ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പിലാക്കിയതോടെ രാജ്യത്തിന്റെ ആഭ്യന്തര വളർച്ച കൂപ്പുകുത്തിയിരുന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിൽനിന്ന് രക്ഷിക്കാൻ അൻപതിനായിരം കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്നത്. ധനമന്ത്രാലയത്തിലെ രണ്ട് ഉന്നതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ മൊത്ത അഭ്യന്തരഉത്പാദന വളർച്ച (ജി.ഡി.പി.) 5.7 ശതമാനമായി കുറഞ്ഞിരുന്നു. മൂന്നുവർഷത്തിനിടെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്. ഈ സാഹചര്യത്തിലാണ് ഉത്തേജന നടപടികളുമായി സർക്കാർ മുന്നോട്ടുവരുന്നത്.

ഉത്തേജന പരിപാടികൾ നടപ്പാക്കുമ്പോൾ ധനക്കമ്മി നേരത്തേ ലക്ഷ്യമിട്ടതിലും കൂടും. മൊത്ത ആഭ്യന്തര വളർച്ചയുടെ(ജി.ഡി.പി.) 3.2 ശതമാനമായി ധനക്കമ്മി പിടിച്ചുനിർത്താനാണ് സർക്കാർ ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. ഇത് ജി.ഡി.പി.യുടെ 3.7 ശതമാനമായി ഉയരും.

നോട്ടുനിരോധനത്തിനും ചരക്ക് -സേവന നികുതി നടപ്പാക്കിയതുംശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ തളർച്ച താത്കാലികമാണെന്നാണ് ധനമന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഉന്നതൻ അഭിപ്രായപ്പെട്ടത്.

ബാങ്കുകളിലേക്ക് കൂടുതൽ മൂലധനമെത്തിക്കുക, ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗ്രാമീണ മേഖലയിലെ ഭവനനിർമ്മാണം എന്നിവയ്ക്കായിരിക്കും ഉത്തേജനപാക്കേജിൽ ഊന്നെലെന്നറിയുന്നു.

തക്കസമയത്ത് ഉചിത നടപടി -മന്ത്രി ജെയ്റ്റ്ലി

ന്യൂഡൽഹി: മാന്ദ്യം മറികടക്കാൻ ഉചിതമായ നടപടികൾ ശരിയായ സമയത്തുതന്നെ കൈക്കൊള്ളുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. പ്രശ്നങ്ങളിൽ അപ്പപ്പോൾ ഇടപെട്ട് പരിഹാരം കാണുന്ന സർക്കാറാണ് ഇത്. സാമ്പത്തിക സൂചികകൾ സർക്കാർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉചിതമായ നടപടികൾ തക്കസമയത്ത് കൈക്കൊള്ളും.

സ്വകാര്യമേഖലയിൽനിന്ന് ഉദ്ദേശിച്ചപോലെ നിക്ഷേപം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ചില നടപടികൾ പ്രതീക്ഷിക്കാം.

കൂടുതൽ ഉത്പന്നങ്ങൾ ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖല ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്നാണ് ഒരാവശ്യം. താരതമ്യേന എളുപ്പം ചെയ്യാവുന്ന കാര്യമാണ് അത്- ജെയ്റ്റ്ലി പറഞ്ഞു.