ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പാദത്തിലെ വളർച്ചാ നിരക്ക് താഴുന്നത് അത്ര വലിയ പ്രശ്‌നമല്ല. വസ്തുതകൾ വച്ചല്ല, വൈകാരികമായാണ് വിമർശനങ്ങൾ. എൻ ഡിഎ സർ്ക്കാരിന്റെ മൂന്നു വർഷവും വളർച്ചാ നിരക്ക് 7.7 ശതമാനമായിരുന്നു. വളർച്ച വീണ്ടും തിരികെ പിടിക്കുന്നതിന് സർക്കാരിന് കഴിയും. അടുത്ത പാദത്തിൽ 7.7 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ആർബിഐ കണക്കാക്കിയിരിക്കുന്നതെന്നും മോദി പറഞ്ഞു.

നോട്ടു നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങളാണ്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ രജതജൂബിലി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആറു കൊല്ലത്തിനിടെ എട്ടു തവണ വളർച്ചാ നിരക്ക് 5.7ൽ നിന്ന് താഴോട്ടുപോയി. അന്ന് തന്നെക്കാൾ വലിയ സാമ്പത്തിക വിദഗ്ദ്ധർ ഉണ്ടായിരുന്നിട്ടും എന്തുപറ്റി. താൻ സാമ്പത്തിക വിദഗ്ധനല്ല, അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല മോദി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എട്ടു തവണ ജിഡിപി 5.7 ശതമാനത്തിനു താഴെയായിരുന്നുവെന്ന് മോദി പറഞ്ഞു.

വളർച്ചാ നിരക്ക് താഴേക്കു പോകാതിരിക്കാനും നിക്ഷേപവും സാമ്പത്തിക വളർച്ചയും വർധിപ്പിക്കാനും എല്ലാ നടപടികളുമെടുക്കും. 2022ൽ ഒരൊറ്റ കടലാസുകമ്പനി പോലും ഇന്ത്യയിൽ ഉണ്ടാകില്ല. രാജ്യത്തിന്റെ സാമ്പത്തികനില ശക്തമായി തുടർന്നു പോകേണ്ടത് ആവശ്യമാണ്. മൂന്നു വർഷം കൊണ്ട് 7.5 ശതമാനത്തിന്റെ വളർച്ച നേടിയതിനുശേഷം ഏപ്രിൽ ജൂൺ പാദത്തിൽ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നത് അംഗീകരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

വ്യാപാരികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്താണെന്ന് മനസ്സിലാക്കാൻ ജിഎസ്ടി കൗൺസിലിനു നിർദ്ദേശം നൽകിയിട്ടുണ്ട്. അവരുടെ ശുപാർശകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ തയാറാണ്. നോട്ട് അസാധുവാക്കലിനുശേഷം ജിഡിപി നിരക്ക് ഒൻപതു ശതമാനമായി കുറഞ്ഞു. നമ്മുടെ അടിസ്ഥാനങ്ങളും സാമ്പത്തികനിലയും ശക്തമാണ്. വാഹനക്കച്ചവടം, വ്യോമഗതാഗതം, ടെലിഫോൺ ഉപഭോക്താക്കൾ ഇവയിൽ വർധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ വികസനത്തിലേക്കു നയിക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും മോദി പറഞ്ഞു.

മൂന്നു വർഷത്തിനുള്ളിൽ 1.2 ലക്ഷം റോഡുകളാണ് എൻഡിഎ സർക്കാർ നിർമ്മിച്ചത്. പദ്ധതി മരവിപ്പിൽനിന്ന് പദ്ധതി നടത്തിപ്പിലേക്കാണ് കേന്ദ്രം മാറിയത്. സാമ്പത്തികാവസ്ഥ വളർത്തുന്ന എന്തു തീരുമാനങ്ങളും നടപ്പിലാക്കാൻ കേന്ദ്രം തയാറാണ്. സാധാരണക്കാർ കഷ്ടപ്പെട്ടുണ്ടാക്കിയ പണത്തിന്റെ മൂല്യത്തെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്. പാവങ്ങളെയും മധ്യവർഗത്തെയും കണക്കിലെടുത്തായിരിക്കും പദ്ധതികളും നയങ്ങളും രൂപീകരിക്കുക. നിലവിലെ പ്രശ്‌നങ്ങൾ മൂലം രാജ്യത്തിന്റെ ഭാവി തകരാറിലാക്കാൻ താൻ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. അശുഭകരമായവ മാത്രം പറയുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു