- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റഡിയിൽ ഇരിക്കവേ സ്വപ്നയുടെ ശബ്ദരേഖ പ്രചരിപ്പിച്ചത് ഇഡിക്ക് എതിരായി; കേരളാ പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ കൃതമായ പങ്ക് കണ്ടെത്തി ഇഡി; സ്വപ്നയുടെ വെളിപ്പെടുത്തലോടെ കുരുക്കു മുറുക്കാൻ സിബിഐ അന്വേഷണം സാധ്യത തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 'ആന വരുത്തിയ വിന'യിൽ കേരളാ പൊലീസും അങ്കലാപ്പിൽ
തിരുവനന്തപുരം: അശ്വത്ഥാമാ വെറും ഒരു ആനയെന്ന പുസ്തകം വരുത്തിവെച്ച വിന വളരെ വലുതാണ്. കേരളാ പൊലീസിനെ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ഈ പുസ്തകം തിരിച്ചടിയായി മാറുകയാണ്. സ്വർണക്കടത്തു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ സ്വപ്ന സുരേഷിനു ഫോൺ സന്ദേശം പ്രചരിപ്പിക്കാൻ അവസരം നൽകിയ പൊലീസ് ഉദ്യോഗസ്ഥരും ഇതോടെ വെട്ടിലായിരിക്കയാണ്. എം ശിവശങ്കരന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലാണ് പൊലീസിനെ വെട്ടിലാക്കിയത്.
കേരള പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചു വ്യക്തമായ സൂചന കേന്ദ്ര ഏജൻസികൾക്കു ലഭിച്ചു. ഈ മൂന്ന് ഉദ്യോഗസ്ഥരാണ് സ്വപ്‌നയുടെ ശബ്ദരേഖ പ്രചരിപ്പിച്ചു ഇഡിയെ വെട്ടിലാക്കാൻ തുനിഞ്ഞത് എന്നാണ് വ്യക്തമാകുന്ന കാര്യം. ഇതിൽ സിബിഐ അന്വേഷണ സാധ്യത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്. മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകുന്ന വിധത്തിലായിരുന്നു പുറത്തുവന്ന ശബ്ദരേഖ. ഇതിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന ആരോപണം അന്ന് ഉയർന്നതുമാണ്.
ഇഡി കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറിൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നത്. എന്നാൽ ഒരു വർഷത്തിലേറെ അന്വേഷണം നടത്തിയിട്ടും കേരള പൊലീസിന് ആ ശബ്ദം സ്വപ്നയുടേതാണോയെന്നു തിരിച്ചറിയാനായില്ല. എന്നാൽ കഴിഞ്ഞ ദിവസം ആ ശബ്ദ സന്ദേശം താനാണു റെക്കോർഡ് ചെയ്തു പുറത്തു വിട്ടതെന്നും ശിവശങ്കർ അടക്കമുള്ളവരുടെ നിർദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതാണു ഇഡിക്കു പുതിയ ആയുധമായത്.
കേരള പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോൺസ്റ്റബിളും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോൺസ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്‌കോർട്ട് ഡ്യൂട്ടി പോയിരുന്നത്. ജില്ലാ ഭാരവാഹി തൃപ്പുണ്ണിത്തുറ സ്റ്റേഷനിലായിരുന്നു. സർക്കാരിനെ വെള്ള പൂശാനുള്ള നിർദേശങ്ങൾ തലസ്ഥാനത്തു നിന്ന് ഇവർ വഴിയാണു സ്വപ്നയ്ക്കു കൈമാറിയിരുന്നതെന്നാണു കേന്ദ്ര ഏജൻസികൾക്കു ലഭിച്ച വിവരം.
വിവാദ ശബ്ദ സന്ദേശത്തിന്റെ സ്‌ക്രിപ്റ്റ് തലസ്ഥാനത്താണു തയാറാക്കിയത്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയാണ് ഇത് എറണാകുളത്ത് എത്തിച്ചതെന്നു പറയപ്പെടുന്നു. തുടർന്നു ഫോൺ കൈവശമില്ലാതിരുന്ന സ്വപ്നയ്ക്കു മറ്റൊരു ഫോൺ നൽകി അതു റിക്കോർഡ് ചെയ്തു ചാനലുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെയും ശിവശങ്കറിന്റെയും പങ്കാണു കൂടുതൽ അന്വേഷിക്കുക. ചിലപ്പോൾ ഇതിന് ഒത്താശ ചെയ്ത പൊലീസിലെ ചില ഉന്നതരും കുടുങ്ങിയേക്കും.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചതു ജയിൽ ചട്ടത്തിന്റെ ലംഘനമാണെന്നും വേണമെങ്കിൽ സിബിഐ അന്വേഷണം ഹൈക്കോടതിയിൽ ആവശ്യപ്പെടാമെന്നു ഇഡിക്കു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ അന്നു ശബ്ദസന്ദേശം പുറത്തു വന്നതിനെ കുറിച്ച് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പൊലീസ് ഹൈടെക് സെല്ലിന് ഇതു കൈമാറി. അന്വേഷണത്തിനു നേതൃത്വം കൊടുത്ത എസ്‌പി ശബ്ദ സന്ദേശം പ്രചരിച്ചതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയില്ലെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരിക്കും ഇതു ചെയ്തതെന്നു സംസ്ഥാന ഇന്റലിജൻസും സർക്കാരിനെ അറിയിച്ചിരുന്നു.
ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ ഓഡിയോ അനാലിസിസ് ടെസ്റ്റ് നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ ഫിസിക്‌സ് ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന ഓഡിയോവിഡിയോ ലാബിലോ കേരളത്തിനു പുറത്തുള്ള സെൻട്രൽ ഫൊറൻസിക് ലബോറട്ടികളിലേക്കു ശബ്ദരേഖ അയച്ചു കൊടുക്കുന്ന കാര്യവും ആലോചിച്ചു. ഒന്നുമുണ്ടായില്ല. മാത്രമല്ല ശബ്ദരേഖ തന്റേതാണെന്നും അതു ശിവശങ്കർ അടക്കമുള്ളവരുടെ നിർദേശ പ്രകാരം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചതാണെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയതോടെ കേന്ദ്ര ഏജൻസികൾക്കു കാര്യങ്ങൾ എളുപ്പമായി.
ഇഡിയെ വിരട്ടാൻ അന്നു സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മിഷനെ വരെ നിയോഗിച്ചിരുന്നു. സാധാരണ ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കാറുണ്ട്. എന്നാൽ ഉൾപ്പെട്ടവരെല്ലാം സിപിഎം അനുഭാവികളായതിനാൽ വകുപ്പുതല അന്വേഷണ പോലും നടത്തിയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നതും.
മറുനാടന് മലയാളി ബ്യൂറോ