കോഴിക്കോട്: മെഗാഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന 'എന്ന് നിന്റെ മൊയ്തീൻ' സിനിമ പക്ഷേ മുക്കം നഗരസഭയിൽ വോട്ടായില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളായി മൽസരിച്ച ബി.പി മൊയ്തീന്റെ സഹോദരൻ ബി.പി റഷീദും കാഞ്ചനമാലയുടെ സഹോദരൻ കൊറ്റങ്ങൽ സുരേഷ്ബാബുവും, എൽ.ഡി.എഫ് സ്ഥാനാർത്ഥികളോട് പരാജയപ്പെട്ടു.

ഇതിൽ സുരേഷ്ബാബു എവിടെയും സിനിമയുടെ പേര് പറഞ്ഞ് വോട്ടൊന്നും പിടിച്ചില്‌ളെങ്കിലും ബി.പി റഷീദിന്റെ കാര്യം അങ്ങനെയായിരുന്നില്ല. മൊയ്തീൻ സിനിമയുടെ അണിയറപ്രവർത്തകരിൽ ഒരാൾകൂടിയായ റഷീദിന്റെ പ്രചാരണങ്ങളിലെല്ലാം സിനിമ കടന്നുവന്നിരുന്നു.

എന്നാൽ ബി.പി മൊയ്തീൻ ജീവിച്ചിരുന്നപ്പോൾ കാര്യമായ അടുപ്പം റഷീദും കൂട്ടരുമായി ഉണ്ടായിരുന്നില്ലെന്നും മൊയ്തീൻ ഉയർത്തിയ മാനവികതയുടെ ആശയങ്ങൾക്ക് വിരുദ്ധമായി രാഷ്ട്രീയം കളിക്കുന്ന ആളാണ് റഷീദ് എന്നും പറഞ്ഞ് ഇടതുപക്ഷം ശക്തമായ കാമ്പയിനാണ് അഴിച്ചുവിട്ടത്.
മുക്കം നഗരസഭയിലെ 15ാം വാർഡ് കൈയിട്ടപൊയിലിൽ വെറും 155 വോട്ട് വാങ്ങി ബിജെപിക്ക് പിറകിൽ മൂന്നാംസ്ഥാനത്ത് എത്താനായിരുന്നു റഷീദിന്റെ വിധി.

എന്നാൽ 16ാം വാർഡായ വെസ്റ്റ്മാമ്പറ്റയിൽനിന്നും മൽസരിച്ച സുരേഷ്ബാബു നല്ല പോരാട്ടം നടത്തിയാണ് പരാജയപ്പെട്ടത്. മൊയ്തിന്റെയു, കാഞ്ചനമാലയുടെയും ബന്ധുക്കൾ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെ വാർത്തയായിരുന്നു. മുക്കത്തെ തെരഞ്ഞെടുപ്പിൽ ഇത്തവണ മൊത്തം മൊയ്തീൻ മയമായിരുന്നു. അതിലെ ഗാനങ്ങളുടെ പാരഡിയും, ഡയലോഗുകളും ഒക്കെ പ്രചാരണത്തിൽ എവിടെയും കേൾക്കാമായിരുന്നു.

തങ്ങൾക്ക് മുൻതൂക്കമുള്ള പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ഈസി വാക്കോവർ എന്ന് കരുതിയാണ് മുക്കം പഞ്ചായത്തിനെ യു.ഡി.എഫ് നഗരസഭയാക്കി ഉയർത്തിയത്. കോൺഗ്രസിനും ലീഗിനും നല്ല ശക്തിയുള്ള മേഖലകൾ ഇവിടെയുണ്ട്. മുക്കത്തെ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന ബി.പി മൊയ്തീന്റെ പിതാവ് ബി.പി ഉണ്ണിമോയിൻ സാഹിബ് കോൺഗ്രസിനുവേണ്ടി പതിറ്റാണ്ടുകളോം ഭരിച്ച പഞ്ചാത്താണിത്. എന്നാൽ ഇടതുപക്ഷം ഇവിടെ ആകെയുള്ള 33സീററിൽ 21സീറ്റ് പിടിച്ച് മുന്നേറുകയായിരുന്നു.

മൊയ്തീൻ സിനിമയിൽ കാണിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ തുരത്തുള്ള മിക്ക പഞ്ചായത്തിലും ലീഗിന്റെ കോട്ടകൾ തകർത്ത് സിപിഐ(എം) മുന്നേറി. കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലൊക്കെ വൻ മുന്നേറ്റമാണ് എൽ.ഡി.എഫ് കാഴിചവച്ചത്. മൊയ്തീൻ ഉയർത്തിയ മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് ഇതെന്ന് പറഞ്ഞ് ഇപ്പോൾ മുക്കത്ത് പലയിടങ്ങളിലും എൽ.ഡി.എഫിന്റെ ഫക്‌സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.