- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിയാത്ത കെടിടത്തിന് വായ്പ്പ നേടിയത് 41.18 കോടി രൂപ; വ്യാജ രേഖ ഉണ്ടാക്കിയത് അയ്മനം പഞ്ചായത്ത് അധികൃതർ; 2014 മുതൽ 2016 വരെ നടന്ന വൻ തട്ടിപ്പുകളിൽ ഇ ഡി അന്വേഷണം; വായ്പത്തുക എന്തിന് ഉപയോഗിച്ചു എന്ന് പോലും വ്യക്തതയില്ല; കേരളത്തെ നടുക്കുന്ന തട്ടിപ്പിന്റെ കഥ
കോട്ടയം: തട്ടിപ്പുകൾ പലവിധത്തിൽ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, പണിയാത്ത കെട്ടിടത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി കോടികൾ തട്ടിയെടുത്ത സംഭവം സംസ്ഥാനത്തെ നടുക്കുന്നതാണ്. വായ്പയെടുത്ത 41.18 കോടി രൂപ, ഇല്ലാത്ത കെട്ടിടം പണിയാൻ ഉപയോഗിച്ചെന്ന് വ്യാജരേഖ അടക്കം ഉണ്ടാക്കിയതാണ് നടുക്കുന്നത്. ഇത് സ്ഥാപിക്കാൻ ഇല്ലാത്ത കെട്ടിടത്തിന് അയ്മനം പഞ്ചായത്ത് വ്യാജരേഖയുണ്ടാക്കി നൽകി.
പഞ്ചായത്ത് കേന്ദ്രീകരിച്ച് 2014 മുതൽ 2016 വരെ നടന്ന വൻ തട്ടിപ്പുകളാണ് ഇ.ഡി. അന്വേഷണത്തിൽ പരിശോധിക്കുന്നത്. വായ്പത്തുക എന്തിന് ഉപയോഗിച്ചു എന്നതിൽ അന്വേഷണം തുടരുകയാണ്. അയ്മനം പഞ്ചായത്തിലെ സ്വകാര്യ ആശുപത്രിയുടെ കെട്ടിട നമ്പർ എട്ടാം വാർഡിൽ 595 മുതൽ 602 വരെയാണ്.
2012-ൽ കിട്ടിയ നമ്പരാണിത്. ജൂബി ദേവസ്യ എന്ന വ്യക്തിയുടേതാണിത്. ഇതേ കെട്ടിടവും ഭൂമിയും മറ്റൊരു സ്വകാര്യ ആശുപത്രി ഗ്രൂപ്പുമായി പങ്കുവെച്ചപ്പോഴാണ് ക്രമക്കേടുകളുടെ തുടക്കം. ജൂബി അറിയാതെ മറ്റു പങ്കാളികൾ കോട്ടയത്തെ ഒരുബാങ്കിൽനിന്ന് 41.18 കോടി വായ്പ എടുക്കുകയായിരുന്നു. ഇത് ജൂബി അറിഞ്ഞതോടെയാണ് നിയമനടപടി തുടങ്ങിയത്.
പണം അതിനകം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചത് അറിയാതിരിക്കാൻ പുതിയൊരു ആശുപത്രി കെട്ടിടം പണിതുവെന്ന് പങ്കാളികൾ വരുത്തിത്തീർത്തു. ഇതിന് അയ്മനം പഞ്ചായത്തിൽ എട്ടാം വാർഡിൽ 486 എ മുതൽ എച്ച് വരെയുള്ള നമ്പരിൽ പുതിയ കെട്ടിടം ഉണ്ടെന്ന് കൃത്രിമ രേഖയുണ്ടാക്കി. ജൂബിയുടെ പേരിലാണിതും. ശേഷികൂടിയ വൈദ്യുതി എടുക്കാൻ അയ്മനം എട്ടാം വാർഡ് എ മുതൽ എച്ച് വരെ എന്ന നമ്പരിൽ മറ്റൊരു കെട്ടിട നമ്പരും കൃത്രിമമായി ഉണ്ടാക്കി. അതും ജൂബിയുടെ പേരിൽ.
ജൂബി അറിയാതെ വായ്പ എടുത്ത സംഭവത്തിൽ ജൂബിയുടെ പങ്കാളികളും ബാങ്കിന്റെ രണ്ട് മേധാവികളും പ്രതികളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാങ്ക് വായ്പ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച പങ്കാളികൾ കെട്ടിടം പണിക്ക് ഉപയോഗിച്ചു എന്ന് കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സാമ്പത്തിക നിയമം ലംഘിച്ചത് ക്രൈംബ്രാഞ്ച് റിപ്പോർട്ടുകളിൽ വന്നത് ഇ.ഡി. പരിശോധനയ്ക്ക് എടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
പണം വകമാറ്റി ഉപയോഗിച്ചത് എന്തിനെന്ന് അന്വേഷിക്കുന്നതിനൊപ്പം പഞ്ചായത്തിലെ ക്രമക്കേടും പരിശോധിച്ചു. ജൂബിയുടെ പേരിലുണ്ടായിരുന്ന ആദ്യ കെട്ടിട രേഖകൾ പഞ്ചായത്ത് രേഖകളിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. പുതുതായി നമ്പർ വന്നിരിക്കുന്ന കെട്ടിടം യഥാർഥത്തിൽ ഇല്ലെന്നും മനസ്സിലായി. വില്ലേജ് രേഖകളും ഇ.ഡി. പരിശോധിച്ചിട്ടുണ്ട്.
അതേസമയം ഇപ്പോഴത്തെ ഭരണസമിതിക്കോ സെക്രട്ടറിക്കോ ക്രമക്കേടുമായി യാതൊരു ബന്ധവുമില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അറിയിച്ചു. 2016-ലുണ്ടായ പരാതിയിൽ മൊഴിയെടുക്കുവാൻ നിലവിലെ സെക്രട്ടറിയെ ഇ.ഡി. വിളിപ്പിച്ചു എന്നേയുള്ളൂ. അതിന്റെ പേരിൽ ക്രമക്കേട് നിലവിലെ ഭരണസമിതിയുടെ കാലത്താണെന്ന ധ്വനിവരുന്നതിൽ ഭരണസമിതിക്ക് പ്രതിഷേധമുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മികച്ച രീതിയിലാണ് ഇപ്പോൾ അയ്മനം പഞ്ചായത്തിന്റെ പ്രവർത്തനമെന്ന വാസ്തവം ജനങ്ങൾക്കറിയാമെന്നും സബിത പ്രേംജി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ