മലപ്പുറം: ഒടുവിൽ ആകാംക്ഷയ്ക്കു വിരാമമായി. ഭൂമി പിളരുന്ന അപൂർവ പ്രതിഭാസത്തിനു പിന്നിലെ കാരണം വിദഗ്ദ സംഘം കണ്ടെത്തി. കോട്ടക്കലിനടുത്ത പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞികുഴിങ്ങരയിൽ കണ്ടെത്തിയത് ഭൂമിയിലുണ്ടാകുന്ന കുഴലീകൃത മണ്ണൊലിപ്പ് (സോയിൽ പൈപ്പിങ്) എന്ന പ്രതിഭാസം. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ (എൻ.സി.ഇ.എസ്.എസ്) സീനിയർ സയന്റിസ്റ്റ് ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രാഥമിക പഠനത്തിലാണ് ഭൂമിക്കടിയിൽ കുഴലീകൃത മണ്ണൊലിപ്പെന്ന് സ്ഥിരീകരിച്ചത്.

വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതായിരിക്കാം ഈ മണ്ണൊലിപ്പെന്നും ഗൗരവമായ രീതിയിലുള്ളതാണെന്നും ജി ശങ്കർ പറഞ്ഞു. വിള്ളൽ പ്രത്യക്ഷപ്പെട്ട ഭാഗത്ത് നിന്നു. 485 ചതുരശ്ര മീറ്റർ വ്യാപ്തിയിൽ ഇതിന്റെ ആഘാതം സംഭവിച്ചിട്ടുണ്ടെന്ന്. പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ചെങ്കൽ മണ്ണിനും പാറക്കുമിടയിലുള്ള ചെളിമണ്ണ് ഭൂഗർഭജലത്തിനൊപ്പം ഒരു ഭാഗത്തേക്ക് ഒഴുകി നീങ്ങുന്നതോടെ കുഴൽ ആകൃതിയിൽ ഭൂമിക്കടിയിൽ വിള്ളൽ രൂപപ്പെടും ഈ പ്രതിഭാസത്തെയാണ് സോയിൽ പൈപ്പിങ് എന്ന് വിളിക്കുന്നത്.

അടിഭാഗത്തെ മണ്ണൊലിച്ചു പോകുന്നതോടെ കാലക്രമേണ ഈ വിടവിലേക്ക് മുകൾഭാഗത്തെ മണ്ണ് താഴ്ന്ന് പോകും. മനുഷ്യസഹജവും പ്രകൃതിയാലുമുള്ള കാരണങ്ങൾ കൊണ്ട് കുഴലീകൃത മണ്ണൊലിപ്പ് സംഭവിക്കാമെന്നാണ് വിദഗ്ദ പക്ഷം. ഇതിൽ ഏത് കാരണം കൊണ്ടാണെന്നത് അറിയണമെങ്കിൽ കൂടുതൽ പഠനങ്ങൾ വേണം.

70 മീറ്ററോളം ചുറ്റളവിലാണ് ഇവിടെ മണ്ണിടിഞ്ഞ് താഴുകയും ഗർത്തം രൂപപ്പെടുകയും ചെയ്തിട്ടുള്ളത്. വിള്ളൽ പ്രത്യക്ഷപ്പെട്ട ഭാഗത്ത് വിദഗ്ദസംഘം ഇക്ട്രിക്കൽ റിസിസ്റ്റിവിറ്റി ടെസ്റ്റ് നടത്തി. 500 വോൾട്ട് വൈദ്യുതി തരംഗം 64 ഇലക്ട്രോഡുകൾ വഴി സെക്കന്റിനെ ഒരംശത്തിന്റെ ഇടവേളകളിൽ കടത്തിവിട്ടാണ് വിള്ളലുണ്ടായ ഭാഗത്ത് പരിശോധന നടത്തിയത്.

ഈ പരിശോധനയിൽ 35 മീറ്റർ താഴ്ചയിൽ പാറയുണ്ടെന്നും ഇതിന് മുകളിലായി ചെങ്കൽ മണ്ണിന് താഴെയുള്ള ചെളിമണ്ണ് ഇളകി മാറിയതാണ് ഭൂമിയിൽ വിള്ളലുണ്ടാകുന്നതിനും താഴ്ന്ന് പോകുന്നതിനും കാരണമെന്നും കണ്ടെത്തി. മുകൾ ഭാഗത്ത് നിന്ന് പത്തടി താഴ്ചയിലേക്കാണ് തുരങ്കം രൂപപ്പെട്ടിട്ടുള്ളത്. ഭൂമിക്കടിയിലെ സോയിൽ പൈപ്പിങ് പ്രതിഭാസം മലപ്പുറം ജില്ലയിൽ വ്യാപിക്കുന്നതായാണ് ഭൗമ ശാസ്ത്ര കേന്ദ്രത്തിന്റെ വിലയിരുത്തൽ.