത്. ഇതോടെ സൂക്ഷിക്കാനുള്ള വെല്ലുവിളി ഇല്ലാതാകും. ഇതിനൊപ്പം തട്ടിപ്പുകളും തടയാനാകും.
എല്ലാ രജിസ്ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ-സ്റ്റാമ്പിങ് ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. മുദ്രപ്പത്രങ്ങൾ തുടർന്നും നിലവിലുണ്ടാകും. എന്നാൽ, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്‌ട്രേഷൻ ഇടപാടുകളും നടത്താം. മാർച്ചു മുതൽ ഇത് നിലവിൽവന്നേക്കും. നിലവിൽ, മുദ്രപ്പത്രവില ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കാണ് ഇ-സ്റ്റാമ്പിങ് നിർബന്ധമാക്കുന്നത്. ഇനി ചെറിയ ഇടപാടുകൾക്കുകൂടി ഈ സൗകര്യം ലഭിക്കും. വാടകച്ചീട്ടിനുപോലും ഇ-സ്റ്റാമ്പിങ് മതിയാകുമെന്നാണ് സൂചന.
ആധാരത്തിൽ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയാണ് ഇത്. മഷിയിൽ വിരൽ മുക്കി അടയാളം പതിക്കുന്ന പതിവ് രീതിയും ഒഴിവാകും. പകരം ഡിജിറ്റലായി വിരലടയാളം പതിക്കും. ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇനി ഉണ്ടാകും. വസ്തുവിൽപ്പനയിൽ വിൽക്കുന്നയാൾ നിർബന്ധമായും സബ് രജിസ്ട്രാറുടെ മുന്നിലെത്തണമെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ല. തട്ടിപ്പുകൾ കുറയ്ക്കാനാണ് ഇത്.
സ്ഥലം വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഫോട്ടോയും ഡിജിറ്റലായി ആധാരത്തിൽ പതിക്കും. പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കുന്നതാണ് നിലവിലെ രീതി. പുതിയ രീതിയോടെ ഫോട്ടോയും വിരലടയാളവും അവ്യക്തമാകുന്നത് ഒഴിവാക്കും. ഇങ്ങനെ ആധാരങ്ങൾ ഡിജിറ്റലാകും. മുൻ ആധാരങ്ങളുടെ പകർപ്പുകളും ഓൺലൈനിൽ ലഭ്യമാക്കും. ഇതിനുള്ള ഫീസും അപേക്ഷയും ഓൺലൈനായി അടച്ചാൽ ഓൺലൈനായിത്തന്നെ പകർപ്പും ലഭ്യമാക്കും.
ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ് സംവിധാനം ഏർപ്പെടുത്തുമ്പോൾ വ്യാജ മുദ്രപത്രങ്ങൾ പൂർണമായും തടയുവാൻ കഴിയും. ഇടപാടുകാർക്ക് ഓൺലൈനായി പണമടച്ച് മുദ്രപത്രം ഡൗൺലോഡ് ചെയ്യാം എന്നതാണ് ഇ-സ്റ്റാമ്പിംഗിന്റെ പ്രത്യേകത. ഇടനിലക്കാരില്ലാതെ നേരിട്ട് മുദ്രപത്രങ്ങൾ ലഭിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. രജിസ്ട്രേഷൻ വകുപ്പിലെ വിവിധ സേവനങ്ങൾക്ക് ഫീസ് ഒടുക്കുന്നതിന് ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തിയത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു.
പൊതുജനങ്ങൾക്ക് ആധാരം എഴുത്തുകാർ മുഖേനയല്ലാതെ ആധാരങ്ങൾ സ്വയം തയാറാക്കി രജിസ്റ്റർ ചെയ്യുന്നതിന് ഏർപ്പെടുത്തിയ സംവിധാനവും ശ്രദ്ധേയമാണ്. രജിസ്ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ മാതൃകാ ആധാരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഇവയിൽ ആവശ്യമായ മാതൃക ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ ചേർത്ത് ആധാരം സ്വയം തയാറാക്കി രജിസ്റ്റർ ചെയ്യാം. ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചൂഷണങ്ങൾക്ക് അറുതി വരുത്തിയെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ നേട്ടം.
ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും വെബ് സൈറ്റിൽ ലഭ്യമാണ്. ഭൂമി ഇടപാടുകൾക്ക് സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയ ഓൺലൈൻ പോക്കുവരവ് സംവിധാനവും വിജയമാണ്. പുതുതായി രജിസ്റ്റർ ചെയ്യുന്ന എല്ലാ ആധാരങ്ങളും രജിസ്ട്രേഷന് ശേഷം ഓൺലൈനായി വില്ലേജ് ഓഫീസുകളിലേക്ക് പോക്കുവരവിനായി നൽകുകയാണ് ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ