ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റും എഡ്വിനാ മൗണ്ട്ബാറ്റണും തമ്മിൽ ഗാഢമായ സ്‌നേഹ ബന്ധത്തിലായിരുന്നുവെന്ന് എഡ്വിനയുടെ മകൾ പമേല ഹികിസ്. ഇരുവരും പരസ്പരം പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അതിനപ്പുറം അവർ തമ്മിൽ ഒന്നുമില്ലായിരുന്നുവെന്നും പമേല വ്യക്തമാക്കുന്നു. തനിക്ക് 17വയസുള്ളപ്പോഴാണ് തന്റെ പിതാവ് മൗണ്ട് ബാറ്റൺ ഇന്ത്യയുടെ വൈസ്രോയിയായി വരുന്നത്. തന്റെ മാതാവ് എഡ്വിനയും ജവഹർലാൽ നെഹ്‌റുവും തമ്മിലുള്ള ബന്ധം വളർന്നുവരുന്നതിന് താൻ സാക്ഷിയാണെന്നും ഇരുവരും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും പമേല പറയുന്നു.

തന്റെ പുസ്തകമായ 'ഡോട്ടർ ഓഫ് എംപയർ; ലൈഫ് ആസ് എ മൗണ്ട് ബാറ്റണി'ലാണ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണിന്റെ ഭാര്യ എഡ്വിനയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും ബന്ധം അനാവരണം ചെയ്യുന്നത്. 2012ൽ ബ്രിട്ടണിൽ പ്രസിദ്ധീകരിച്ച പുസ്തകം ഇന്ത്യയിൽ പുറത്തിറക്കും. ഫ്രഞ്ച് പ്രസാധകരായ അഷെറ്റയാണ് ഇന്ത്യയിൽ പുസ്തകം പ്രസിദ്ധീകരിക്കുക.

നെഹ്രുവിന്റെ ചങ്ങാത്തവും തുല്യത നൽകുന്ന മനോഭാവവും പാണ്ഡിത്യവുമൊക്കെയാണ് തന്റെ മാതാവിനെ ആകർഷിച്ചിരുന്നതെന്ന് പമേല പറയുന്നു. ഇരുവരും തമ്മിലുള്ള കത്തിടപാടുകളിൽ നിന്നാണ് എത്രത്തോളം ആഴമുള്ളതാണ് രണ്ടുപേരുടെയും ബന്ധമെന്ന് താൻ മനസിലാക്കിയതെന്ന് പമേല വ്യക്തമാക്കുന്നു. എന്നാൽ ഇരുവരും തമ്മിൽ മാനസികമായി അടുത്തിരുന്നുവെങ്കിലും അതിനപ്പുറം മറ്റൊന്നുമുണ്ടായിട്ടില്ലെന്നും പമേല ആണയിടുന്നുണ്ട്.

ഇരുവരും ഒരിക്കലും തനിച്ച് ഇടപഴകിയിട്ടില്ല. അവർക്കുചുറ്റം എപ്പോഴും ഉദ്യോഗസ്ഥരും പൊലീസുകാരുമുണ്ടായിരുന്നു പമേല പറയുന്നു. ഇന്ത്യയിൽ നിന്ന് തിരികെ പോകുന്നതിന് മുമ്പ് എഡ്വിന നെഹ്‌റുവിന് മരതക മോതിരം സമ്മാനം നൽകാൻ ആഗ്രഹിച്ചിരുന്നുവെന്നും പമേല പുസ്തകത്തിൽ പറയുന്നു. എന്നാൽ അത് നെഹ്‌റു സ്വീകരിക്കില്ല എന്നറിയാമായിരുന്ന പമേല മോതിരം ഇന്ദിരാഗന്ധിക്ക് നൽകുകയായിരുന്നു. നെഹ്‌റുവിന് എന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ മാത്രമെ ഇത് വിൽക്കാവു എന്ന് എഡ്വിന ഇന്ദിരാ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുസ്തകത്തിൽ പറയുന്നത്.