കൊല്ലം: യുവാവ് നൽകിയ രഹസ്യവിവരത്തെത്തുടർന്ന് എക്സൈസിന്റെ പിടിയിലായ ചാരായംവാറ്റുകാരി യുവാവിന്റെ അമ്മയെ പോക്സോ കേസിൽ കുടുക്കിയതായി പരാതി. തുടർന്ന്, പട്ടികജാതിക്കാരിയായ വയോധിക ജയിൽവാസം അനുഭവിക്കേണ്ടി വന്നത് നീണ്ട 45 ദിവസങ്ങൾ. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ മൊഴിയെടുത്ത പൊലീസ് നിരപരാധിയായ തന്നെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയി കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നു മൈലമൂട് കുന്നിൽചരുവിളപുത്തൻ വീട്ടിൽ ശ്രീമതി (73) മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

പരാതി മനുഷ്യാവകാശ കമ്മിഷനും സമർപ്പിച്ചു. കേസിന്റെ വിവരമോ തന്റെ വാദമോ കേൾക്കാതെയാണു കേസിൽ കുടുക്കിയതെന്നു ശ്രീമതി പറയുന്നു. വാക്സീൻ സ്വീകരിച്ചു വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അതിനുപോലും അനുവദിക്കാതെ ഉടൻ തിരികെ എത്തിക്കാമെന്നു പറഞ്ഞു പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിന് ആളുണ്ടോയെന്നു മാത്രമായിരുന്നു ചോദ്യമെന്നും ശ്രീമതി പറഞ്ഞു. പിന്നീടു 45 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

കേസ് പുനരന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ആദ്യപരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, പരാതി കള്ളക്കേസിനു വേണ്ടി കെട്ടിച്ചമച്ചതാണെന്ന് ഉറപ്പാക്കി തള്ളിക്കളഞ്ഞിരുന്നു. പിന്നീടു പൊലീസിനെ സ്വാധീനിച്ചു നൽകിയ പരാതിയിലാണു കള്ളക്കേസിൽപ്പെടുത്തിയതെന്നാണു ശ്രീമതിയുടെ പരാതി. തകർന്നു വീഴാറായ വീട്ടിൽ ഒറ്റയ്ക്കാണിവർ താമസിക്കുന്നത്.

അയൽക്കാരി സമീപത്തുള്ള ഫാം ഹൗസിൽ ചാരായം വിൽപന നടത്തുന്ന വിവരം തന്റെ മകൻ അനിൽ എക്സൈസ് സംഘത്തെ അറിയിച്ചതാണു പകപോക്കാനുള്ള കാരണമെന്നു ശ്രീമതി പറയുന്നു. സമൂഹത്തിൽ തനിക്കു മാനഹാനി വരുത്തിയ കള്ളക്കേസിൽ അടിയന്തര നടപടി വേണം. നിരപരാധിത്വം സമൂഹത്തെ ബോധ്യപ്പെടുത്തണം. കേസിൽപ്പെട്ടതോടെ ഒറ്റപ്പെടലിലാണു തന്റെ ജീവിതമെന്നും ശ്രീമതി പറയുന്നു. 1990ലെ കുളത്തൂപ്പുഴ പൊലീസ് വെടിവയ്പിൽ മരിച്ച ആർഎസ്എസ് പ്രവർത്തകൻ മണിക്കുട്ടന്റെ അമ്മയാണു ശ്രീമതി. മണിക്കുട്ടനെ കൂടാതെ മറ്റ് മൂന്ന് മക്കൾ കൂടി ശ്രമതിക്കുണ്ട്