തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് പ്രത്യാശയുടെ ദിനമാണ് ഇന്ന്. യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് സമാപനം കുറിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ ഉയിർപ്പ് ശുശ്രൂഷകളും തിരുകർമ്മങ്ങളും നടന്നു. ദൈവപുത്രന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയെ അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങളുമായാണ് ക്രൈസ്തവ സമൂഹം പുണ്യദിനത്തെ ആക്ഷോഷമാക്കുന്നത്.

ഭിന്നതകൾ ഇല്ലാതാക്കാൻ സത്യാന്വേഷികളാകണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പ ഈസ്റ്റർ കുർബാനയർപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ശ്രുശ്രൂഷകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. ഫ്രാൻസിസ് മാർപ്പാപ്പയുടെ മുഖ്യകാർമികത്വത്തിലായിരുന്നു വത്തിക്കാനിെല ഈസ്റ്റർ കുർബാന. വിശ്വാസത്തിനുവേണ്ടി ജീവിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് മാർപ്പാപ്പയുടെ ഇസ്റ്റർ ദിന സന്ദേശം. സഭയിലേക്കെത്തുന്ന മുതിർന്നവർക്ക് ജ്ഞാനസ്‌നാനം നൽകുന്ന ഈസ്റ്റർ ദിന പതിവ് ഇത്തവണയും തുടർന്നു. കെനിയയിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കത്തോലിക്കരെ അനുസ്മരിച്ച് അവിടെ നിന്നുള്ള പത്തുപേരെ മാർപ്പാപ്പ ആശീർവദിച്ച് സഭയുടെ ഭാഗമാക്കി.

സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂർവമായ പ്രാർത്ഥനാശുശ്രൂഷകൾ നടന്നു. പീഡാനുഭവത്തിനും മരണത്തിനുശേഷം യേശുദേവൻ മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റതിന്റെ അനുസ്മരണദിനം പ്രാർത്ഥനകളോടെയാണ് ക്രൈസ്തവസമൂഹം എതിരേറ്റത്. കൊച്ചി മറൈൻഡ്രൈവിലെ സെന്റ് മേരീസ് ബസലിക്കയിൽ നടന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു.തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ കുർബാനയ്ക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം സൂസപാക്യം നേതൃത്വം നൽകി.

കോട്ടയം ചുങ്കത്തുള്ള ഓർത്തഡോക്‌സ് സഭ പഴയസെമിനാരിയിൽ നടന്ന ഉയിർപ്പുദിന പ്രാർത്ഥനകൾക്ക് ബെംഗളൂരു ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം മുഖ്യകാർമികത്വം വഹിച്ചു.നൂറുകണക്കിനു വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു. കൊച്ചി ഇളങ്കുളം പാത്രിയർക്കീസ് സുനറോ പള്ളിയിൽനടന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് മോർ ബർണബാസ് മെത്രാപ്പൊലീത്ത മുഖ്യകാർമികനായി. തിരുവനന്തപുരം മലങ്കര ബസിലിക്കയിൽ നടന്ന കുർബാനയ്ക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാത്തോലിക്ക ബാവ നേതൃത്വം നൽകി.

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ നടന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഉയിർപ്പ് ചടങ്ങുകൾക്ക് ശേഷം വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടന്നു എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ നേതൃത്വം നൽകി. പുത്തൻ തീ, പാസ്‌കൽ വെഞ്ചരിപ്പ്, ഉയിർപ്പ് ദിവ്യബലി എന്നിവ കത്തീഡ്രലിൽ നടന്നു. എളംകുളം സെന്റ് മേരീസ് സുനോറോ പാത്രിയാർക്കിസ് കത്തീഡ്രലിൽ വൈകീട്ട് ആറുമണിയോടെ സന്ധ്യാ നമസ്‌കാരത്തിന് ശേഷമായിരുന്നു ഉയിർപ്പു പ്രഖ്യാപനം നടന്നത്.

ഈസ്റ്റർ ശുശ്രൂഷകൾക്ക് യു.എ.ഇ. യിലെ വിവിധ ദേവാലയങ്ങളിൽ ആയിരങ്ങൾ പങ്കുകൊണ്ടു. സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, കുർബാന എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ദുബായ് സെന്റ് തോമസ് ഓർത്തോഡോക്‌സ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു. വി.ടി. തോമസ് കോർ എപ്പിസ്‌കോപ്പ, വികാരി ഫാ. ഷാജി മാത്യൂസ്, സഹവികാരി ഫാ. ലാനി ചാക്കോ, ഫാ. പി.ടി. ജോർജ് എന്നിവർ സഹകാർമികരായിരുന്നു.

വൈകിട്ട് 6.30ന് തുടങ്ങിയ സന്ധ്യാ നമസ്‌കാരത്തെ തുടർന്നാണ് ശുശ്രൂഷകൾ ആരംഭിച്ചത്. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്ന് മുഖ്യ കാർമികൻ പ്രഖ്യാപിച്ചപ്പോൾ സത്യമായും ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു എന്ന് വിശ്വാസികൾ പ്രതിവാക്യമായി ഏറ്റു ചൊല്ലി. തുടർന്ന് പ്രദക്ഷിണവും സ്ലീബാ ആരാധനയും, വിശുദ്ധ കുർബാനയും നടന്നു.