പാലക്കാട്: ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ട കഴിഞ്ഞാൽ കേരളത്തിൽ കൂടുതൽ ഏറ്റവും കൂടുതൽ ആനകൾ നിരന്നു നിൽക്കുന്നത് കാണണമെങ്കിൽ ഏതെങ്കിലും ഉത്സവത്തിന് പോകണമെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. മംഗലാംകുന്നത്തെ ആന തറവാടെന്ന് പറയാവുന്ന മംഗലാംകുന്നത്ത് അങ്ങാടി വീട്ടിൽ പരമേശ്വരന്റേയും ഹരിദാസിന്റേയും വീട്ടിലേയ്ക്ക് പോയാലും മതി. ഇവിടെ എത്തിയാൽ കാണുക തലയെടുപ്പോടെ നിരന്നു നിൽക്കുന്ന പതിമൂന്ന് ഗജവീരന്മാരെയാണ്.

60 ലേറെ ആനകളുള്ള ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ കേരളത്തിൽ കൂടുതൽ ആനകളുള്ള കുടുംബമാണിത്. നേരത്തെ പതിനെട്ട് ആനകൾ ഉണ്ടായിരുന്നെങ്കിലും ആനകളെ വാങ്ങാനും വിൽക്കാനും മറ്റുമുള്ള നിയമത്തിലെ കാർക്കശ്യം കാരണം ആനകൾ പതിമൂന്നായി. ഇതിൽ കേരളത്തിൽ തലയെടുപ്പുള്ള ഉയരം കൂടിയ പത്താനകളിൽ മൂന്നെണ്ണം ഇവർക്കാണുള്ളത്.കേരളത്തിലെ ആനപ്രേമികളുടെ മനം കവർന്ന മംഗലാംകുന്ന് കർണ്ണൻ, അയ്യപ്പൻ, ഗണപതി തുടങ്ങിയ ആനകളും ഇവരുടെ മുറ്റത്തുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടി, മോഹൻലാൽ, വിജയ് തുടങ്ങി താരങ്ങളെ പോലെ മംഗലാംകുന്ന് കർണ്ണനും, അയ്യപ്പനും ഗണപതിക്കുമെല്ലാം ഫാൻസുകാരും ആരാധകരുമുണ്ട്.

വീടിനോട് അടുത്ത് റോഡരികിലെ മതിൽകെട്ടിനകത്തെ പറമ്പിലാണ് ആനകൾക്ക് ഷെഡ് ഒരുക്കിയിട്ടുള്ളത്. രാവിലെ രണ്ട് പട്ടയിൽ ആനകളുടെ ദിനചര്യ തുടങ്ങും.എട്ട് മണിക്ക് കഞ്ഞി, മരുന്നുകൾ. മരുന്ന് എന്ന് പറഞ്ഞാൽ സാധാരണ നൽകുന്ന മരുന്നുകൾക്ക് പുറമെ കർക്കിടക മാസത്തിൽ നൽകുന്ന മരുന്നുകളുമുണ്ട്. വയറ് ശുചീകരിക്കാൻ കള്ളും പൊടി, ച്യവനപ്രാശം, കോറ, ഗോതമ്പ് പൊടികൾ ചേർത്ത ചോറ്, കോഴിമരുന്ന്, അജമാംസരസായനം, അവിൽ, തുടങ്ങിയവയാണ് നൽകുന്നത്. ഇതിൽ ചില മരുന്നുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം നിത്യഭക്ഷണമാണ്. എട്ട് കിലോ അരിയുടെ ചോറ് രണ്ട് നേരമായി നൽകണം. ശരാശരി ദിവസങ്ങളിൽ ഒരാനക്ക് നിത്യേന നാലായിരം രൂപ ചെലവ് വരും. പട്ടക്ക് മാത്രം 1200 രൂപ ,ആനക്കാരൻ, മരുന്നുകൾ എന്നിങ്ങനെ സാധാരണ ദിവസത്തെ ഏകദേശ ചാർജാണിത്.

ഒരു ആനയെ ശരിക്ക് നോക്കാൻ തന്നെ മാസത്തിൽ ലക്ഷത്തിലേറെ രൂപ വരുന്ന അവസ്ഥയാണുള്ളത്. ആനകളെ ഉപയോഗിച്ചുള്ള എല്ലാ ജോലികളും സർക്കാർ നിരോധിച്ചതോടെ ഉത്സവ എഴുന്നള്ളിപ്പ് മാത്രമാണ് ആനകളെ കൊണ്ടുള്ള പ്രധാന വരുമാനം. വേനൽക്കാലത്ത് ക്ഷേത്രങ്ങളിലേയും മറ്റും ഉത്സവങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് സ്വകാര്യ വ്യക്തികളുടെ കയ്യിലെ ആനകളുടെ നിലനിൽപ്പ്. ഒരാനക്ക് വർഷത്തിൽ 60 മുതൽ 100 വരെ ഉത്സവങ്ങളാണ് ലഭിക്കുന്നത്. അതായത് വർഷത്തിൽ 200 ദിവസങ്ങളെങ്കിലും ആന തൊഴിൽരഹിതനാണെന്നർത്ഥം. ജന്തുപീഡനമെന്ന പേരിൽ ആനകളെ കൊണ്ടുള്ള മരപ്പണി നിരോധിച്ചു.രണ്ടു വർഷം മുമ്പ് വരെ സിനിമ ഷൂട്ടിങ്ങിന് ആനകളെ നൽകുന്നത് വരുമാന മാർഗ്ഗമായിരുന്നു. ഇപ്പോൾ ഇതിന് ചെന്നെയിൽ നിന്നും മറ്റും പ്രത്യേക അനുമതി വേണമെന്നായതോടെ സിനിമക്കാരും വരാതായി.

യാതൊരു ആന പാരമ്പര്യവുമില്ലാത്ത പരമേശ്വരൻ 1976 ൽ യു.പിയിലെ ബാരാംബംഗി ജില്ലയിലെ രാമചന്ദ്ര സിംഗിൽ നിന്ന് 22000 രൂപക്ക് ഒരു ആനയെ വാങ്ങി കൊണ്ടായിരുന്നു തുടക്കം. ആദ്യ ആനയുടെ പേര് അയ്യപ്പൻക്കുട്ടി. ബീഹാറിൽ നിന്ന് ഒരു ആനയെ കൂടി കൊണ്ടു വന്നു, അതിന് ഗണേശൻ എന്ന് പേരിട്ടു. തുടക്കത്തിൽ മരപ്പണിയും സിനിമാ ഷൂട്ടിംഗിനും കല്യാണത്തിനുമൊക്കെ ആനകളെ കൊണ്ടു പോയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ 1972 ലെ നിയമമാണ് ആനകളുടെ കാര്യത്തിൽ നില നിന്നുവരുന്നത്. എന്നാൽ കേരളത്തിൽ 2003 ൽ നാട്ടാന പരിപാലന നിയമം പരിഷ്‌കരിച്ചു. 2012 ൽ ഈ നിയമം പിന്നേയും പൊളിച്ചെഴുതിയതോടെ ആനകളെ പരിപാലിക്കൽ ദുഷ്‌ക്കരമായെന്ന് മംഗലാംകുന്നത്ത് വീട്ടിലെ ആന ഉടമസ്ഥരായ പരമേശ്വരനും ഹരിദാസനും പറയുന്നു.

ആനകളെ കൊണ്ട് ഒരു തൊഴിലും ചെയ്യിക്കരുത്, ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് പോലും നിർത്തിക്കാൻ സുപ്രീം കോടതിയിൽ വരെ ഹർജി. വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചു, ആനകൾക്ക് വാഹനങ്ങൾക്കെന്ന പോലെ രജിസ്‌ട്രേഷൻ എടുത്ത് ബുക്ക് സൂക്ഷിക്കണം, ചിപ്പ് ഘടിപ്പിക്കണം, ഡാറ്റാ ബുക്ക് വേണം , ആനകളെ നിർത്താൻ ഷെഡ് വേണം, അഞ്ച് വർഷത്തിലൊരിക്കൽ ആനകളുടെ രജിസ്‌ട്രേഷൻ പുതുക്കണം, ഇതിന് 25000 രൂപ ഫീസ് കെട്ടണം, രജിസ്‌ട്രേഷൻ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് മാറ്റാനാണെങ്കിൽ രണ്ട് ലക്ഷം ഫീസ് അടക്കണം. മാനദണ്ഡങ്ങൾ അനുസരിച്ച് ഒരാനക്ക് ഷെഡ് കെട്ടണെമങ്കിൽ തന്നെ രണ്ട് ലക്ഷം രൂപ ചെലവ് വരും. കോടി രൂപ വിലയുള്ള ആനയാണെങ്കിലും അത് ചരിഞ്ഞാൽ ഇൻഷുറൻസ് തുകയായി പരമാവധി നാലുലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതിൽ രണ്ടര ലക്ഷം രൂപ ആനയുടെ സംസ്‌കാരത്തിന് വേണ്ടി വരും. കുറച്ച് ദിവസം അസുഖം ബാധിച്ചാണ് ചരിയുന്നതെങ്കിൽ ചികിത്സക്കും ലക്ഷങ്ങൾ ചെലവ് വരും. ചരിഞ്ഞ ആനയുടെ കൊമ്പ് ഫോറസ്റ്റുകാർ കൊണ്ടു പോകും, പിന്നീട് എഴുത്തു കുത്തുകൾ നടത്തിയാൽ ആനക്കൊമ്പ് വീട്ടിൽ സൂക്ഷിക്കാൻ വനംവകുപ്പ് അനുമതി തരുമെങ്കിലും അവർ എപ്പോൾ ആവശ്യപ്പെട്ടാലും കാണിക്കണം.

കഷ്ടക്കാലത്തിന് ആനക്കൊമ്പ് മോഷ്ടാക്കൾ കൊണ്ടു പോയാലും ഉടമക്കെതിരെ കേസ് വന്നേക്കാം. നിയമങ്ങൾ കൂടുതൽ കർക്കശമായതോടെ കേരളത്തിലെ നാട്ടാനകളുടെ എണ്ണത്തിൽ കാര്യമായ വിധത്തിൽ കുറവ് വന്ന് തുടങ്ങിയതായി ഇവർ പറയുന്നു. കേരളത്തിൽ 2008 ലെ കണക്ക് പ്രകാരം 800 ൽ അധികം നാട്ടാനകൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് 600 ൽ താഴെയായി കുറഞ്ഞു. വർഷത്തിൽ 20 ൽ അധികം നാട്ടാനകൾ ചെരിയുന്നുണ്ട്. പുതിയ നിയമം കാരണം 2012 ന് ശേഷം ഒരാന പോലും അധികമായി വന്നിട്ടില്ല. കുറച്ച് വർഷത്തിനകം കേരളത്തിൽ നാട്ടാനകൾ ഉണ്ടാകില്ല. കേരളത്തിൽ പെണ്ണാനകളുടെ എണ്ണം അമ്പതിൽ താഴെ മാത്രമാണ്. കേരളത്തിലെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ മാത്രമേ പിടിയാനകളെ കൊണ്ട് എഴുന്നള്ളിക്കാൻ കഴിയൂ എന്നതാണ് ഇതിന് കാരണം.

തമിഴ്‌നാട്ടിലെ ചില വി.ഐ.പികളുടെ പൂജക്കും കല്യാണത്തിനും മംഗലാംകുന്നിൽ നിന്ന് ആനകളെ കൊണ്ട് പോകാറുണ്ട്. കഴിഞ്ഞ മേയിൽ മുഖ്യമന്ത്രി ജയലളിത അധികാരത്തിൽ തിരിച്ചു വരുന്നതിന് മുമ്പായി ഒരു പ്രത്യേക പൂജ നടത്തിയപ്പോൾ ഇവിടെ നിന്ന് മൂന്നാനകളെ കൊണ്ട് പോയിരുന്നു. ലോകസുന്ദരിപ്പട്ടം ബാഗ്ലൂരിൽ കുറച്ച് വർഷം മുമ്പ് നടത്തിയപ്പോഴും മംഗലാകുന്നിലെ ആനകളും മുഖ്യാകർഷകമായിരുന്നു. നേരത്തെ തെക്കേയിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലായി ഇവിടത്തെ ആനകൾ അഭിനയിച്ചിരുന്നു. ലോകത്ത് കേരളത്തിലെ ആനകൾക്കാണ് കൂടുതൽ ചന്തമെന്നാണ് ഇവരുടെ അഭിപ്രായം.

എടുത്ത കൊമ്പ്, ഉയർന്ന മസ്തകം, നല്ല തലക്കുനി, വലിയ ചെവികൾ, ഇഴഞ്ഞ തുമ്പികൾ, നിലത്ത് മുട്ടാത്ത നീളം കൂടിയ വാൽ, പതിനെട്ട് നഖം, നല്ലപുള്ളി, മരവിരി, എന്നിവയാണ് നല്ല ആനയുടെ ലക്ഷണങ്ങൾ. എല്ലാ ലക്ഷണവും ഒത്തിട്ടും നഖത്തിന്റെ എണ്ണം പതിനോറോ, പതിനേഴോ ആയാൽ ആ ആനയെ ആരും വാങ്ങില്ല. അമ്പലത്തിൽ നടയിരുത്താനല്ലാതെ സ്വകാര്യ വ്യക്തികൾ കൈവശം വെക്കാറില്ലത്രെ. അതുപോലെയാണ് വീട്ടിൽ ആന പ്രസവിക്കുന്നത്. മുമ്പൊക്കെ ആന വളർത്തുന്ന വീട്ടിൽ പിടിയാനകൾ പ്രസവിക്കാറുണ്ട്. എന്നാൽ അങ്ങിനെ നടന്നാൽ വീട് മുടിയുമെന്നാണത്രെ സാരം. കാരണം കുട്ടിയാനയെ വളർത്തിയെടുക്കാൻ നല്ല ചെലവ് വരും. അങ്ങിനെ വളർത്തിയെടുക്കുന്ന ആനയെ കൂടുതൽ ലാളിക്കുന്നതുകൊണ്ട് അത് ഭാവിയിൽ കുറുമ്പനായി തീരുമെന്നും കൊലയാളിയായി മാറുമെന്നുമാണ് വിശ്വാസം.

മ്യഗ പീഡനമെന്ന രീതിയിൽ ആനകളെ കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കരുതെന്നും നടത്തിക്കരുതെന്നുമുള്ള പുതിയ നിയമങ്ങൾ ആനകൾക്ക് തന്നെ കുരുക്കാകുന്നുവെന്ന് ഇവർ പറയുന്നു. നിത്യേന കിലോകണക്കിന് ആഹരിക്കുന്ന ആനക്ക് അത് ദഹിക്കാനും മറ്റും വ്യായാമം ആവശ്യമാണ്. പത്ത് കിലോമീറ്റർ ദൂരമെങ്കിലും ആന ഒരു ദിവസം നടക്കണം. അത് അവയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കാട്ടിൽ ഇവ വളരെ ദൂരം നടക്കുന്ന ജീവികളാണ്. കെട്ടിയിട്ട് തീറ്റ കൊടുക്കുന്നത് ആനകളിൽ മനുഷ്യരിൽ മലബന്ധത്തിന് സമാനമായ എരണ്ടക്കെട്ട് ഉണ്ടാക്കുന്നുണ്ട്. അടുത്ത കാലത്ത് കേരളത്തിൽ ചെരിഞ്ഞ പല ആനകളുടെയും മരണകാരണം എരണ്ടകെട്ടായിരുന്നു. അഞ്ചിൽ താഴെ വിദഗ്ദ ആന ഡോക്ടർമാർ മാത്രമേ കേരളത്തിലുള്ളു. ഒരു ചെറിയ അസുഖത്തിന് പോലും ഇവരെ കൊണ്ട് വന്ന് കാണിക്കുന്നത് തന്നെ ചിലവേറിയ കാര്യമാണെന്ന് ഇവർ പറയുന്നു.