ന്യൂഡൽഹി: ലോട്ടറി തട്ടിപ്പിൽ കുപ്രസിദ്ധ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടി ഇഡി. കൊൽക്കത്ത പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർട്ടിന്റെ ഫ്യൂചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് നടപടി.

സിക്കിമിലും നാഗാലാൻഡിലും പ്രശസ്തമായ ഡിയർ ലോട്ടറിയുടെ പേരിൽ സാന്റിയാഗോ മാർട്ടിന്റെകമ്പനി നടത്തിയ തട്ടിപ്പുകളുടെ പേരിലാണ് ഇഡി നടപടി എടുത്തത്. വിറ്റു പോകാത്ത ടിക്കറ്റുകൾക്ക് സമ്മാനമടിച്ചതായി തെറ്റിദ്ധരിപ്പിച്ചും മറ്റും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ പ്രധാന ആരോപണം. ജി.എസ്.ടി നിലവിൽ വരുന്നതിനും മുൻപ് 2014- 2017 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്.

നേരത്തെ ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ടാണ് 19.59 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കണ്ടുകെട്ടിയ സ്വത്തുക്കൾ തമിഴ്‌നാട്ടിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളുമുണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ലോട്ടറി റെഗുലേഷൻ ആക്ടിന്റെ ചട്ടങ്ങൾ ലംഘിക്കൽ എന്നിവയിൽ സാന്റിയാഗോ മാർട്ടിനെതിരെ സിബിഐയും, ആന്റി കറപ്ഷൻ ബ്യൂറോയും കുറ്റപത്രം ഫയൽ ചെയ്തിരുന്നു.

ലോട്ടറി റെഗുലേഷൻ ആക്ട് 1998ലെ ചട്ടങ്ങൾ ലംഘിക്കാൻ ഗൂഢാലോചന നടത്തുകയും, സിക്കിം സർക്കാരിനെ കബളിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് സാന്റിയാഗോ മാർട്ടിൻ കരാർ ഉണ്ടാക്കിയതിലൂടെ 4500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു.

കരാർ ഉണ്ടാക്കിയതിലൂടെ 910 കോടി രൂപയുടെ ലാഭം ഇതിലൂടെ സാന്റിയാഗോ മാർട്ടിനും സംഘത്തിനുമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. അനധികൃതമായി സമ്പാദിച്ച തുക സാന്റിയാഗോ മാർട്ടിനും അദ്ദേഹത്തിന്റെ കമ്പനികളും മറ്റുള്ളവരും ലോട്ടറി ബിസിനസിൽ നിന്ന് സമ്പാദിച്ച തുക 40 കമ്പനികൾ വക വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.