മുംബൈ: രാജ്യം ഒന്നാകെ നോക്കിക്കാണുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലത്തിന്റെ അലയൊലികൾ ഓഹരിവിപണിയിലും പ്രകടമാവുന്നു. ബിജെപിക്കെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം കാഴ്ച വെച്ചപ്പോൾ ആദ്യം സെൻസെക്‌സ് 850 പോയിന്റ് ഇടിഞ്ഞിരുന്നും എന്നാൽ പിന്നീട് ബിജെപി മുന്നോട്ട് കുതിച്ചപ്പോൾ സെൻസെക്‌സും കുതിക്കുകയാണ്,200 പോയന്റാണ് സെൻസെക്‌സ് കുതിച്ചത്, നിഫ്റ്റി 200 പോയിന്റും താഴേക്ക് പോയെങ്കിലും ഇപ്പോൾ 75 പോയിന്റുകൾ വർധിച്ചു.

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപി അധികാരത്തിലെത്തുമെന്ന വിലയിരുത്തലുണ്ടായപ്പോൾ ഓഹരി വിപണി വലിയ രീതിയിൽ മുന്നോട്ട് കുതിച്ചിരുന്നു.കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 33,462.97 പോയിന്റിലും നിഫ്റ്റി 10,333.25 പോയിന്റിലുമായിരുന്നു ഉണ്ടായത്. .

ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭകളിലേക്കു 2013 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിലും 2014 മേയിൽ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേടിയ വിജയങ്ങൾ ഓഹരി വില സൂചികകളെ റെക്കോർഡിലേക്ക് ഉയർത്തിയിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ യുപിയിലെയും മറ്റും ബിജെപി വിജയവും വിലസൂചികകൾക്കു സമ്മാനിച്ചതു സർവകാല ഉയർച്ചയാണ്.