- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത തെളിയിച്ചു; കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുന്നു'; രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പിടി ഉഷയെ പരോക്ഷമായി വിമർശിച്ച് എളമരം കരീം; തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേയെന്ന് സന്ദീപ് വാര്യർ
കോഴിക്കോട്: രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത മലയാളത്തിന്റെ അഭിമാനമായ ഒളിംപ്യൻ പി.ടി.ഉഷയെ പരോക്ഷമായി വിമർശിച്ച് സിപിഎം നേതാവും എംപിയുമായ എളമരം കരീം. 'ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത തെളിയിച്ചാണ്' പി.ടി.ഉഷ രാജ്യസഭയിലെത്തുന്നതെന്നായിരുന്നു എളമരം കരീമിന്റെ പരിഹാസം. മനുഷ്യാവകാശപ്രവർത്തക തീസ്ത സെതൽവാദിനെയും മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗൺഹാളിൽ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഉഷയുടെ പേര് പറയാതെ എളമരം കരീം വിമർശനമുന്നയിച്ചത്.
സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവർക്ക് പാരിതോഷികങ്ങൾ ലഭിക്കുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കേസിൽ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇപ്പോൾ കേരളത്തിൽനിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവർ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞു.
പി ടി ഉഷ, സംഗീത സംവിധായകൻ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകൻ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഇന്ത്യക്കാർക്കെല്ലാം പ്രചോദനമാണ് പി ടി ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. കായികലോകത്ത് ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാർത്തെടുക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണെന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉഷയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
വിവാദ പരാമർശത്തിനു പിന്നാലെ എളമരം കരീമിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായികതാരങ്ങളിൽ ഒരാളായ ഒളിംപ്യൻ പി.ടി.ഉഷയുടെ യോഗ്യത അളക്കാൻ ശ്രമിച്ചതു വഴി രാജ്യത്തിന്റെ കായികമേഖലയെയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എംപി അപമാനിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിമർശിച്ചു.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പി.ടി. ഉഷ രാജ്യത്തിനു നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. പല രാജ്യാന്തര മത്സര വേദികളിലും ഇന്ത്യൻ ദേശീയപതാക വിജയക്കൊടിയായി പാറിച്ച രാജ്യത്തിന്റെ അഭിമാനമാണ് അവർ. രാജ്യത്തിനു വേണ്ടി ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച പി.ടി.ഉഷയുടെ രാജ്യസഭാംഗത്വത്തെ അവഹേളിക്കാൻ രാജ്യദ്രോഹികൾക്ക് മാത്രമേ കഴിയൂ. കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ കായിക പ്രതിഭയെ അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്കു ചേർന്നതല്ലെന്ന് കരീം മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പി ടി ഉഷയെ വിമർശിച്ച എളമരം കരീമിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ എളമരം കരീമിനെതിരെ രംഗത്തെത്തിത്. പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേയെന്ന് ബിജെപി നേതാവ് കുറിപ്പിൽ പറഞ്ഞു.
പി ടി ഉഷ, ഇന്ത്യ എന്ന് മാത്രം മേൽവിലാസമെഴുതിയ കത്ത് ഒരു കാലത്ത് പയ്യോളിയിലെ വീട്ടിൽ കൃത്യമായി എത്തുമായിരുന്നു. എളമരം കരീം, ഇന്ത്യ എന്ന മേൽ വിലാസത്തിൽ കത്ത് വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ കൊടുക്കണോ സിപിഎം ഓഫീസിൽ കൊടുക്കണോ അതോ എൻഐഎ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം.
തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത്, ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകൾ കൊണ്ട് വന്ന സുവർണ ചരിത്രമാണെന്നും സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാർട്ടി ചീട്ടിൽ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ. എന്താണെന്നറിയാമോ ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേൽവിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടിൽ കൃത്യമായി എത്തുമായിരുന്നു .
എളമരം കരീം, ഇന്ത്യ എന്ന മേൽ വിലാസത്തിൽ കത്ത് വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ കൊടുക്കണോ സിപിഎം ഓഫീസിൽ കൊടുക്കണോ അതോ എൻ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം .
തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകൾ കൊണ്ട് വന്ന സുവർണ ചരിത്രമാണ്. സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാർട്ടി ചീട്ടിൽ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത് .
മറുനാടന് മലയാളി ബ്യൂറോ