- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ക്ലാസുകാരനെ പട്ടാപ്പകൽ കഴുത്തറത്തുകൊന്നത് കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം തീർക്കാൻ; റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തതും മാനസികരോഗാശുപത്രിയിൽ ആക്കിയതും അബ്ബാസ് മൂലമെന്ന് കരുതി കൊല നടത്തി
കാസർകോട്: സ്‌കൂളിലേക്ക് പോകുമ്പോൾ പെരിയ കല്യോട്ടെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫയദിനെ വെട്ടിക്കൊന്ന കണ്ണോത്ത് വലിയവളപ്പിലെ വി.വി.വിജയകുമാർ (35) രാജ്യ ദ്രോഹകുറ്റത്തിന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തി. ഈ കേസിൽ തന്നെ കുരുക്കിയത് ഫയദിന്റെ അച്ഛൻ അബ്ബാസാണെന്നായിരുന്നു വിജയകുമാറിന്റെ നിലപാട്. ഈ പ്രതികാരമാണ് ഫയദിന്റെ കൊ
കാസർകോട്: സ്‌കൂളിലേക്ക് പോകുമ്പോൾ പെരിയ കല്യോട്ടെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫയദിനെ വെട്ടിക്കൊന്ന കണ്ണോത്ത് വലിയവളപ്പിലെ വി.വി.വിജയകുമാർ (35) രാജ്യ ദ്രോഹകുറ്റത്തിന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തി. ഈ കേസിൽ തന്നെ കുരുക്കിയത് ഫയദിന്റെ അച്ഛൻ അബ്ബാസാണെന്നായിരുന്നു വിജയകുമാറിന്റെ നിലപാട്. ഈ പ്രതികാരമാണ് ഫയദിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് വിജയകുമാർ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു.
2014 ജൂണിൽ മംഗലാപുരത്തിനും മലപ്പുറത്തിനുമിടയിലുള്ള റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നാലു മാസത്തിനകം അട്ടിമറിയോ അപകടമോ ഉണ്ടാവുമെന്ന് മൊബൈൽ എസ്.എം.എസ്. അയച്ചതിനാണ് വിജയകുമാറിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റം പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നിൽ അബ്ബാസായിരുന്നുവെന്നാണ് വിജയകുമാറിന്റെ കണ്ടെത്തൽ. തന്നെ മാനസിക രോഗിയായി ചിത്രീകരിച്ചതിലും അയൽവാസിയായ അബ്ബാസിന് പങ്കുണ്ടെന്ന് കരുതി. ഈ പകയാണ് പട്ടാപ്പകൽ അബ്ബാസിന്റെ മകനെ കൊല ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അബ്ബാസിനോടുള്ള വ്യക്തിവൈരാഗ്യം മൂലം കരുതിക്കൂട്ടിയാണ് ഫയദിനെ കൊന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തതിനുശേഷം വിജയകുമാർ ജാമ്യത്തിൽ ഇറങ്ങി. 2014 ജൂൺ 27 ന് രാത്രി രാത്രി ഒൻപത് മണിയോടെയാണ് തിരുവനന്തപുരത്തെ റെയിൽവേ കൺട്രോൾ സ്റ്റേഷനിലെ മൊബൈൽ നമ്പറിൽ രണ്ട് മെസേജ് വന്നത്. റെയിൽവേയുടെ മംഗലാപുരത്തിനും മലപ്പുറത്തിനുമിടയിൽ നാല് മാസത്തിനകം അപകടമോ അട്ടിമറിയോ നടക്കുമെന്നായിരുന്നു എസ്.എം.എസ്. സൈബർ സെല്ലിന്റെ സഹായത്തോടെ അമ്പലത്തറ പരിധിയിൽ കണ്ണോത്ത് വലിയവളപ്പിലെ വി.വി.വിജയകുമാറിന്റെ മൊബൈലിൽ നിന്നാണ് മെസേജ് വന്നതെന്ന് കണ്ടെത്തി. ഇതോടെയായിരുന്നു അറസ്റ്റ്.
മെസേജ് അയച്ച മൊബൈലും ഇയാളിൽ നിന്ന് പിടികൂടിയിരുന്നു. മൂന്ന് മെസേജുകൾ മൊബൈലിൽ ഉണ്ടായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയാണ് വിജയകുമാർ. വിദ്യാഭ്യാസം കുറവാണെങ്കിലും ഇയാൾക്ക് സാങ്കേതികമായി നല്ല അറിവുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുറിയിൽ ഇയാൾ നിർമ്മിച്ച മെക്കാനിക്കൽ സംബന്ധമായ ഉപകരണങ്ങൾ അന്ന് പരിശോധനയിൽ പൊലീസ് മനസിലാക്കിയിരുന്നു. റെയിൽവേ ടിക്കറ്റിൽ നിന്നാണ് കൺട്രോൾ മുറിയിലെ നമ്പർ കിട്ടിയതെന്നാണ് അന്ന് വിജയകുമാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇതിനെല്ലാം പിന്നീൽ ഫയദിന്റെ അച്ഛൻ അബ്ബാസാണെന്നാണ് ഭാഷ്യം. എന്നാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കോൺഗ്രസുകാരിനായിരുന്ന വിജയകുമാർ ഈയിടെയാണ് ബിജെപിയിൽ ചേർന്നത്.
അതിനിടെ കഴിഞ്ഞദിവസം അതിദാരുണമായി കൊല്ലപ്പെട്ട ഫഹദിന്റെ നിർധന കുടുംബത്തിന് 15 ലക്ഷം രൂപ അടിയന്തര സഹായമെത്തിക്കണമെന്ന് എംഎൽഎമാരായ കെ കുഞ്ഞിരാമനും ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത കാട്ടിയ നരാധമനെ മനോരോഗിയായി ചിത്രീകരിക്കുന്ന പൊലീസ് നടപടി കൊലപാതകിയെ വെള്ളപൂശാനാണ്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് വ്യക്തമാണ്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പൊലീസിന് നേരത്തെ അറിവുള്ളതാണ്. മുൻ കേസുകളിൽ മതിയായ അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിച്ചിരുന്നെങ്കിൽ കൊല നടക്കുമായിരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
അന്വേഷണത്തിന്റെ തുടക്കത്തിലേ പ്രതിയെ മനോരോഗിയായി ചിത്രീകരിക്കാൻ അന്വേഷക സംഘത്തിന് എന്തവകാശമാണുള്ളത്. സിപിഐ എം പ്രവർത്തകനും പാറപ്പള്ളയിലെ നിർധന കുടുംബാംഗവുമായ അബ്ബാസിന്റെ കുടുംബത്തിന്റെ പ്രതീക്ഷയാണ് മകൻ കൊല്ലപ്പെട്ടതോടെ തകർന്നത്. കൊലപാതകം നേരിൽകണ്ട വിദ്യാർത്ഥികൾ ഭയവിഹ്വലരാണ്. ഇവർക്കാവശ്യമായ കൗൺസലിങ് നൽകണം. കൊല്ലപ്പെട്ട ഫഹദിന്റെ വീടും കല്യോട്ട് ഹയർസെക്കൻഡറി സ്‌കൂളും കൊലനടന്ന സ്ഥലവും എംഎൽഎമാർ സന്ദർശിച്ചു.