ഹൈദരാബാദ്: തെലങ്കാനയിൽ വീട്ടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തോടെ കൂടുതൽ ഇടപെടലുകൾക്ക് കേന്ദ്ര സർക്കാർ. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വിഷയത്തിൽ ഇടപെടുന്നത്. ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി ആവശ്യമായ നടപടികൾ ശുപാർശ ചെയ്യും.

ഇത്തരം അപകടങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. കമ്പനികൾ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള മുഴുവൻ വാഹനങ്ങളും തിരിച്ചുവിളിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ഉത്തരവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷാ ഉറപ്പുവരുത്താൻ കമ്പനികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തെലുങ്കാനയിൽ 80-കാരനായ രാമസ്വാമിയാണ് മരിച്ചത്. അപകടത്തിൽ രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു.

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. സ്‌കൂട്ടറിൽ നിന്ന് എടുത്തുമാറ്റി വീട്ടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ബാറ്ററി പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നു. രാമസ്വാമിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യയ്ക്കും മകനും മരുമകൾക്കും പൊള്ളലേറ്റത്. രാമസ്വാമിയുടെ മകൻ പ്രകാശ് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഒരുവർഷമായി ഈ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രകാശ് ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌കൂട്ടർ നിർമ്മാതാക്കളായ പ്യുവർ ഇവിക്കെതിരേയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നു്ം സ്‌കൂട്ടർ നിർമ്മാതാക്കളായ പ്യുവർ ഇവി പ്രതികരിച്ചു. പ്രകാശ് എന്ന വ്യക്തിക്ക് വാഹനം വിറ്റ രേഖ തങ്ങളുടെ കൈവശമില്ലെന്നും കമ്പനി അറിയിച്ചു. കേന്ദ്രസർക്കാർ ഇത്തരം സ്‌കൂട്ടറുകൾക്ക് പ്രത്യേക പ്രോൽസാഹനം നൽകിവരുന്നതിനിടെയാണ് സ്‌കൂട്ടറുകൾ പൊട്ടിത്തെറിക്കുന്നത് പതിവായിരിക്കുന്നത്. പെട്രോൾ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം സ്‌കൂട്ടറുകൾക്ക് സർക്കാർ പ്രോൽസാഹനം നൽകുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചതും നേരത്തെ ചർച്ചയായിരുന്നു. ഈ സംഭവത്തിൽ 60കാരൻ മരണമടഞ്ഞിരുന്നു. ന്യൂഡൽഹിയിലെ ഗുരുഗ്രാം സെക്ടർ 44ലെ കൻഹായി ഗ്രാമത്തിലായിരുന്നു ഈ ദുരന്തം. രാത്രി വീട്ടിനുള്ളിൽ ഇവരുടെ ഇലക്ട്രിക്ക് സ്‌കൂട്ടർ ചാർജ് ചെയ്യാൻ വച്ച ശേഷം കുടുംബാംഗങ്ങൾ അഞ്ച് പേരും ഒരേ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ചാർജിംഗിനിടെ അമിതമായി ചൂടായ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ കുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന കമ്പിളി പുതപ്പിലേക്ക് തീ പടരുകയും വീട് മുഴുവൻ അഗ്നിക്കിരയാവുകയുമായിരുന്നു.

ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കനത്ത പുക കാരണം രക്ഷാ പ്രവർത്തനം ദുഷ്‌ക്കരമായിരുന്നു. ഇവർ കിടന്നുറങ്ങിയിരുന്ന മുറിക്ക് പുറത്തായിരുന്നു സ്‌കൂട്ടർ വച്ചിരുന്നതെന്നും മുറിക്കുള്ളിൽ നിന്നുമായിരുന്നു ചാർജ് ചെയ്തിരുന്നതെന്നം സംഭവം അന്വേഷിക്കുന്ന ഗുരുഗ്രാം സ്റ്റേഷൻ ഹൗസ് ഓഫീസർ കുൽദീപ് ദാഹിയ പറഞ്ഞിരുന്നു. ഡിസംബറിലായിരുന്നു ഈ സംഭവം. ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായിരുന്നു. വാഹന ഷോറൂം പൂർണമായി കത്തി നശിച്ചു. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിലാണ് സംഭവം. അപകടത്തിന് ദിവസങ്ങൾക്ക് മുമ്പ് 3,215 യൂണിറ്റ് 'പ്രൈസ് പ്രോ' മോഡൽ സ്‌കൂട്ടറുകൾ ഒകിനാവ തിരികെ വിളിച്ചിരുന്നു. ബാറ്ററി പ്രശ്നങ്ങൾ പരിശോധിക്കാനാണ് എന്നായിരുന്നു വിശദീകരണം.

മാർച്ചിൽ വെല്ലൂരിൽ ചാർജ് ചെയ്യന്നതിനിടെ, ഒകിനാവ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു. വേനൽക്കാലം ആരംഭിച്ചതിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിക്കുന്നത് കൂടുകയാണ്.