തിരുവനന്തപുരം: നിറപറ കറിപ്പൗഡറുകളിൽ മായം കണ്ടെത്തിയ സംഭവം വാർത്തകളിൽ നിറഞ്ഞപ്പോൾ മറുനാടൻ ഈസ്‌റ്റേൺ കറി പൗഡറിന്റെ കഥയും ഓർമ്മിപ്പിച്ചു. നിറപയെക്കാൾ ഗുരുതരമായ തെറ്റു ചെയ്‌തെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്നതായിരുന്നു ഈ റിപ്പോർട്ട്. ഇങ്ങനെ ഒരു വാർത്ത മൂന്ന് വർഷത്തിന് ശേഷം പ്രസിദ്ധീകരിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഈസ്‌റ്റേൺ കറി പൗഡർ ആരോപിക്കുന്നത്.

ഈസ്‌റ്റേൺ കറിപൗഡറിൽ കാണപ്പെട്ടത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സുഡാൻ ഡൈ ഉണ്ടെന്ന് വാർത്തയായിരുന്നു മറുനാടൻ ഓർമ്മപ്പെടുത്തിയത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കിയ പാക്കറ്റിലാണ് വിഷത്തിന്റെ അളവ് കണ്ടത്. എന്നാൽ, ഇതേ തുടർന്ന് അന്ന് ആ ഉൽപ്പന്നങ്ങൾ തങ്ങൾ കത്തിച്ചുകളഞ്ഞുവെന്നാണ് ഈസ്റ്റേൺ കറിപൗഡറുകാർക്ക് പറയുന്നത്. ഇതേക്കുറിച്ച് വിശദമായ വിശദീകരണവും അവർ ഈസ്റ്റേൺ ഗ്രൂപ്പ് നൽകി.

ഈ സംഭവത്തിന് ശേഷം തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ട നടപടികളെല്ലാം സ്വീകരിക്കുന്നുണ്ടെന്നാണ് ഈസ്റ്റേൺ കറിപ്പൗഡർ വ്യക്തമാക്കി. 12 വർഷത്തിലേറെയായി ഭക്ഷ്യോൽപ്പന്ന നിർമ്മാണ രംഗത്തുള്ള തങ്ങൾ സ്‌പൈസസ് ബോർഡിന്റെ പ്രശംസ നേടിയിട്ടുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. യൂറോപ്പിലു ഗൾഫ് നാടുകളിലും ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഉൽപ്പന്നങ്ങൾക്ക് ഇപ്പോഴും സ്വീകാര്യത ഉണ്ടെന്നിരിക്കെ പഴയ സംഭവം ഓർമ്മിപ്പിക്കുന്നത് അപകീർത്തിക്കരമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

സ്വന്തം ഉൽപ്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ മികച്ച ലബോറട്ടറി സംവിധാനങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും ഓട്ടോമേറ്റഡ് സംവിധാനങ്ങളോട് കൂടിയ ബയോമെറിക്‌സ് കമ്പനിയുടെ യന്ത്രങ്ങളാണ് ഗുണനിലവാര പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഉൽപ്പാദനത്തിന്റെ എല്ലാ ഘട്ടവും യന്ത്രവൽകൃതമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

വിവാദമായ വാർത്തയ്ക്ക് ഇടയായ ഈസ്റ്റേൺ മുളകുപൊടിയിൽ ചേർക്കുന്നത് കാശ്മീരി മുളകും ദുബ്ബെ ബെഗാഡി മുകളും ഉപയോഗിച്ചാണെന്നുമാണ് കമ്പവനിയുടെ വാദം. ഈ രണ്ട് ഇനം മുളകും ഉൽപ്പാദന സമയത്ത് ശേഖരിച്ച് ഏറ്റവും സുരക്ഷിതവും ശുചിത്വവുമുള്ളിടത്താണ് സൂക്ഷിക്കുന്നത്. അതിന് ശേഷം ഇത് പൊടിയാക്കി മാറ്റുമ്പോഴും പ്രത്യേകം പരിചരണം ലഭിക്കുന്നുണ്ട്. മികച്ച രീതിയിൽ വൃത്തിയാക്കിയ ശേഷം മാത്രമേ പൊടിക്കാനായി യന്ത്രത്തിലേക്ക് അയക്കുന്നുള്ളൂ. കേട് സംബവിച്ച മുളക് ഉപയോഗിക്കാറില്ലെന്നും ഈസ്‌റ്റേൺ വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് പ്രത്യേക ഗുണനിലവാര പരിശോധന നടത്താറുണ്ടെന്നുമാണ് ഇവരുടെ വാദം.

കറിപ്പൗഡറുകളിൽ കൃത്രിമ പ്രിസർവേറ്റീവുകളോ ആർട്ടിഫിഷ്യൽ കളറുകളോ ചേർക്കുന്നില്ലെന്നുമാണ് ഈസ്‌റ്റേൺ അധികൃതർ വിശദീകരിക്കുന്നത്. ഇത് കൂടാതെ പാക്കിങ് സമയത്തും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഗുണമേന്മ ഉയർന്ന വസ്തുക്കളാണ് പാക്ക് ചെയ്യാൻ വേണ്ടിയും ഉപയോഗിക്കുന്നത്. കറിപ്പൗഡറുകളുടെ കാര്യത്തിൽ ചേരുവകൾ കൃത്യമായ അളവിലും സൂക്ഷ്മതയോടെയുമാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതെന്നും ഈസ്‌റ്റേൺ വിശദീകരിക്കുന്നു.

കറിപ്പൗഡർ വിപണിയിൽ കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും തങ്ങളെ മോശക്കാരാക്കാൻ ശ്രമം നടക്കാറുണ്ടെന്നുമാണ് ഈസ്‌റ്റേൺ മുളകുപൊടിയിൽ സൊഡാൻ ഡൈ കണ്ടെത്തിയത് സംബന്ധിച്ച വാർത്തയോട് പ്രതികരിക്കാനുള്ളത്. എന്തെങ്കിലും തരത്തിൽ വീഴ്‌ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെയും ആ വീഴ്‌ച്ചകളെല്ലാം പരിഹരിച്ചാണ് ഇപ്പോൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണമെന്നും ഈസ്റ്റേൺ വ്യക്തമാക്കുന്നു.