മേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം അവശേഷിക്കവെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റന്റെ ലീഡ് ചീട്ട്കൊട്ടാരം പോലെ തകർന്നടിഞ്ഞു. ഇമെയിൽ ചോർന്ന അന്വേഷണം എഫ്ബിഐ വീണ്ടും ഏറ്റെടുക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് അവസാന നിമിഷം ഹില്ലാരിക്ക് തിരിച്ചടിയായിരിക്കുന്നത്. തൽഫലമായി 12 പോയിന്റ് ലീഡ് നില ഏറ്റവും ഒടുവിലത്തെ പോളിൽ വെറും രണ്ട് പോയിന്റായി ഇടിഞ്ഞ് താണിരിക്കുകയാണ്. ഇതനുസരിച്ച് നിലവിൽ ഹില്ലാരിക്ക് 47 ശതമാനം പേരുടെ പിന്തുണയുള്ളപ്പോൾ ട്രംപിന് 45 ശതമാനം പേരുടെ പിന്തുണയുണ്ടെന്നും വ്യക്തമായിട്ടുണ്ട്. എബിസിയും ദി വാഷിങ്ടൺ പോസ്റ്റും സംയുക്തമായിട്ടാണീ പോൾ നടത്തിയിരിക്കുന്നത്. എന്നാൽ ഈ ആഴ്ചയുടെ തുടക്കത്തിൽ ഹില്ലാരിക്ക് 50 ശതമാനത്തിന്റെ പിന്തുണയുണ്ടായിരുന്നപ്പോൾ ട്രംപിന് വെറും 38 ശതമാനത്തിന്റ പിന്തുണയേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ തിങ്കളാഴ്ച ഹില്ലാരിയുടെ പിന്തുണ ഒരു പോയിന്റിടിയുകയും 49 ശതമാനമാവുകയും ട്രംപിന്റേത് രണ്ട് പോയിന്റുയർന്ന് 40 ശതമാനമാവുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഇരുവരുടെയും പോയിന്റ് നില തൊട്ടുതൊട്ടിലെന്ന നിലയിലായിരുന്നു. ബുധനാഴ്ച ഇരുവരും തമ്മിൽ ലീഡിലുള്ള വ്യത്യാസം വെറും 4 പോയിന്റുകൾ മാത്രമായിരുന്നു. വ്യാഴാഴ്ച ഹില്ലായിയുടെ ലീഡിൽ 50 ശതമാനം താഴ്ചയാണ് ദൃശ്യമായിരുന്നത്. സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കാലത്ത് ഹില്ലാരിയുടെ ഇമെയിൽ ഉപയോഗത്തിലെ വിവാദങ്ങളെ കുറിച്ചുള്ള അന്വേഷണം പുനരാരംഭിക്കുമെന്ന് എഫ്ബിഐ വെള്ളിയാഴ്ച പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഹില്ലായുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നത്.

എഫ്ബിഐയുടെ തീരുമാനത്തെ ശക്തമായി സ്വാഗതം ചെയ്തുകൊണ്ട് വെള്ളിയാഴ്ച രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ കേസിൽ ഹില്ലാരിക്കെതിരായ വിധിയുണ്ടായി നീതിയുടെ അന്തിമവിജയമുണ്ടാകുന്നത് വരെ കേസ് അവസാനിപ്പിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹില്ലാരിയുടെ എയ്ഡായ ഹുമ അബെഡിൻ അവരുടെ ഭർത്താവായ ആന്റണി വെയ്നർക്ക് നൽകിയ ഒരു ലാപ്ടോപ്പ് അന്വേഷകർ കണ്ട് കെട്ടിയതിനെ തുടർന്നായിരുന്നു എഫ്ബിഐ പുനരന്വേഷണത്തിന് തീരുമാനിച്ചിരുന്നത്. 15 വയസുള്ള പെൺകുട്ടിക്ക് ലൈംഗികത കലർത്തിയുള്ള മെസേജ് അയച്ചതിന് അന്വേഷണം നേരിടുന്നയാളാ് വെയ്നർ. സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കാലത്ത് ഹില്ലാരി പഴ്‌സണൽ ഇമെയിൽ പ്രൈവറ്റ് സെർവറിൽ ഹോസ്റ്റ് ചെയ്ത സംഭവം വൻ വിവാദമായിരുന്നു. തന്ത്രപ്രധാനമായ പല ഔദ്യോഗിക ഇമെയിലുകളും ചോരാൻ ഇത് കാരണമായെന്ന ആശങ്കയും ശക്തമാണ്.2009 മുതൽ 2013 വരെ ഹില്ലാരി സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കാലത്ത് അവരുടെ ജീവനക്കാരുടെ ചീഫായിരുന്നു അബെഡിൻ .

ഇതിനെ തുടർന്ന് ട്രംപിനുള്ള പിന്തുണ കുത്തനെയാണ് കുതിച്ചുയർന്നിരിക്കുന്നത്. റിപ്പബ്ലിക്കൻ വോട്ടർമാരുടെ പിന്തുണ വർധിച്ചതിന് പുറമെ ഇൻഡിപെന്റന്റുകളും ട്രംപിന് അനുകൂലമായിട്ടാണ് ചിന്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.