ന്യുഡൽഹി: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ ഒൻപതിന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി ഡൽഹിയിലാണ് പ്രഖ്യാപനം നടത്തിയത്. ഹിമാചൽപ്രദേശിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


ഡിസംബർ 18ന് വോട്ടെണ്ണൽ നടക്കും. 68 അംഗ ഹിമാചൽ നിയമസഭയുടെ കാലാവധി ജനുവരി 7ന് അവസാനിക്കും. അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷൻ പ്രഖ്യാപിച്ചില്ല.

ഹിമാചൽ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 18ന് മുമ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. എന്നാൽ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ പൂർണമായി വിവി പാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിലയിരുത്തലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ നിലവിൽ കോൺഗ്രസ് ആണ് ഭരണകക്ഷി. വീർഭദ്ര സിങ് ആണ് മുഖ്യമന്ത്രി. പ്രധാന പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും തമ്മിലാണ് ഇത്തവണയും പോരാട്ടം നടക്കുക.