തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ ശാരീരിക ബുദ്ധിമുട്ടുകളുള്ള രോഗികൾക്ക് ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് ചികിത്സ ആവശ്യത്തിന് പോകാനായി വാങ്ങിയ ഇലക്ട്രോണിക് കാറുകൾ കട്ടപ്പുറത്തായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ.ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ കാറുകൾ ഇപ്പോൾ പൊടിപിടിച്ച് ഒപി ബ്ലോക്കിന്റെ മൂന്നാം നിലയിൽ വിശ്രമിക്കുകയാണ്.കാറിനായി നിയമിച്ച ഡ്രൈവർമാർക്ക് മാസ ശമ്പളം നൽകുമ്പോഴും രോഗികളുടെ ക്ഷേമത്തിനായി പിരിക്കുന്ന കോടികൾ അക്കൗണ്ടിൽ നിക്ഷേപമുള്ള മെഡിക്കൽ കോളേജ് ഡെവലപ്മെന്റ് കമ്മിറ്റി പക്ഷേ നിസാരമായ തുക മുടക്കി കാറുകൾ പ്രവർത്തന സജ്ജമാക്കാൻ പോലും തയ്യാറല്ല.

2011 ൽ രാജ്യസഭ അംഗമായിരുന്ന ടി.എൻ സീമയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപ ചെലവാക്കിയാണ് രണ്ട് ഇലക്ട്രോണിക് കാറുകൾ വാങ്ങി നൽകിയത്. ബാറ്ററിയിൽ ഓടുന്ന കാറിൽ പതിനയ്യായിരം രൂപ മുടക്കിയാൽ രണ്ട് വർഷത്തോളം ഓടിക്കാൻ കഴിയും.നിസ്സാരമായ ഈ തുക മുടക്കിയാൽ അവശരായ രോഗികൾക്ക് അത് വലിയ സഹായമാണെന്ന് മുൻകാലങ്ങളിൽ കാർ ഓടിച്ച് തെളിയിച്ച സാഹചര്യമുള്ളപ്പോഴാണ് ഇപ്പോൾ ഇത്തരമൊരു ഉപേക്ഷ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

കൂട്ടിരിപ്പുകാർ പോലുമില്ലാതെ എത്തുന്ന നിരവധി അവശരായ രോഗികൾക്ക് വലിയ ആശ്രയമായിരുന്നു ഈ ഇലക്ടോണിക് കാർ. നിരവധി രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽ ചികിത്സ ആവശ്യങ്ങൾക്കായി ഒരു ബ്‌ളോക്കിൽ നിന്നും മറ്റൊന്നിലേക്ക് പരസഹായമില്ലാതെ രോഗികൾക്ക് പോകാൻ കഴിയുമായിരുന്നില്ല. വീൽ ചെയറിലും മറ്റും പോകാവുന്നതിലും ദൂരത്തിലാണ് മറ്റ് ബ്ലോക്കെങ്കിൽ കഷ്ടപ്പാട് കൂടുന്ന സ്ഥാനത്താണ് രോഗികൾക്ക് ആശ്വാസമായി ഇലക്ട്രോണിക് കാറുകൾ എത്തുന്നതും. ഡ്രൈവർ തന്നെ രോഗിയെ എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുകയും ചെയ്യുമായിരുന്നു.

ആദ്യത്തെ നാല് വർഷത്തോളം നല്ല രീതിയിൽ തന്നെയാണ് സർവ്വീസ് നടന്നതും. ദിവസ ശമ്പളമായി 425 രൂപ എന്ന കണക്കിനാണ് രണ്ട് ഡ്രൈവർമാരെ നിയമിച്ചത്. ഇവർക്ക് ഇപ്പോഴും ശമ്പളം നൽകുമ്പോഴും കാർ ഓടുന്നില്ല എന്നതാണ് സത്യം.ആശുപത്രി വികസന കമ്മിറ്റി എന്ന പേരിൽ ആരോഗ്യ മന്ത്രി ഉൾപ്പടെ നോമിനികൾ ഇവിടെ പ്രവർത്തിക്കുമ്പോഴാണ് ഇത്തരം ഒരു അനാസ്ഥ.ആശുപത്രിയിൽ രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പിരിക്കുന്ന തുകയായി മെഡിക്കൽ കോളേജിലെ രണ്ട് ബാങ്കുകളിലായി ആറ് കോടിയോളം രൂപയാണ് നിക്ഷേപമുള്ളത്.

കഴിഞ്ഞ നാലര വർഷമായി ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റിയുടെ ജനറൽ ബോഡി പോലും കൂടാറില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാന മൂന്ന് വർഷങ്ങളും ഈ സർക്കാറിന്റെ ഇരുപത് മാസവും പിന്നിട്ടിട്ടും യോഗം ചേർന്നിട്ടില്ല. വകുപ്പ് മന്ത്രിയുടേയും സ്ഥലം എംഎൽഎയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും മേയർ വികെ പ്രശാന്തിന്റേയും നോമിനികൾ പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് കാര്യങ്ങൾ നോക്കി നടത്തുന്നത്.കാറുകൾ ലക്ഷങ്ങൾ മുടക്കി വാങ്ങിയിട്ടും തുച്ഛമായ തുക നൽകി റിപ്പയർ ചെയ്യാതെ പൊടിയടിച്ച് കിടക്കുന്നത്. വിഷയം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് പൊതുപ്രവർത്തകനായ പികെ രാജു പരാതി നൽകിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവായിരിക്കുകയാണ്