കൊച്ചി:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തിൽ ആരംഭിച്ച 2 സ്ഥാപനങ്ങൾ സംബന്ധിച്ചാണ് അന്വേഷണം ബുധനാഴ്ച ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടിസ് നൽകിയത്. രാവിലെ 9 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം.

കള്ളക്കടത്ത്‌സംഘം ഫണ്ടിനായി ബംഗ്ലൂരുവിലെ മയക്കുമരുന്ന് റാക്കറ്റിനെ സമീപിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് സെല്ലിന്റെ പിടിയിലുള്ള അനൂപ് മുഹമ്മദ് അടക്കമുള്ളവരുടെ സഹായമാണ് കള്ളക്കടത്ത് സംഘം തേടിയത്. സ്വർണകള്ളക്കടത്ത് കേസിന്റെ മുഖ്യആസൂത്രകനെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയ കെടി റമീസാണ് മുഹമ്മദ് അനൂപുമായി ബന്ധപ്പെട്ടത്. മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് എന്തെങ്കിലും പങ്കുണ്ടോയെന്ന് എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കും.

ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം. ഈ കമ്പനികൾ അനധികൃത ഇടപാടിന് മറയാക്കിയോ എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്. നാളെ നടക്കുന്ന ചോദ്യം ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ബിനീഷ് കോടിയേരിയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ തേടും.

അതേസമയം, സ്വപ്ന സുരേഷിന് വിസ സ്റ്റാമ്പിങ്ങ് കമമീഷൻ നൽകിയ കമ്പനികളിലൊന്നിൽ ബിനീഷിന് മുതൽമുടക്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്‌ച്ചയാണ് ബിനീഷ് കോടിയേരിക്ക് ഇതുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് നോട്ടീസ് ലഭിച്ചത്. തുടർന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ എത്തിയിരുന്നു. നേരത്തെ തന്നെ സ്വപ്ന സുരേഷിന് സാമ്പത്തികമായി ചില കമ്മീഷനുകൾ ലഭിച്ചിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സൂചനകളുണ്ടായിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ വിസ സ്റ്റാമ്പിങ്ങ് സെന്ററുകളിലെ കരാറുകാരിൽ നിന്നുമാണ് ഇത്തരത്തിൽ കമ്മീഷനുകൾ ലഭിച്ചിരുന്നത്.

അനൂപുമായുള്ള ഫോൺവിളികളുടെ പിന്നിലെന്ത്?

ബിനീഷ് ബിസിനസിന് സാമ്പത്തിക സഹായം നൽകിയിരുന്നതായി മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. അനൂപുമായി ബിനീഷ് പലതവണ ടെലഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ബംഗളൂരു ആസ്ഥാനമായി ബിനീഷ് തുടങ്ങിയ ബി കാപ്പിറ്റൽ ഫിനാൻസ് സ്ഥാപനം വഴി നൽകിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടൽ തുടങ്ങിയതെന്നും ഈ ഹോട്ടലിൽവച്ചാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പും ബിനീഷ് കോടിയേരിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തി. ഓഗസ്റ്റ് ഒന്നിനും 19നുമിടയിൽ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും പലതവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ വിശദാംശങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 21 നാണ് അനൂപ് അറസ്റ്റിലാകുന്നത്. പൊലീസ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപും അനൂപ്, ബിനീഷ് കോടിയേരിയുമായി സംസാരിച്ചു. ഓഗസ്റ്റ് 19 ന് മാത്രം അഞ്ച് തവണയാണ് വിളിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് എട്ട് മിനിട്ടിലേറെ ഇരുവരും സംസാരിച്ചു. ഇത് വ്യക്തമാക്കുന്നതാണ് ഫോൺ രേഖ. ബാംഗളൂരവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് രംഗത്തെത്തിയത്. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നും കച്ചവട കേന്ദ്രമായി പ്രവർത്തിച്ച ഹോട്ടലിൽ ബിനീഷ് കോടിയേരി നിത്യ സന്ദർശകനായിരുന്നുവെന്നും ഫിറോസ് ആരോപിച്ചിരുന്നു.

ആരോപണങ്ങൾക്ക് മറുപടിയുമായി ബിനീഷ് കോടിയേരിയും രംഗത്തെത്തിയിരുന്നു. അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നും എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം. ലഹരിക്കടത്തു കേസിൽ പിടിയിലായ അനൂപ് മുഹമ്മദിനെ കാണാൻ ബിനീഷ് കോടിയേരി വന്നിട്ടുണ്ടെന്ന് പിതാവ് മുഹമ്മദ് ബഷീർ പറഞ്ഞു. അനൂപിന്റെ വെണ്ണലയിലെ വീട്ടിലാണ് ബിനീഷ് വന്നതെന്നും അനൂപ് മുഹമ്മദിന്റെ പിതാവ് പറഞ്ഞു. മകന് ബംഗളൂരുവിൽ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നത്. ബിസിനസിൽ മകനെ സുഹൃത്തുക്കൾ സഹായിച്ചിരുന്നുവെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. അതേസമയം മയക്കുമരുന്നു ഇടപാടിനെ കുറിച്ച് ഒന്നും അറിയില്ല. ബി എ പഠനത്തിന് ശേഷമാണ് അനൂപ് മുഹമ്മദ് ബംഗളൂരുവിലേക്ക് പോകുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ ഹോട്ടൽ ആരംഭിച്ചു. വീട്ടിൽ നിന്നു ഒരു സാമ്പത്തിക സഹായവും നൽകിയിട്ടില്ലെന്നും പിതാവ് മുഹമ്മദ് ബഷീർ പറയുന്നു.

ജനുവരിയിലാണ് മകൻ അവസാനമായി വീട്ടിൽ വന്നിട്ട് പോകുന്നത്. മാധ്യമങ്ങളിലൂടെയാണ് മകനെ പറ്റിയുള്ള വാർത്തകൾ അറിഞ്ഞത്. തനിക്കും കുടുംബത്തിനും മകന്റെ ഇത്തരം പ്രവൃർത്തികളെ കുറിച്ചു ഒന്നും അറിയില്ലെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺ രേഖ പുറത്ത വന്നിരുന്നു. ബിനീഷ് കോടിയേരിയുമായി അനൂപ് നിരവധി തവണ വിളിച്ചത് ഫോൺ രേഖയിലുണ്ട്. കഴിഞ്ഞ മാസം ഒന്നാം തീയതിക്കും പത്തൊൻപതാം തീയതിക്കുമിടയിൽ എട്ട് തവണയാണ് ബിനീഷ് കോടിയേരിയെ വിളിച്ചത്. കഴിഞ്ഞ മാസം 1,13,19 തീയതികളിൽ സംസാരിച്ചതിന്റെ ഫോൺ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, കേസിലെ കുറ്റവാളികൾ പിടിക്കപ്പെടണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു.ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിനീഷ് തെറ്റുകാരനെങ്കിൽ സംരക്ഷിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. ആരോപണങ്ങളുടെ വിശദാംശങ്ങൾ തനിക്കറിയില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് അൽപായുസ് മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.