കുടുംബത്തോടൊപ്പം ചേരുകയെന്നതാണ് എയ്ഡ കാർമിയുടെ ആത്യന്തിക ലക്ഷ്യം. അതിനുവേണ്ടി എന്തുത്യാഗം സഹിക്കാനും അവർ ഒരുക്കമാണ്. 115-ാം വയസ്സലും അവർ യാത്ര തുടരുന്നത് അതിനുവേണ്ടിത്തന്നെ. യുദ്ധം കൊടുമ്പിരിക്കൊണ്ടുനിൽക്കുന്ന സിറിയയിൽനിന്നും തുർക്കിയിലേക്കും അവിടെനിന്ന് ഗ്രീസിലേക്കും എയ്ഡ എത്തിയത് ഈ ലക്ഷ്യത്തിലാണ്.

ജർമനിയിലാണ് എയ്ഡയുടെ കുടുംബം. ജർമനിയിലേക്ക് കുടിയേറിയതാണ് അവർ. അഞ്ചുവർഷമായി അവരെ എയ്ഡ കണ്ടിട്ട്. കുടുംബ സുഹൃത്തിന്റെ സഹായത്തോടെ അവർ ജർമനിയിലേക്കുള്ള യാത്ര തുടങ്ങിയതാണ്.

വടക്കൻ സിറിയയിലെ കൊബാനിയിൽനിന്ന് തുർക്കിയിലേക്കെത്താൻ മൂന്നുമാസമാണ് അവർക്ക് യാത്ര ചെയ്യേണ്ടിവന്നത. അവിടെനിന്ന് ഗ്രീസിലേക്കെത്താൻ മറ്റൊരു മാസവും. ജീവിതത്തിൽ തനിക്കിനി ഒരേയൊരു ആഗ്രഹമേ ശേഷിക്കുന്നുള്ളൂവെന്ന് എയ്ഡ പറയുന്നു. മക്കളെയും പേരക്കുട്ടികളെയും കാണണം.

കുടുംബ സുഹൃത്ത് അഹമ്മദാണ് എയ്ഡയുടെ ആഗ്രഹം സഫലമാക്കാൻ അറങ്ങിപ്പുറപ്പെട്ടത്. ഹസാക്കയിലെ വീട്ടിൽനിന്ന എയ്ഡയെ കൂട്ടി യാത്ര പുറപ്പെടുമ്പോൾ ഇത്രയും ത്യാഗങ്ങൾ സഹിക്കേണ്ടിവരുമെന്ന് അവർ കരുതിയിരുന്നില്ല. മാത്രമല്ല, ഗർഭിണിയായ തന്റെ ഭാര്യയെയും നാലുമക്കളെയും അഹമ്മദിന് ഒപ്പം കൂട്ടേണ്ടിവന്നു.

മക്കളും പേരക്കുട്ടികളും യൂറോപ്പിലായതോടെ അഹമ്മദിന്റെ കുടുംബത്തിലെ ഒരംഗമാണ് എയ്ഡ. തനിക്ക് മക്കളെ കാണണമെന്ന് എയ്ഡ പറഞ്ഞപ്പോൾ അഹമ്മദ് അൽപമൊന്ന് പകച്ചു. 'നീ ചെയ്തില്ലെങ്കിൽ മറ്റാര് ചെയ്യും' എന്ന് എയ്ഡ ചോദിച്ചതോടെ മറ്റൊന്നും ചിന്തിക്കാതെ അഹമ്മദ് അവരെയും കൂട്ടി യാത്ര തുടങ്ങി. യൂറോപ്പിൽ എത്തിയ ഏറ്റവും പ്രായം കൂടിയ അഭയാർി കൂടിയാണ് ഇപ്പോൾ എയ്ഡ.