കോഴിക്കോട്: സമരം നടത്തിയതിന്റെ പേരിൽ ഗർഭിണിയായ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട സംഭവത്തിലൂടെ വിവാദത്തിലായ മലബാർ മെഡിക്കൽ കോളേജിൽ വൻ വൈദ്യുതി മോഷണം കണ്ടെത്തി. മിന്നൽ പരിശോധനയിൽ 72 ലക്ഷം രൂപയുടെ വൈദ്യുതി ദുരുപയോഗമാണു കണ്ടെത്തിയത്.

കെ.എസ്.ഇ.ബി. വിജലൻസ് നടത്തിയ മിന്നൽപ്പരിശോധനയിലാണു മലബാർ മെഡിക്കൽ കോളേജിൽ 72 ലക്ഷം രൂപയുടെ വൈദ്യുതി ദുരുപയോഗം കണ്ടെത്തിയത്. ഭൂഗർഭകേബിൾ വഴി അനധികൃതമായി വൈദ്യുതികൊണ്ടുപോയി ഉപയോഗിച്ചുവരുകയായിരുന്നു.

നിയമാനുസൃതം വൈദ്യുതി കണക്ഷൻ നൽകിയ കെട്ടിടത്തിനു പുറമേ സമീപമുള്ള ഏഴ് ബഹുനില കെട്ടിടങ്ങളിലേക്ക് ഭൂഗർഭകേബിൾ വഴി അനധികൃതമായി വൈദ്യുതികൊണ്ടുപോയി ഉപയോഗിച്ചുവരുന്നതിനാണ് പിഴ ചുമത്തിയത്. ചീഫ് വിജിലൻസ് ഓഫീസർ കെ. പത്മകുമാറിന്റ നിർദ്ദേശപ്രകാരം ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

നേഴ്സിങ് സമരത്തിന്റെ പശ്ചാത്തലത്തിൽ ഗർഭിണിയായ നേഴ്സിനെ മാനേജ്മെന്റ് ഹോസ്റ്റലിൽ പൂട്ടിയിട്ട സംഭവം നടന്ന സ്വകാര്യ മെഡിക്കൽ കോളേജാണിത്. സംഭവം ഏറെ വിവാദമായിരുന്നു. ഫെബ്രുവരിയിലായിരുന്നു സംഭവം. അവശനിലയിലായ നേഴ്‌സിനെ സഹപ്രവർത്തകർ വാതിൽ തകർത്താണ് ഒടുവിൽ രക്ഷപ്പെടുത്തിയത്.

സഹപ്രവർത്തകരെ പിരിച്ചു വിട്ടതിൽ പ്രതിഷേധിച്ചാണ് നേഴ്‌സുമാർ സമരം ചെയ്തിരുന്നത്. ഇതിനുള്ള പ്രതികാര നടപടിയായാണു ഗർഭിണിയായ നേഴ്‌സിനെ പൂട്ടിയിട്ടത്. നേഴ്സിങ് ഹോസ്റ്റൽ അടച്ചുപൂട്ടുകയും വെള്ളവും വൈദ്യുതി ബന്ധവും വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണു ഹോസ്റ്റലിനുള്ളിലുണ്ടായിരുന്ന ചെമ്പിലോട് സ്വദേശിയായ ഗർഭിണിയായ യുവതി മുറിയിൽ കുടുങ്ങിയത്. സഹപ്രവർത്തകർ അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. ഒടുവിൽ നഴ്സുമാർഹോസ്റ്റൽവാതിൽ പൊളിച്ച് നഴ്സിനെ രക്ഷിച്ചു. അവശനിലയിലായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ആശുപത്രി അധികൃതർ നഴ്സുമാരെ മർദിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വിവാദവാർത്തകളുമായി നിറഞ്ഞ മെഡിക്കൽ കോളേജിൽ നിന്നാണു പുതിയ വാർത്ത വരുന്നത്.