എടപ്പാൾ: വിവാഹമുറപ്പിച്ച ശേഷം വധുവിന്റെ വീട്ടിൽ നിന്ന് പണം തട്ടി മുങ്ങിയ കേസിൽ ഒരാൾ കൂടി പിടിയിൽ.വരന് വ്യാജ രക്ഷിതാക്കളെ സംഘടിപ്പിച്ചുകൊടുത്തയാളാണ് അറസ്റ്റിലായത്.കൊല്ലം അഞ്ചാലമ്മൂടിൽ പ്രശോഭിനെയാണ് തിരൂർ ഡിവൈ.എസ്‌പി. വി.വി. ബെന്നി,ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറയ്ക്കൽ എന്നിവർ അറസ്റ്റുചെയ്തത്. വിവാഹമുറപ്പിച്ചശേഷം വധുവിന്റെ വീട്ടിൽനിന്ന് 10 ലക്ഷം രൂപ തട്ടി മുങ്ങിയെന്നാണ് കേസ്.

ഗൂഗിളിൽ ഉയർന്ന ജോലിക്കാരനാണെന്ന് ധരിപ്പിച്ച് ചങ്ങരംകുളത്തെ അദ്ധ്യാപികയുടെ മകളുമായി വിവാഹമുറപ്പിക്കുകയും പിതാവ് അത്യാസന്ന നിലയിലാണെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ വീട്ടിൽനിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങുകയും ചെയ്തതായാണ് പരാതി.ഇതിൽ പ്രതിശ്രുത വരന്റെ മാതാപിതാക്കളടക്കമുള്ള 'വ്യാജ' ബന്ധുക്കളെ സംഘടിപ്പിച്ചു നൽകിയത് പ്രശോഭായിരുന്നു.

വിവാഹമുറപ്പിച്ച കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിൽ നോട്ടിക്കണ്ടത്തിൽ അക്ഷയ്,സുഹൃത്തും സഹായിയുമായ കൊല്ലം കരവല്ലൂരിൽ അജി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.വിവാഹപ്പരസ്യം നൽകിയശേഷം വിളിക്കുന്നവരോട് ഗൂഗിളിൽ ഉന്നത ജോലിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിസ നൽകാമെന്ന് പറഞ്ഞ് 2.5 കോടി രൂപ തട്ടിയെടുത്ത കേസും പ്രതികൾക്കെതിരേ നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഗൂഗിളിൽ ഉയർന്ന ജോലിയെന്ന് വിശ്വസിപ്പിക്കും; വിവാഹം ഉറപ്പിച്ച് അടിയന്തര ആവശ്യം പറഞ്ഞ് പണം കൈപ്പറ്റി മുങ്ങും; അച്ഛനും അമ്മയും തൊട്ട് ബന്ധുക്കൾ വരെ വ്യാജം; എടപ്പാളിലെ വിവാഹത്തട്ടിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായത് എടപ്പാളിലെ 'തേജാഭായിക്ക്' ബന്ധുക്കളെ ഒപ്പിച്ചുകൊടുത്ത സഹായി