വാഷിങ്ടൺ: ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം താൽക്കാലികം മാത്രമാണെന്ന് ലോക ബാങ്ക്.ജിഎസ്ടി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ചില തടസ്സങ്ങൾ മാത്രമാണുള്ളതെന്നും, വരും മാസങ്ങളിൽ അത് തിരുത്തപ്പെടുമെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞു.ചരക്ക് സേവന നികുതിക്ക് വളരെ ഗുണകരമായ മാറ്റം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കാൻ കഴിയും.

സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇത്തരമൊരു മന്ദത സ്വാഭാവികമാണ്. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള നടപടികൾ മൂലം ഉണ്ടാവുന്നതാണിത്. ഈ സ്ഥിതി മാറുകയും ജിഎസ്ടി ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുകയും ചെയ്യും അദ്ദേഹം പറഞ്ഞു.

വരുന്ന മാസങ്ങളിൽ സാമ്പത്തിക രംഗത്ത് വളർച്ച ദൃശ്യമാകും. ഈ വർഷംതന്നെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച സ്ഥിരത കൈവരിക്കും. ഇന്ത്യയിലെ സാമ്പത്തിക മേഖലയെ അഭിവയോധികിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങൾ തങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുവരികയാണെന്നും ആ ശ്രമങ്ങൾക്ക് ഉടൻതന്നെ പ്രയോജനങ്ങൾ കണ്ടുതുടങ്ങുമെന്നും ജിം യോങ് കിം അഭിപ്രായപ്പെട്ടു.ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാർഷിക യോഗത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിന്നു ജിം യോങ് കിം.