തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സൗജന്യ ചാർജ്ജിങ് സൗകര്യം കെസ്ഇബി അവസാനിപ്പിക്കുന്നു.യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാൻ റഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചു.ആറു മാസത്തിനുള്ളിൽ അറൂന്നൂറ് ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കെഎസ്ഇബി തയ്യാറെടുക്കുകയാണ്.

രണ്ടാഴ്ചക്കുള്ളിൽ വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും. ഇതിനായിറഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്. യൂണിറ്റിന് 15 രൂപ ഈടാക്കും. ഒരു കാർ ഒരു തവണ പൂർണമായി ചാർജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. എന്നാൽ നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്പോൾ ഇത് ലാഭകരമെന്നാണ് വാഹനമേഖലയിലുള്ളവരുടെ വിലയിരുത്തൽ

കോവിഡ് ലോക്ഡൗണും മാന്ദ്യവുമൊക്കെ വന്നെങ്കിലും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം 1324 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസറ്റർ ചെയ്തത്. എന്നാൽ ഈ വർഷം ഇതുവരെ 3313 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കെഎസ്ഇബി തയ്യാറെടുക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇ -വെഹിക്കിൾ നയപ്രകാരം വൈദ്യുതി ചാർജ്ജ് സ്‌ററേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെഎസ്ഈബിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആറ് കോർപ്പറേഷൻ പരിധികളിൽ ഇതിന്റെ ഭാഗമായി കെഎസ്ഈബി ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. 56 സ്റ്റേഷനുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് റീചാർജ്ജിങ് സൗജന്യമാക്കിയിരുന്നു. ഇതവസാനിപ്പിക്കുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.