- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷത്തിനിടെ കാട്ടാന കൊന്നത് 107 പേരെ; കാട്ടു പന്നികൾ ജീവനെടുത്തവരുടെ കണക്കുമില്ല; ആന ഇറങ്ങും മേഖലകളിൽ അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തം; നഷ്ടപരിഹാരത്തിലും ഒളിച്ചു കളി; കേരളത്തിലെ കാട്ടിലെ വില്ലൻ കാട്ടാന തന്നെ
തിരുവനന്തപുരം: കാട്ടുപന്നിയല്ല കാട്ടാന തന്നെയാണ് കേരളത്തിലെ കാട്ടിലെ വില്ലൻ. സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്യുന്ന വന്യജീവി ആക്രമണങ്ങളിൽ കൂടുതലും കാട്ടാനകളുടേതാണ്. ഈ അടുത്ത കാലത്ത് കാട്ടു പന്നിയിലും ആശങ്ക കൂടുതലാണ്. പുലി പേടിയിലും ഗ്രാമങ്ങൾ കഴിയുന്നു. ഇതിനിടെയിലും ഏറ്റവും ഭീതി ഉണ്ടാക്കുന്നത് കാട്ടാനായാണെന്നാണ് കണക്കുകൾ. കടുവയുടെ ആക്രമണം കേരളത്തിൽ താരതമ്യേന കുറവാണ്.
കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ 107 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 2016-17ൽ 33 പേർ കൊല്ലപ്പെട്ടു. 2017-18 ൽ 15 പേരും, 2018-19 ൽ 27 പേരും, 2019-20 ൽ 12 പേരും, 2020-21ൽ 20 പേരും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ വർഷം 25 പേരാണ് മരിച്ചത്. 5 വർഷത്തിനിടെ രാജ്യത്ത് കാട്ടാന ആക്രമണത്തിൽ കൂടുതൽ പേർ മരിച്ചത് ഒഡീഷയിലാണ് 453.
2017 മുതൽ കഴിഞ്ഞ വർഷം ജൂൺ വരെയുള്ള കണക്കു പ്രകാരം കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരാൾ മാത്രമാണ്. 5 വർഷത്തിനിടെ കേരളത്തിൽ കാട്ടുപന്നി ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന കണക്ക് പുറത്തു വിട്ടിട്ടില്ല. എങ്കിലും കാട്ടാന ആക്രമണത്തിന്റെ അത്രയും ഇതു വരില്ലെന്നാണ് വിലയിരുത്തൽ.
തൃശൂർ ജില്ലയിൽ കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ ഈ വർഷം ഫെബ്രുവരി എട്ടു വരെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴുപേരാണ്. അതിരപ്പിള്ളിയിൽ കണ്ണൻകുഴിയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ടതടക്കം ഏഴു പേർ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല. മരിച്ച ഏഴു പേരും ചാലക്കുടി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിന് പരിധിയിലെ റേഞ്ചുകളിൽ നിന്നുള്ളവരാണ്. ഈ മേഖലയിലാണ് പ്രതിസന്ധികൂടുതൽ.
തൃശൂരിൽ കഴിഞ്ഞ വർഷം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറു പേരിൽ ഒരാളുടെ കുടുംബത്തിന് മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 10 ലക്ഷം രൂപയുടെ ധനസഹായം നൽകിയിട്ടുള്ളത്. മൂന്നു പേർക്ക് സംഭവം നടന്ന ഉടൻ അഞ്ച് ലക്ഷം രൂപ വീതം നൽകിയിരുന്നു. മുഴുവൻ തുകയും ലഭ്യമാക്കാൻ ആവശ്യമായ രേഖകൾ റേഞ്ച് ഓഫിസുകളിൽ ഹാജരാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, രണ്ട് പേരുടെ ആശ്രിതർക്ക് ഇതുവരെയും ഒന്നും നൽകിയിട്ടില്ല. ഒരാളുടെ അനന്തരാവകാശി ആരെന്നത് സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാലും മറ്റൊരാൾ കേസിൽ ഉൾപ്പെട്ടതിനാലും ധനസഹായം കൈമാറാൻ സാധിക്കാതിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വന്യജീവി ആക്രമണം തടയാൻ സ്ഥായിയായ സംവിധാനം ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നാണ് ആവശ്യം. വൈദ്യുതി ഫെൻസിങ്ങിന് പുറമെ സ്ഥായിയായ പ്രശ്ന പരിഹാരം വകുപ്പുകളുടെ ഏകോപനത്തിലൂടെ ഉണ്ടാകേണ്ടതുണ്ട്. കാടിനോട് ചേർന്ന മേഖലകളിൽ രാത്രി ഏഴായാൽ സ്ഥിരമായി കാട്ടാന ഇറങ്ങി നാശം വിതക്കുന്ന മേഖലകളുമുണ്ട്. ആനകൾ കൃഷിനശിപ്പിക്കുന്നതും പതിവാണ്.
ആന ഇറങ്ങും മേഖലകളിൽ അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കുക, രാത്രി വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുക, റബർ തോട്ടങ്ങളിലെ അടിക്കാട് വെട്ടുക, തോട്ടം തൊഴിലാളികളെ സംരക്ഷിക്കാൻ മാനേജ്മെന്റും വനം വകുപ്പ് അധികൃതരും നടപടി സ്വീകരിക്കുക തുടങ്ങിയ ആദിവാസികളുടെ ആവശ്യങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ