സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ ശക്തമായി തുടരുമ്പോൾ തന്നെ, വിപണി പ്രതീക്ഷിച്ചിരുന്ന നിലയിൽ വെട്ടിത്തുറന്ന സ്വകാര്യവത്കരണ നടപടികളുമായി കോർപ്പറേറ്റുകളുടെ പ്രിയഭാജനമാകാനല്ല, ചെറിയ ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധയർപ്പിച്ചുകൊണ്ട്, ആം ആദ്മി ബജറ്റ് അവതരിപ്പിക്കാനാണ്, പുതുതായി അധികാരമേറ്റ എൻഡിഎ ഗവൺമെന്റിന്റെ കന്നി ബജറ്റിലൂടെ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി തയ്യാറായിരിക്കുന്നത്. ഒറ്റയടിക്ക് നിഫ്റ്റി 300 പോയിന്റെ താഴെപ്പോയതിലൂടെ തന്നെ ഓഹരി വിപണിയിൽ ഈ ബജറ്റ് ഏൽപ്പിച്ച ആഘാതം എത്ര വലിയതാണെന്നു കാണാം. ഇത് അച്ചെ ദിൻ ബജറ്റ് അല്ലെന്നു കുറ്റപ്പെടുത്തി ഇക്കണോമിക് ടൈംസിന്റെ അസോസിയേറ്റ് എഡിറ്റർ സൗഭിക് ചക്രബർത്തി തന്നെ രംഗത്തുവന്നിരിക്കുന്നു എന്നത് കോർപ്പറേറ്റ് ഇന്ത്യ എൻഡിഎ സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചിരുന്നതിന്റെ കടകവിരുദ്ധമാണ് ബജറ്റ് എന്നു വായിക്കാനാകും.

തൊഴിൽ നഷ്ടവും അതിൽ ആശങ്കയില്ലാത്ത ഗവൺമെന്റിനേയും സഹിക്കാനുള്ള മൂഡിലല്ല, രാഷ്ട്രമെന്ന് വ്യക്തമാക്കിയാണ് അരുൺ ജയ്റ്റ്‌ലി യൂണിയൻ ബജറ്റിലേക്ക് കടന്നത്. മൂന്നു മുതൽ നാലുവരെ വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ജിഡിപിയിൽ 78% വളർച്ചയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ മുതൽ ഇന്ധന, വാതക സബ്‌സിഡികൾ വരെ, ടാർഗെറ്റഡ് ആക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ നീക്കങ്ങളുടെ തുടർച്ച തന്നെയാണ്, ജയ്റ്റ്‌ലിയുടെ ബജറ്റിലും ഉള്ളത്. പ്ലാനിങ് കമ്മിഷനെ ഇല്ലാതാക്കുമെന്ന് കരുതപ്പെട്ടിരുന്ന മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ, എക്‌സ്‌പെൻഡിച്ചർ മാനേജ്‌മെന്റ് കമ്മിഷൻ രൂപീകരിക്കുമെന്ന പ്രഖ്യാപനം കടന്നുവന്നു എന്ന തമാശയുമുണ്ട്.

ബിസിനസുകാരെ കഷ്ടപ്പെടുത്തുന്ന നികുതി വകുപ്പിന്റെ നടപടികൾക്ക് കർട്ടൻ ഇടാൻ ഉറപ്പിച്ച മട്ടാണ്, ധനമന്ത്രിക്ക്. ചെറുകിട ബിസിനസുകാരെയാവും ഇത് ഏറെ സഹായിക്കുക. സ്ഥിരസ്വഭാവമുള്ള മുൻകൂട്ടി നിശ്ചയിക്കാവുന്ന നികുതി ഘടനയാവും ഉണ്ടാവുക. വർഷാവസാനത്തോടെ മൂല്യവർദ്ധിത നികുതിയുടെ സ്ഥാനത്ത് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് നടപ്പാക്കും.

റിട്രോസ്‌പെക്റ്റീവ് ടാക്‌സ് എന്ന പരിപാടി ഇനിമേൽ ഉണ്ടാവില്ല എന്ന് ബജറ്റ് വ്യക്തമാക്കുന്നു. മുമ്പ് നടന്ന ഒരു കാര്യത്തിനു മേൽ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്തുന്ന പരിപാടിയാണ് റിട്രോസ്‌പെക്റ്റീവ് ടാക്‌സ്. നേരത്തെ ഹച്ചിൻസൺ എസ്സാറിനെ വൊഡാഫോൺ ഏറ്റെടുത്തപ്പോൾ ഇന്ത്യയിൽ മെർജർ ആൻഡ് അക്വിസിഷനുമായി ബന്ധപ്പെട്ട് പ്രത്യേക നികുതിവ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഇടപാട് നടന്നതിനു പിന്നാലെ, കമ്പനികളുടെ ലയനവും ഏറ്റെടുക്കലും ടാക്‌സ് ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്, അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പല രാഷ്ട്രങ്ങളിലും നിലവിലുള്ള നിയമമായിരുന്നു, ഇതെങ്കിലും ഇന്ത്യയിൽ വൊഡാഫോണിനെ മാത്രം ലക്ഷ്യമാക്കി ഇത്തരമൊരു നിയമം അവതരിപ്പിച്ചു എന്ന ആക്ഷേപം ശക്തമായിരുന്നു. അതു സംബന്ധിച്ച കേസ് ഇപ്പോഴും നടക്കുകയാണ്. അതിനിടയിലാണ്, പുതിയ പ്രഖ്യാപനം എന്നതുകൊണ്ടുതന്നെ, വിദേശ നിക്ഷേപകരുടെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇത് കാരണമാകും.

പ്രതിരോധമേഖലയിൽ 100% വിദേശ നിക്ഷേപം നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 49% എഫ്ഡിഐ അനുവദിക്കാനേ, ജയ്റ്റ്‌ലി തയ്യാറായുള്ളൂ. പ്രതിരോധ മേഖലയിലെ ഓഹരികൾ 10% കണ്ടു കൂപ്പുകുത്തിയത് വെറുതെയല്ല. അതേ സമയം ഇൻഷൂറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49% ആക്കി ഉയർത്തിയത്, ആ മേഖലയിൽ കൂടുതൽ ചലനം സൃഷ്ടിക്കും. ധനക്കമ്മി 201516 വർഷത്തിൽ 3.6%ൽ ഒതുക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. നിർമ്മാണമേഖലയിലും അടിസ്ഥാനമേഖലാ വികസനത്തിലും ശ്രദ്ധയർപ്പിക്കണമെന്ന കാര്യം ധനമന്ത്രി ഊന്നിപ്പറയുന്നു. പൊതുമേഖലാ ബാങ്കുകളുടെ ഭൂരിപക്ഷ നിയന്ത്രണം സർക്കാരിൽ തന്നെ നിലനിർത്തുമെന്ന് ബജറ്റ് സാക്ഷിക്കുന്നു. 51% ഓഹരി സർക്കാർ കൈവശം വയ്ക്കുന്നതിലൂടെ, വിപണിയുടെ സമ്മർദ്ദത്തെ ഒരു പരിധി വരെ അതിജീവിച്ചു എന്നു പറയാം. അതേ സമയം ബാങ്കുകൾക്ക് തങ്ങളുടെ 49% ഓഹരി വിറ്റഴിക്കുകയുമാവാം. മുൻകൂർ നികുതി അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കും. ചെലവുകുറഞ്ഞ ഭവന നിർമ്മാണത്തെ സംബന്ധിക്കുന്ന വ്യവസ്ഥകൾ ലഘൂകരിക്കും.

ഇന്ത്യയിലെ ഒൻപത് വിമാനത്താവളങ്ങളിൽ ഘട്ടംഘട്ടമായി ഇവിസ സംവിധാനം കൊണ്ടുവരും. ഇത് യാത്ര കൂടുതൽ സുഗമമാക്കാൻ ഉതകുന്നതും വിനോദസഞ്ചാര മേഖലയ്ക്കും ബിസിനസ് മേഖലയ്ക്കും ഒരേപോലെ ഗുണകരവുമാണ്. കാർഷികാവശ്യത്തിനുള്ള ജലവിതരണം മെച്ചപ്പെടുത്താൻ 1000 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. 2019 ഓടെ, എല്ലാ വീടുകളിലും സാനിറ്റേഷൻ സൗകര്യങ്ങൾ ഉറപ്പാക്കും. ഗ്രാമീണ ആരോഗ്യത്തെ വലിയ തോതിൽ മെച്ചപ്പെടുത്താൻ ഇടയാക്കുന്ന നടപടിയാണിത്. നഗരങ്ങളിൽ അടിസ്ഥാനമേഖലാ വികസനത്തിനായി 7060 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നൂറു സ്മാർട് സിറ്റികളാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇത് റിയൽ എസ്റ്റേറ്റ് വിപണിക്ക് ഉണർവ്വു പകരും. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്, കൂടുതൽ വായ്പകൾ ലഭ്യമാകാൻ സഹായിക്കും.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 50,047 കോടി രൂപ നീക്കിവയ്ക്കാനും മോദി സർക്കാർ ശ്രദ്ധിച്ചിരിക്കുന്നു. കിസാൻ വികാസ് പത്ര ഏർപ്പാടാക്കും. 14,389 കോടി രൂപയാണ് ഗ്രാമീണ റോഡുകളുടെ വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്കായി 3600 കോടി രൂപ ചെലവഴിക്കും. ആരും ക്ലെയിം ചെയ്യാത്ത പ്രൊവിഡന്റ് ഫണ്ടിലെ തുക ഉപയോഗപ്പെടുത്തി മുതിർന്ന പൗരന്മാരെ സഹായിക്കും. എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറയുന്നു. ഗ്രാമീണ ഊർജ്ജോത്പാദന വിതരണ രംഗങ്ങൾ മെച്ചപ്പെടുത്താൻ 500 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. പോസ്റ്റൽ സ്‌കീമുകളിലും മറ്റും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പണം, എന്തു ചെയ്യണമെന്ന് പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിക്കും. സബ്‌സിഡി വ്യവസ്ഥയെ പൊളിച്ചെഴുതാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് താത്ക്കാലികാടിസ്ഥാനത്തിൽ ദോഷം ചെയ്യുമെന്നു വേണം കരുതാൻ.

കറൻസി നോട്ടുകളിൽ ബ്രെയ്‌ലി ലിപി കൂടി ഉൾപ്പെടുത്തും. 15 പുതിയ ബ്രെയിൽ പ്രസുകൾ കൂടി തുടങ്ങും. വികലാംഗർക്കായി പ്രത്യേക പദ്ധതികൾ ആരംഭിക്കും.

പെൺകുട്ടികളോടുള്ള താത്പര്യക്കുറവ് പരിഹരിക്കാൻ ബേട്ടി പഠാവോ, ബേട്ടി ബഠാവോ യോജന എന്ന പുതിയ സ്‌കീമിനായി നൂറുകോടി രൂപ നീക്കിവയ്ക്കും. ഡൽഹിയിൽ സ്ത്രീകൾക്കായി ക്രൈസിസ് മാനേജ്‌മെന്റ് സെന്റർ ആരംഭിക്കും. നാഷണൽ ക്യാപ്പിറ്റൽ റീജിയണിലെ എല്ലാ ജില്ലകളിലും സെന്ററിന്റെ ഓഫീസുകളുണ്ടാവും. നിർഭയ ഫണ്ടിൽ നിന്നാവും അതിന് സാമ്പത്തികപിന്തുണ നൽകുക. എല്ലാ നഗരങ്ങളിലെയും സ്ത്രീസുരക്ഷയ്ക്കായി 150 കോടി രൂപ ചെലവഴിക്കും. ലിംഗവിവേചനം പരിഹരിക്കാൻ നൂറുകോടി വേറെ.

ദേശീയ ഭവന ബാങ്കിങ് പദ്ധതിക്കായി 8000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്കായി 14,389 കോടി രൂപയാണ് മാറ്റിവച്ചത്. ദേശീയ തൊഴിലുറപ്പു പദ്ധതിക്കായുള്ള അലോക്കേഷൻ അതേപോലെ തുടരും. അടുത്തിടെ ആരംഭിച്ച ആറു പുതിയ എയിംസ് ആശുപത്രികൾ പ്രവർത്തനസജ്ജമായി. ആന്ധ്ര, പശ്ചിമബംഗാൾ, വിദർഭ, പൂർവാഞ്ചൽ എന്നിവിടങ്ങളിൽ തുടങ്ങുന്ന നാലു പുതിയ എയിംസ് ആശുപത്രികൾക്കായി അഞ്ഞൂറുകോടി രൂപ നീക്കിവച്ചു. നാലെണ്ണം കൂടി പരിഗണനയിൽ. ദന്തചികിത്സാസൗകര്യങ്ങൾ അടക്കമുള്ള 12 പുതിയ ഗവൺമെന്റ് മെഡിക്കൽ കോളജുകൾ കൂടി തുടങ്ങും. യുവാക്കൾക്കായി സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാമുകളും നിർദ്ദേശിച്ചിട്ടുണ്ട്. ഊർജ്ജവിതരണം, സബ്‌സിഡിയോടു കൂടിയതും സബ്‌സിഡി ഇല്ലാത്തതും എന്നിങ്ങനെ രണ്ടായി തിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണിത്.

ഉത്പാദന യൂണിറ്റുകൾക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇനി അധിക അനുമതിയുടെ ആവശ്യമില്ല. ഇത് ധാരാളം ചെറുകിട ഉത്പാദക യൂണിറ്റുകളെ സഹായിക്കുന്ന നീക്കമാണ്.

മോദിക്ക് താത്പര്യമുള്ള പദ്ധതികളെല്ലാം ജയ്റ്റ്‌ലി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കിവയ്പ്പുകൾക്ക് ഉള്ള ഇംപാക്റ്റ് എന്താണെന്നു കണ്ടുതന്നെ അറിയണം. ഏതായാലും യുപിഎ ഗവൺമെന്റ് കഴിഞ്ഞ പത്തുവർഷമായി അവതരിപ്പിച്ചുകൊണ്ടിരുന്ന ബജറ്റിൽ നിന്ന് കാര്യമായ മാറ്റമൊന്നും ബജറ്റിലില്ല എന്നും പറയണം. ഉദാഹരണത്തിന് നാലു പുതിയ എയിംസ് ആശുപത്രികൾ കൂടി പരിഗണിക്കുന്നു എന്ന് ബജറ്റിൽ പരാമർശമുണ്ട്. ഈ പരിഗണന കൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല. ബജറ്റ് ആയതുകൊണ്ടുതന്നെ, ഒന്നുകിൽ ഫണ്ട് അലോട്ട് ചെയ്യപ്പെടും, അല്ലെങ്കിൽ ആ പദ്ധതിയേ ഇല്ല എന്നു തന്നെയാണ് കരുതേണ്ടിവരിക.