കൊല്ലം: ഇബി ഇബ്രാഹിം എന്ന കൊല്ലം സ്വദേശിനി തട്ടിപ്പ് തുടങ്ങിയത് പത്താംക്ലാസിൽ പഠിത്തം നിർത്തിയപ്പോഴാണ്. പാവപ്പെട്ട കുടുംബത്തിലെ എംബിബിഎസ് വിദ്യാർത്ഥിനി ചമഞ്ഞ് തട്ടിപ്പ് തുടങ്ങി. ആദ്യം പിരിവ് പിന്നെ പറഞ്ഞു പറ്റിക്കൽ. അങ്ങനെ കോടികളുണ്ടാക്കിയ തട്ടിപ്പുകാരിയായി ഇബി ഇബ്രാഹിം മാറി. തിരുവനന്തപുരം സ്വദേശിയിൽ നിന്നും 1.25 കോടി രൂപ തട്ടിച്ച ഇബിയെ പടികൂടിയത് വലിയ ചർച്ചയായിരുന്നു. ജയിലിലായ ഇബിക്ക് അവിടെ പുതിയ കൂട്ടാളികളെ കിട്ടി. വീണ്ടും തട്ടിപ്പ്. അങ്ങനെ പൊലീസ് വീണ്ടും പൊക്കി. കൊട്ടിയം തഴുത്തല ഇബി മൻസിലിൽ ഇബി ഇബ്രാഹിം എന്ന നിയ(32)യുടെ കള്ളക്കളി വീണ്ടും ചർച്ചയാവുകയാണ്.

ഡോക്ടർ, കാമുകി, ഭാര്യ തുടങ്ങി പലപല വേഷങ്ങളിൽ ആളുകളെ വലയിൽ വീഴ്‌ത്തി പണം തട്ടുകയാണ് ഇബിയുടെ രീതി. കൂട്ടാളികളായ കിളിമാനൂർ പാപ്പാല പുത്തൻവീട്ടിൽ വിദ്യ(25), ഇടവ വെൺകുളം ജി.ജി.എൻ മന്ദിരത്തിൽ വിജയകുമാർ(58)എന്നിവരാണ് ഇത്തവണ ഇബിക്കൊപ്പം പിടിയിലായത്. ഇബിക്ക് തിരുവനന്തപുരം, കായംകുളം, കൊല്ലം, കോട്ടയം, ചാത്തന്നൂർ, വഞ്ചിയൂർ സ്റ്റേഷനുകളിൽ തട്ടിപ്പു കേസുകൾ നിലവിലുണ്ട്. വിദ്യ പേട്ട സ്റ്റേഷനിലെ മോഷണക്കേസിൽ പ്രതിയാണ്. ജയിലിൽവച്ചാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്. പിന്നെ ഒരുമിച്ചായി തട്ടിപ്പ്. ആഡംബരജീവിതം നയിച്ച നിയയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി പാസ് ബുക്കുകൾ, ലാപ്ടോപ്പ്, പെൻ്രൈഡവുകൾ എന്നിവ കണ്ടെടുത്തു.

പാരിപ്പള്ളി മടത്തറ റോഡിലെ വ്യാപാരസ്ഥാപന ഉടമയായ അബ്ദുൾകബീറിന്റെ പരാതിയിലാണ് ഇവർ പിടിയിലായത്. നിയ ഡോക്ടർ ചമഞ്ഞ് അബ്ദുൾകബീറിനെ സമീപിച്ച് ബ്യൂട്ടിലേസർ ട്രീറ്റ്മെന്റ് സ്ഥാപനം നടത്തുന്നതിനായി കെട്ടിടം ആവശ്യപ്പെടുകയും ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ലേസർ മെഷീൻ സ്ഥാപിക്കാനായി പരാതിക്കാരനിൽനിന്ന് എട്ടു ലക്ഷം രൂപയും നഴ്സെന്നു പരിചയപ്പെടുത്തിയ വിദ്യവഴി ഒരു ലക്ഷം രൂപയും കൈപ്പറ്റി. പണം ആവശ്യപ്പെട്ടാൽ മൂവരുമൊത്തുള്ള ഫോട്ടോകൾ സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നു യുവതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് അബ്ദുൾ കബീർ സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിലാണു പ്രതികൾ പിടിയിലായത്. പരാതിക്കാരന്റെ സുഹൃത്തും മൂന്നാം പ്രതിയുമായ വിജയനായിരുന്നു മുഖ്യ ആസൂത്രകൻ.

കിളിമാനൂർ സ്വദേശിയായ വിദ്യ ആദ്യവിവാഹം മറച്ചുവച്ച് മാവേലിക്കര സ്വദേശിയുമൊത്തു ജീവിക്കുന്നതിനിടെയാണു പിടിയിലാകുന്നത്. തന്റെ സൗന്ദര്യം കാണിച്ചു ആൾക്കാരെ വലയിലാക്കുന്നതാണ് ഇബിയുടെ രീതി. കള്ളത്തരങ്ങൾ പറഞ്ഞ് ആളുകളെ വലയിൽ വീഴ്‌ത്തി പണം കൈക്കലാക്കും. സന്ദർഭത്തിനനുസരിച്ച് വേഷങ്ങൾ മാറും. പത്താംക്ലാസിൽ പഠിത്തം നിർത്തിയപ്പോൾ തന്നെ ഇബി തട്ടിപ്പിനിറങ്ങി. തട്ടമിട്ട് മെഡിക്കൽ കോളജ് വിദ്യാർത്ഥിനി ചമഞ്ഞു നിരവധി പേരിൽ നിന്നു പണം പിരിച്ചു. എം.ബി.ബി.എസുകാരിയെന്നു പറഞ്ഞ് കെ.എസ്.യു.നേതാവിനെയും വലയിൽ വീഴ്‌ത്തി. ഇബിക്ക് നേരത്തേ മോഷണക്കേസിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയുമായി യാതൊരു ബന്ധവോ പരിചയമോ ഇല്ല. എന്നാൽ പുതിയതായി തുടങ്ങാൻ പോകുന്ന ആശുപത്രിയിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് കൊല്ലം കൊട്ടിയം സ്വദേശി ഇബി ഇബ്രാഹിം പലരിൽ നിന്നും പണം തട്ടിയിരുന്നു. ഈ കേസിലായിരുന്നു നേരത്തെ അറസ്റ്റ്.

പത്താം കൽസിൽ പഠനം മതിയാക്കി. പിന്നീട് ചെറിയ ചെറിയ തട്ടിപ്പുകൾ. ബന്ധുക്കളെയും അയൽവാസികളെയും പലപ്പോഴായി കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു. പരാതികൾക്കിടയാകാത്ത വിധത്തിൽ സംഭവങ്ങൾ ഒത്തുതീർപ്പാക്കി. പിന്നീട് മെഡിക്കൽ വിദ്യാർത്ഥിനിയായി അഭിനയിച്ച് തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. തലയിൽ തട്ടമിട്ട്, ബുർഖ ധരിച്ച് പല പേരുകളിലായിരുന്നു രംഗപ്രവേശം.മെഡിക്കൽ വിദ്യാർത്ഥിനിയായി വേഷമിട്ട് പഠന സഹായത്തിനും പരീക്ഷാഫീസിന്റെ പേരിലും പലരെയും കബളിപ്പിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥിനിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇബി ഇബ്രാഹിം, ഇനിയ, നിയ തുടങ്ങിയ പേരുകൾ മാറ്റിമാറ്റി പറഞ്ഞു. സ്വന്തം സമുദായത്തിലെ പലരും സാധുകുടുംബത്തിൽ നിന്നുള്ള കുട്ടിയെന്ന നിലയിൽ എം.ബി.ബി.എസ് സെലക്ഷൻ നേടിയതിനുള്ള അംഗീകാരമായി കൈയയച്ച് സംഭാവനകൾ ചെയ്തു.

2012ൽ കൊല്ലത്തെ ഒരു കെഎസ്‌യു നേതാവുമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇവരെ വിവാഹ വാഗ്ദാനം നല്കിയെങ്കിലും പിന്നീട് പിന്മാറാൻ ശ്രമിച്ചതിനെതുടർന്ന് ഇബിയുടെ അച്ഛൻ ചില പരാതികൾ നൽകിയതും വാർത്തയായി. കൊല്ലം കരുനാഗപ്പള്ളിയിലെ കെഎസയു നേതാവായ ഫൈസൽ കുളപ്പാടയ്ക്കെതിരെയാണ് അന്ന് പരാതി നൽകിയത്. യുവതിളോട് താൻ എംബിബിഎസ് പാസ്സായിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറാനായി തുക കെട്ടിവയ്ക്കണമെന്നും പറയും. ജോലിക്ക് കയറിയാൽ തിരിച്ചു നൽകാമെന്ന് പറഞ്ഞ് ഇവരുടെ കയ്യിൽ നിന്ന് പണം വാങ്ങി മുങ്ങുന്നതായിരുന്നു ഇബിയുടെ രീതി. ഇത്തരത്തിൽ പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. നഗരത്തിലെ ഒരു പ്രശസ്ത ക്ഷേത്രത്തിന്റെ പൂജാരിയിൽ നിന്ന് ഒരു ലക്ഷം രൂപയും 13 പവനും യുവതി തട്ടിയെടുത്തതിനും നേരത്തെ കേസുണ്ടായിരുന്നു.

പൂജാരി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് യുവതിയെ അന്വേഷിച്ച് പിടികൂടുകയായിരുന്നു. കൊല്ലം മാടൻനടയിലുള്ള വീട്ടിൽ യുവതിയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തി യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ യുവതി മതിൽചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൂജാരിയെ മൂന്നര വർഷം സമർത്ഥമായി കബളിപ്പിച്ചു. പ്രശ്നവിധികളും ജ്യോതിഷ പ്രവചനവും നടത്തിയിരുന്ന പൂജാരിയെ കള്ളം പറഞ്ഞ് തന്നെയാണ് പറ്റിച്ചത്. മെഡിക്കൽ വിദ്യാർത്ഥിനിയെന്നാണ് പൂജാരിയോട് പറഞ്ഞത്. സാധുകുടുംബത്തിൽ അംഗമായ തനിക്ക് പരീക്ഷാഫീസ് കെട്ടിവയ്ക്കാൻ പണമില്ലെന്ന് പറഞ്ഞാണ് ഇബി ആദ്യം പണം തട്ടിയത്. അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള ഫീസെന്ന പേരിൽ പൂജാരിയിൽ നിന്ന് അരലക്ഷത്തോളം രൂപ തട്ടിയെടുത്തു.

കായംകുളത്തെ ഒരു പ്രമുഖ ജുവലറിയിൽ നിന്ന് 1000 ഗ്രാമം സ്വർണം കവർന്ന കേസിലും പ്രതിയായി. ജാമ്യമെടുക്കാനെത്തിയ കൊല്ലം സ്വദേശിയായ ഒരു അഭിഭാഷകനും വഞ്ചിക്കപ്പെട്ടു. പൂജാരിയെ കബളിപ്പിച്ച കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച അഭിഭാഷകൻ അതിൽ നിന്ന് പണം തട്ടിയെടുക്കുമെന്ന് സംശയിച്ച ഇബി അയാളെയും പീഡനക്കേസിൽ കുരുക്കി. അഭിഭാഷകൻ, തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നേതാവിന്റെ വീട്ടിലും അതിക്രമിച്ചെത്തിയതും ഈ സമയത്തായിരുന്നു. വിവാഹം ചെയ്തില്ലെങ്കിൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. നേതാവ് വഴങ്ങിയില്ല. അയാളോടും പ്രതികാരം തീർത്തത് പീഡനമാരോപിച്ച്. കോട്ടയം ഏറ്റുമാനൂരിൽ പേയിങ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്നും ആഭരണങ്ങൾ കവർച്ച ചെയ്തു. കൊല്ലത്ത് നിരവധി തട്ടിപ്പുകൾക്കുശേഷം തിരുവനന്തപുരത്തേക്ക് താവളം മാറ്റി. ഇബി പൂന്തുറയിലുള്ള ഒരു യുവതിയുടെ എ.ടി.എം കാർഡ് അപഹരിച്ച് പണം കവർന്നു. ഒരു മൊബൈൽ കമ്പനിയുടെ ഓഫീസിൽ വച്ച് യാദൃച്ഛികമായി പരിചയപ്പെട്ട യുവ ബിസിനസുകാരനെയാണ് ഡോക്ടറാണെന്ന വ്യാജേന ആശുപത്രി പ്രോജക്ടിൽ കുടുക്കി ഒന്നേകാൽ കോടി രൂപ തട്ടിയത്.

അരക്കോടിയോളം രൂപ ബാങ്ക് വഴിയും ബാക്കിപ്പണം മാതാവ് സജി ഇബ്രാഹിമിനും സഹോദരങ്ങൾക്കും ഭർത്താവ് മോനിഷിനുമൊപ്പമാണ് കൈക്കലാക്കിയത്. ബിസിനസുകാരനായ യുവാവിന് തെല്ലും സംശയമില്ലാത്ത വിധത്തിലായിരുന്നു ഇബിയുടെ പെരുമാറ്റം. തലസ്ഥാനത്ത് ആശുപത്രി തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലമെന്ന പേരിൽ നഗരമദ്ധ്യത്തിലുള്ള ആളൊഴിഞ്ഞ സ്ഥലം കാട്ടിയ ഇബി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നും പറഞ്ഞു. ഈ പണത്തിന് കൊല്ലം ജില്ലയിലെ തഴുത്തലയിൽ പതിനാറര സെന്റ് സ്ഥലം വാങ്ങി 2000 സ്‌ക്വയർഫീറ്റോളം വരുന്ന ആഡംബര വീട് പണിത ഇബി തട്ടിപ്പ് പുറത്തായതോടെ ഒളിവിൽ പോയി. മൊബൈൽ ഫോൺ പിന്തുടർന്ന പൊലീസ് നെയ്യാറ്റിൻകരിയിൽ നിന്ന് ഇബിയെ കുടുക്കി. ജയിൽ വാസത്തിനിടെ കൂടുതൽ പേരെ ഒപ്പം കൂട്ടി. അങ്ങനെ പുതിയ തട്ടിപ്പും.