സ്റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ പുരസ്‌കാരം ഷോൺ ടീറോളിന്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഷോൺ ടീറോൾ. ശക്തരായ വളരെ കുറച്ച് കമ്പനികളെ ഉപയോഗിച്ച് വിപണിയെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചുള്ള പഠനമാണ് ടീറോളിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ഇത് സംബന്ധിച്ച ഗവേഷണം 1980ലാണ് ടിറോൾ ആരംഭിച്ചത്. ടെലികമ്മ്യൂണിക്കേഷൻ മുതൽ ബാങ്കിങ് വരെയുള്ള മേഖലകൾക്കായി പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുകയും അതിൽ ഈ നയങ്ങൾ പ്രയോഗിക്കുകയും ചെയ്തതായി നൊബേൽ പുരസ്‌കാരസമിതി വിലയിരുത്തി. ഫ്രാൻസിലെ ടുളോസ് സർവകലാശാലയുടെ ഡയറക്ടറാണ് ഷോൺ. 

ആധുനികകാലത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ ഒരാളാണ് ഷോൺ ടീറോളെന്ന് റോയൽ സ്വീഡിഷ് അക്കാദമി അഭിപ്രായപ്പെട്ടു. ദി തിയറി ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ, ഗെയിം തിയറി തുടങ്ങി 10 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സാമ്പത്തിക, ധനകാര്യ മേഖലകളിലായി 200 ഓളം പ്രഫഷണൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.