മലപ്പുറം: റോഡിന്റെ ശോചനീയാവസ്ഥ കാരണം കൊണ്ടോട്ടി ഒമാനൂരിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ. എന്നിട്ടും അധികാരികളുടെ കണ്ണ് തുറക്കാതായതോടെ സമരമുഖത്തേക്കിറങ്ങുകയാണ് നാട്ടുകാർ. ഏറ്റവും ഒടുവിൽ മുതുപറമ്പ് സ്വദേശി ബിച്ചാപ്പുവിന്റെ മരണത്തോടെയാണ് നാട്ടുകാർ സംഘടിക്കാൻ തീരുമാനിച്ചത്.ബൈക്ക് പിക്കപ്പ് വാനിലിടിച്ച് തലയ്ക്ക് പരിക്കേറ്റ മുതുപറമ്പ് എഴുനിലത്ത് എടത്തൊടി മുഹമ്മദ് മൊല്ലയുടെ മകൻ അബ്ദുൽ ഹമീദ് എന്ന ബിച്ചാപ്പു (51) ചികിൽസയിലിരിക്കെയാണ് മരിച്ചത്. റോഡിന്റെ വീതി കുറവും ശോച്യാവസ്ഥയും കാരണം ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

കൊണ്ടോട്ടി എടവണ്ണപ്പാറ റോഡ് യാത്രക്കാർക്ക് മരണക്കെണിയായി മാറിയിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും നിരവധി യാത്രക്കാരും ഉപയോഗിക്കുന്ന കൊണ്ടോട്ടി എടവണ്ണപാറ റോഡ് ഇന്ന് ഒരു അപകട -മരണ മേഖല ആയി മാറിയിരിക്കുന്നു. മലപ്പുറം കൊണ്ടോട്ടി ഭാഗത്തു നിന്നും വരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള യാത്രക്കാർ ദിനം പ്രതി ഉപയോഗിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയിൽ പൊതുജനം കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത് .

ഈയിടെ അപകടത്തിൽ ഒരു വഴിയാത്രക്കാരന്റെ കൂടി ജീവൻ എടുത്തു.അങ്ങനെ മരിച്ചവരുടെ എണ്ണം പത്തു കഴിഞ്ഞു.പരിക്ക് പറ്റുന്നവർ ദിനം പ്രതി നിരവധി എന്ന രീതിയിലോട്ടു മാറി.പ്പാൻ കുടിവെള്ള പദ്ധതിയുടെ പേരു പറഞ്ഞു റോഡിനു ഇരുവശവും വെട്ടി പൊളിച്ചിട്ട് വർഷം ആറു കഴിഞ്ഞു .ജപ്പാൻ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ റോഡിനു മരണ കെണിയിൽ നിന്നും ഒരു മോക്ഷവും ലഭിക്കുന്നില്ല.

കൊണ്ടോട്ടി എടവണ്ണപ്പാറ റോഡ് നവീകരണത്തിന് പതിനഞ്ചു കോടി രൂപ വിലയിരുത്തിയിട്ടു വർഷങ്ങൾ കഴിഞ്ഞു. എന്നാൽ ഫയലുകൾ ചലിക്കാത്തതു കാരണം ചുവപ്പു നാടയിൽ കെട്ടി കിടക്കുന്ന സ്ഥിതിയാണ്. കിഫ്ബിയിൽ നിന്നും റോഡ് വികസനത്തിന് വേണ്ട പണം കിട്ടാൻ വേണ്ടിയുള്ള ആത്മാർ്ത്ഥ ശ്രമങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിമുഖത കാരണം കാല താമസം വരുന്ന സ്ഥിതിയാണ്. വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടു പോലും ഈ മെല്ലെ പോക്ക് നയം മൂലം പൊതു ജനം പൊറുതി മുട്ടിയിരിക്കുകയാണ്. ഇത് വഴിയുള്ള യാത്ര സ്വന്തം ജീവൻ അപകടത്തിൽ പെടുത്തും എന്നറിഞ്ഞിട്ടു പോലും മറ്റൊരു പോംവഴി ഇല്ലാത്തതു കാരണം പൊതു ജനം ഈ മരണകിണറു പോലുള്ള റോഡിനെ ആശ്രയിക്കേണ്ടി വരുന്നു.

സ്ഥലം എം എൽ എ ടി. വി ഇബ്രാഹിമിന്റെ പരിശ്രമങ്ങൾ ഉദ്യോഗസ്ഥ നിസ്സഹകരണം മൂലം വിജയം കാണുന്നതിൽ കാല താമസം വരുത്തുന്നുവെന്നാണ് ആക്ഷേപം.മുതുപറമ്പ് സ്വദേശി ബിച്ചാപ്പുവിന്റെ മരണം പൊതു ജനത്തെ ഇപ്പോൾ കൂടുതൽ രൂക്ഷമായ സമര മുഖത്തേക്ക് തള്ളി വിടുന്ന സ്ഥിതി വിശേഷം ആണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇനി ഒരു അപകട മരണം ഈ മേഖലയിൽ ഇല്ലാതാക്കാൻ റോഡ് നവീകരണം കൂടിയേ തീരൂ എന്ന നിലയിൽ പൊതു ജന പ്രതിഷേധങ്ങൾ നടത്താൻ ഒമാനൂരിലെ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ കൂട്ടായ തീരുമാനം എടുത്തിരിക്കുകയാണ്. അധികാരികളുടെ അനാസ്ഥക്കും കെടുകാര്യസ്ഥതക്കും എതിരെ യൂത്തു സംഘടനകളുടെയും മറ്റു സാംസ്കാരിക യുവജന സംഘനകളുടെയും നേതാക്കൾ ഇതിനോട് യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അഡ്വ :പി ശിഹാബുദ്ദീൻ ,റിയാസ് ബാവു , മുബഷിർ , ഫാരിസ് മുത്തു, റഫീഖ് മണിപ്പാട്ടിൽ , അമീർ ഇളയേടത് , നജുമുദീൻ പോപ്പി , ഷാഫി കുഞ്ഞിപ്പ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്കു രൂപം നൽകാൻ തീരുമാനിച്ചു .