- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേപ്പാറ, നെയ്യാർ വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല; 70.9 ചതുരശ്ര കി മീ പരിസ്ഥിതി ലോല മേഖലയാകുമെന്ന് കേന്ദ്രസർക്കാർ; കരട് വിജ്ഞാപനം പുറത്തിറക്കി; ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി; തടി വെട്ടലിനും ഹോട്ടൽ, റിസോർട്ട് നിർമ്മാണങ്ങൾക്ക് നിയന്ത്രണം വരും
ന്യൂഡൽഹി: വനമേഖലയോട് ചേർന്നു കിടക്കുന്ന കർഷകർക്ക് തിരിച്ചടിയായി കേന്ദ്രസർക്കാർ നടപടി. സംരക്ഷിത വനമേഖലകൾക്കു ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയതാണ് വിവാദമാകുന്നത്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. തിരുവനന്തപുരത്തെ പേപ്പാറ, നെയ്യാർ വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും 70.9 ചതുരശ്ര കി മീ പരിസ്ഥിതി ലോല മേഖലയാകും.
തിരുവനന്തപുരത്തെ അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. വ്യവസായങ്ങൾ, ക്വാറി, തടിമിൽ, മരംവെട്ടൽ, ഹോട്ടൽ, റിസോർട്ട് തുടങ്ങി ഒട്ടേറെ നിയന്ത്രണങ്ങൾ പരിസ്ഥിതി ലോല മേഖലയിലുണ്ടാകും.
വിജ്ഞാപനം സംബന്ധിച്ച് ഈ പ്രദേശത്തെ താമസക്കാർക്ക് രണ്ടു മാസത്തിനുള്ളിൽ അഭിപ്രായങ്ങളോ പരാതികളോ സമർപ്പിക്കാം. അതിനുശേഷം അന്തിമ വിജ്ഞാപനം ഉണ്ടാകും. വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ കർശന നിയന്ത്രണം ഉണ്ടാകും. ഈ പരിധിയിൽ മരം വെട്ടാൻ അനുമതിയില്ല. പരിസ്ഥിതി ലോല മേഖലകളിൽ ഇക്കോ ടൂറിസം അനുവദിച്ചിട്ടുണ്ടെങ്കിലും താൽക്കാലിക നിർമ്മിതികൾ മാത്രമേ അഅനുവദിക്കൂ.
ഒരു കിലോമീറ്റർ പരിധി കഴിഞ്ഞ് സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഉണ്ടാകും. റെഡ് കാറ്റഗറിയിൽ പെടുന്ന വ്യവസായങ്ങൾ ഈ മേഖലകളിൽ അനുവദിക്കില്ല. ഖനനം, ഇഷ്ടികക്കളങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. മാസ്റ്റർ പ്ലാൻ അനുസരിച്ചു മാത്രമാകും വികസനപ്രവർത്തനങ്ങൾ അനുവദിക്കുക. വിജ്ഞാപനം നിലവിൽ വരുന്നതോടെ ആദിവാസി ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും പൂർണ നിയന്ത്രണമുണ്ടാകും.
മൂന്നാർ ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലെ കേന്ദ്രവിജ്ഞാപനം ഉടൻ പുറത്തിറങ്ങും. എന്നാൽ കേന്ദ്രനീക്കം അംഗീകരിക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കി. സംസ്ഥാനസർക്കാർ ഗൗരവമായി വിഷയത്തിൽ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി ലോലപ്രദേശ വിജ്ഞാപനത്തിൽ ജനവാസ മേഖലകളെ ഉൾപ്പെടുത്തിയ കേന്ദ്രവിജ്ഞാപനം ചർച്ച ചെയ്യാൻ വനംമന്ത്രി അടിയന്തര യോഗം വിളിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും.
മറുനാടന് മലയാളി ബ്യൂറോ