തൃശൂർ: സാമ്പത്തിക തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്ക് ആസ്ഥാനത്ത് ഇഡി റെയ്ഡിന് എത്തിയത് അതീവരഹസ്യമായി. പൊലീസിനെ പോലും അറിയിക്കാതെയായിരുന്നു ഇഡിയുടെ വരവ്. അഞ്ച് പ്രതികളുടെ വീട്ടിൽ ഒരേസമയത്തായിരുന്നു റെയ്ഡ്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അവസാനിച്ചത്. അസി.കമ്മീഷണർ രത്‌നകുമാറിന്റെ നേതൃത്വത്തിൽ, സിആർപിഎഫ് ജവാന്മാരടക്കം എൺപതോളം ഉദ്യോഗസ്ഥരാണ് റെയ്ഡിന് എത്തിയത്. റെയ്ഡിന് പത്ത് ഉദ്യോഗസ്ഥരെ വീതമാണ് നിയോഗിച്ചത്. ബാക്കിയുള്ളവർ കരുവന്നൂർബാങ്കിലും ശാഖകളിലും പരിശോധന നടത്തി.

റബ്കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30 വരെ നീണ്ടു. പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു. ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ കെ ദിവാകരൻ, സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലെ പരിശോധന വൈകീട്ട് ഇന്നലെ വൈകീട്ട് ഏഴു മണിയോടെ അവസാനിച്ചിരുന്നു.

രാവിലെ എട്ടുമണിക്കു മുമ്പ് തന്നെ കരുവന്നൂർ ബാങ്ക് ആസ്ഥാനത്തിന് മുന്നിൽ സംഘമെത്തി. ബാങ്കിന്റെ സുരക്ഷാ ജീവനക്കാരനെക്കൊണ്ടു സെക്രട്ടറിയേയും മറ്റു ജീവനക്കാരെയും വിളിച്ചു വരുത്തി ബാങ്ക് തുറപ്പിച്ചു. ഈ സമയം കൊണ്ടു തന്നെ സിആർപിഎഫ് ബാങ്കും പരിസരവും നിയന്ത്രണത്തിലാക്കി. വനിതാ സേനാംഗം അടക്കമുള്ള ആറംഗ സായുധ സേനയാണ് വീടുകൾക്കു ചുറ്റുമായി നിലയുറപ്പിച്ചത്. നിക്ഷേപകരെ അടക്കം ആരെയും അകത്തേക്കു കടത്തിവിട്ടില്ല.

ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവർ ജയിലിലാണ്. ഇവരുടെ വീടുകളിൽ ബന്ധുക്കളിൽ നിന്നു വിവരം ഇആരായുകയും, രേഖകൾ ശേഖരിക്കുകയും ചെയ്തു. ബിജു കരീമിന്റെ വീട്ടിൽ സംഘമെത്തുമ്പോൾ ആരുമുണ്ടായിരുന്നില്ല. സമീപത്ത് താമസിക്കുന്ന ബന്ധുവിനെ ആദ്യം വിളിച്ചു വരുത്തി. പിന്നീട് ഭാര്യയെ വീട്ടിലേക്ക് കൊണ്ട് വന്നു. ഭാര്യയുടെ ഫോണിൽ തുടരെത്തുടരെ വിളികൾ എത്തിയതോടെ ഉദ്യോഗസ്ഥർ ഇതു കസ്റ്റഡിയിലെടുത്തു.

പ്രതികളിലൊരാളായ കമ്മീഷൻ ഏജന്റ് ബിജോയിയുടെ ആഡംബ വീടും ആർഭാടങ്ങളും കണ്ട് ഇഡി ഉദ്യോഗസ്ഥരും അന്തം വിട്ടു. റബ്‌കോയുടെ ഏജൻസി എടുത്തിരുന്ന ബാങ്ക് ഈ ഇടപാടിൽ കമ്മീഷൻ ഏജന്റായി വച്ചിരുന്നത് ബിജോയിയേയാണ്. തട്ടിപ്പിൽ മുൻ ബ്രാഞ്ച് മാനേജരായ ബിജു കരീമും കമ്മീഷൻ ഏജന്റ് ബിജോയിയും ചേർന്ന് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പാണ്. വായ്പാ ചട്ടങ്ങൾ പൂർണമായും കാറ്റിൽപ്പറത്തി ഇരുവരും 46 ലോണുകളിൽനിന്നായി 50 കോടിയിലധികം രൂപയുടെ തിരിമറി നടത്തി. ബാങ്കിൽ ജോലി ലഭിച്ചതിനു ശേഷം ഞെട്ടിക്കുന്ന സാമ്പത്തിക വളർച്ചയായിരുന്നു ഇവർക്കുണ്ടായതെന്ന് നാട്ടുകാരും പറയുന്നു.

സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങളെല്ലാം മറന്നാണ് കരുവന്നൂരിൽ തട്ടിപ്പ് നടന്നത്. അതിന് നേതൃത്വം വഹിച്ചത് മുൻ ബ്രാഞ്ച് മാനേജറായ ബിജു കരീമാണ്. ബാങ്കിലെ കമ്മീഷൻ ഏജന്റായ ബിജോയിയും അതിന് കൂട്ടുനിന്നു. ബിജോയ് മാത്രം 28 വായ്പകളിൽ നിന്നായി 26 കോടി രൂപ ബാങ്കിൽനിന്ന് എടുത്തു. ബിജു കരീം 18 വായ്പകളിൽനിന്ന് 20 കോടിയിൽ അധികവും ബാങ്കിൽനിന്ന് തിരിമറി നടത്തി. സ്വന്തം പേരിലെടുത്തതിനൊപ്പം ബന്ധുക്കളുടെ പേരിലും ലോണുകൾ എടുത്തു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

വളരെ മോശം സാമ്പത്തിക സ്ഥിതിയിലുണ്ടായിരുന്ന ബിജു കരീം ബാങ്കിൽ ജോലി ലഭിച്ച ശേഷം വലിയ സാമ്പത്തിക വളർച്ചയാണ് ഉണ്ടാക്കിയതെന്ന് നാട്ടുകാരും പറയുന്നു. പുതിയ സ്ഥലം വാങ്ങുകയും വലിയ വീട് നിർമ്മിക്കുകയും ചെയ്തു. വിലകൂടിയ നിരവധി വാഹനങ്ങളും വാങ്ങി. ആഡംബരപൂർണമായ ജീവിതമാണ് നയിച്ചുവന്നിരുന്നതെന്നും അവർ പറയുന്നു.

ബാങ്കിൽ നിന്ന് തട്ടിയ കോടികൾ എങ്ങോട്ടൊക്കെ പോയി എന്നാണ് ഇഡി അന്വേഷിക്കുന്നത്. ചില നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയ തുക നൽകിയതായി ക്രൈംബ്രാഞ്ചിന് മൊഴി കിട്ടിയിരുന്നു. ബാങ്കിലെ ബിനാമി നിക്ഷേപവും, പാർട്ടി ഫണ്ടിലേക്ക് പോയ പണവും അടക്കം കണ്ടെത്തുകയും ഇഡിയുടെ ലക്ഷ്യമാണ്.

2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്.