മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെചോദ്യം ചെയ്തതിന് കാരണം രാഷ്ട്രീയ ഇടപെടലുകളെന്ന വാദത്ത തള്ളി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐപിഎൽ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് മാസം മുതൽ രണ്ടുതവണ സമൻസ് അയച്ചിട്ടും ഷാരൂഖ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മൂന്നാമത്തെ നോട്ടീസിലാണ് ഖാൻ എത്തിയത്. അതുകൊണ്ട് തന്നെ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ നിലപാട്.

അസഹിഷ്ണുതയ്ക്ക് എതിരെ പ്രതികരിച്ചതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാരമാണ് ഷാരൂഖിന്റെ ചോദ്യം ചെയ്യലെന്ന വാദമാണ് പൊതുവേ ഉയർന്നത്. എന്നാൽ വിവാദങ്ങൾ ശക്തമായ സാഹചര്യത്തിൽ ഷാരൂഖ് തന്നെ എൻഫോഴ്‌സ് മെന്റ് ഓഫീസിൽ എത്തുകയായിരുന്നു. വിദേശനാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെ്് രണ്ട് നോട്ടീസുകൾക്ക് ഷാരൂഖ് ഖാൻ മറുപടി നൽകിയിരുന്നില്ല. മൂന്നാമത്തെ നോട്ടീസും യഥാസമയം അയച്ചു. ഇതിനോട് ഷാരൂഖ് പ്രതികരിക്കുകയായിരുന്നു. തുടർന്നായിരുന്നു ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ നടനെത്തിയത്. ഇതിനെ രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കുന്നതിൽ ദുരദ്ദേശമുണ്ടാന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ നിലപാട്. ഷാരൂഖിന്റെ പ്രസ്താവനയ്ക്കു വളരെ മുൻപു തന്നെ എൻഫോഴ്‌സ്‌മെന്റ് അധികൃതർ ഖാന് നോട്ടീസ് നൽകിയിരുന്നു. അതിനു ശേഷമാണ് സർക്കാരിനെതിരെ പ്രസ്താവനയുമായി ഖാൻ ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് ബിജെപിയുടേയും നിലപാട്.

ഷാരൂഖിന്റെ ഇന്നലത്തെ ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നീണ്ടു എന്നാണ് വിവരം. മൊഴിൽ നിരവധി പൊരുത്തക്കേടുകളും എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചു. ഈ സാഹചര്യത്തിൽ നടപടികൾ തുടരാനാണ് തീരുമാനം. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഷാരൂഖ് ഖാനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. മൊഴികളിൽ വൈരുദ്ധ്യമുള്ള സാഹചര്യത്തിൽ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഷാരൂഖിന് കാണിക്കൽ നോട്ടീസ് നൽകും. മൊഴി വിശകലനം ചെയ്ത് എത്രയും വേഗം നടപടിയെടുക്കാനാണ് തീരുമാനം. അതിന് ശേഷം നടനെതിരെ കൂടുതൽ നടപടികളുമെടുക്കും. കാരണം കാണിക്കൽ നോട്ടീസിന് തൃപ്തികരമായ മറുപടി കിട്ടിയില്ലെങ്കിൽ ഷാരൂഖിനെ അറസ്റ്റ് ചെയ്യാനും തീരുമാനമുണ്ട്.

അതേ സമയം വിവാദങ്ങളോട് പ്രതികരിക്കാൻ ഷാരൂഖ് ഖാൻ തയ്യാറായിട്ടില്ല. ഷാരൂഖ് ഖാനും നടി ജൂഹി ചൗളയും ഭർത്താവ് ജയ് മേത്തയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്;സിന്റെ ഉടമസ്ഥർ. ജയ് മേത്തയുടെ ഉടമസ്ഥതയിലുള്ള മൗറീഷ്യസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിക്ക് ഓഹരി വിറ്റതുമായി ബന്ധപ്പെട്ടാണ് ഷാരൂഖ് ഖാനെതിരെ അന്വേഷണം നടക്കുന്നത്. ബോളിവുഡ് നടിയായ ജൂഹി ചൗളയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള മൗറീഷ്യസ് കമ്പനിക്ക് ഐപിഎൽ ടീമായ നൈറ്റ് റൈഡേഴിന്റെ ഓഹരികൾ വിറ്റപ്പോൾ ഓഹരി മൂല്യം കുറച്ചു കാണിച്ചു എന്നതാണ് കേസ്. ഇതിന്റെ പേരിൽ താരത്തിന് കഴിഞ്ഞമാസം സമൻസ് ലഭിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായിരുന്നു ഷാരൂഖ് ഖാൻ.

സംഭവത്തിൽ നൂറ് കോടിയുടെ സാമ്പത്തിക ക്രമക്കേടാണ് ഷാരൂഖ് ഖാന്റെ പേരിൽ ആരോപിക്കപ്പെടുന്നത്. കസിൽ ജൂഹി ചൗളയേയും ഭർത്താവിനേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ എൻഫോഴ്‌സ്‌മെന്റിനോട് ഷാരൂഖ് ഖാൻ നിഷേധിച്ചു. താൻ ചട്ടലംഘനം നടന്നിയിട്ടില്ലെന്ന് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് അധികൃതരോട് പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 2009ലും 2010ലും മൗറീഷ്യസ് കേന്ദ്രമായുള്ള സീ ഐലൻഡ് ഇൻവസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഓഹരിവിറ്റതിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. വിദേശരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളിൽ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (എഫ്ഇഎംഎ) പ്രകാരം മൂന്നു ഐപിഎൽ ടീമുകൾക്കെതിരേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ജൂഹി ചവൽയുടെ ഭർത്താവ് ജയ് മേത്തയുടെ ഉടമസ്ഥതയിലുള്ള സീ ഐലൻഡ് ഇൻവസ്റ്റ്‌മെന്റിനാണ് (എസ്‌ഐഎൽ) ഷാരുഖ് കെകെആറിന്റെ ഓഹരികൾ കൈമാറിയത്. നിയമ ലംഘനത്തിന്റെ പേരിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ കഴിഞ്ഞ ദിവസം മൂന്നാം തവണ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് മോദി സർക്കാരിനെതിരെ വിവാദപ്രസ്താവനയുമായി ഖാൻ രംഗത്ത് വന്നതെന്ന് ബിജെപിയും പറയുന്നു.

കേന്ദ്ര സർക്കാർ ഭരണത്തിൽ അസഹിഷ്ണുത വർദ്ധിച്ചു വരുന്നുവെന്നായിരുന്നു പ്രസ്താവന. ഇതിനെ ബിജെപി, വിഎച്ച്പി നേതാക്കൾ ചോദ്യം ചെയ്തതോടെ വിവാദം മറ്റൊരു തലത്തിൽ എത്തി. ഇന്നലെ ഷാരൂഖ് ഖാനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ പറഞ്ഞു.