- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം ബോർഡ് ആനകൾക്ക് മദപ്പാട്; കോളടിച്ച് സ്വകാര്യ ആന മുതലാളിമാർ; വർഷം മൂന്നു കോടിയോളം ചെലവിട്ട് ആനകളെ പരിപാലിച്ചിട്ടും ഉപയോഗിക്കാനാകാതെ ദേവസ്വം ക്ഷേത്രങ്ങൾ
തിരുവനന്തപുരം : മൂന്ന് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വീണ്ടും ആൾക്കൂട്ടങ്ങൾ കൊണ്ട് സജീവമാകുകയാണ് കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങൾ. എന്നാൽ ക്ഷേത്ര ആഘോഷങ്ങളിലെ സൂപ്പർതാരങ്ങളായ ദേവസ്വം ആനകളെ എഴുന്നള്ളിപ്പിന് ഇറക്കാനാകാത്ത സാഹചര്യമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ദേവസ്വത്തിലെ 26 ആനകളിൽ 22 എണ്ണവും മദപ്പാട് കാണിക്കുന്നതിനാലാണ് ദേവസ്വം ആനകളെ ഉത്സവത്തിന് രംഗത്തിറക്കാനാകാത്തത്. ഈ സാഹചര്യം പരമാവധി മുതലാക്കുകയാണ് സ്വകാര്യ ആന മുതലാളിമാർ. സ്വകാര്യ ആനമുതലാളിമാരുടെ 90 ശതമാനം ആനകളും ഇപ്പോൾ ഉത്സവരംഗത്തിറങ്ങുന്നുണ്ട്. ദേവസ്വം ബോർഡിന്റെ ആകെ നാല് ആനകളെ മാത്രമാണ് എഴുന്നള്ളിപ്പിന് ഇറക്കുന്നുള്ളൂ. ശേഷിക്കുന്നവയ്ക്കെല്ലാം മദപ്പാട്. അതേ സമയം സ്വകാര്യ വ്യക്തികളുടെ ആനകൾക്ക് മദപ്പാടില്ല. ദേവസ്വം ക്ഷേത്രങ്ങളിൽ പോലും എഴുന്നള്ളിക്കുന്നത് സ്വകാര്യ വ്യക്തികളുടെ ആനകളെയാണ് ഇപ്പോൾ.
തിരുവനന്തപുരം, പത്തനംതിട്ട, ഹരിപ്പാട്, വൈക്കം എന്നീ നാലു ഡെപ്യൂട്ടി കമ്മീഷണർമാരുടെ കീഴിലായി 26 ആനകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളത്. തിരുവനന്തപുരത്ത് 10, പത്തനംതിട്ട ഏഴ്, ഹരിപ്പാട് എട്ട്, വൈക്കം ഒന്ന് എന്നിങ്ങനെ. പ്രായാധിക്യമുള്ളതും പിടിയാനയും ഒഴികെ തിരുവനന്തപുരത്തെ പത്തിൽ ഏഴും മദപ്പാടിലാണ്. പത്തനംതിട്ടയിലെ ഏഴെണ്ണത്തിൽ രണ്ടെണ്ണം പിടിയാനകളാണ്. കൊമ്പന്മാരിൽ തിരുവല്ല ജയരാജനെയും നീലകണ്ഠനയെയും മാത്രമാണ് ഉത്സവത്തിന് ഇറക്കിയത്. എന്നാൽ മദപ്പാട് ഉണ്ടായതിനെതുടർന്ന് നീലകണ്ഠനെ ഉത്സവ സീസണിന്റെ തുടക്കത്തിലേ തളച്ചു. ജയരാജന് വയറുനോവ് വന്നതിനാൽ വിശ്രമത്തിലാണ്.
പിടിയാനകളിൽ ഉമ ലോറിയിൽ കയറാത്തതിനാൽ പുനലൂർ ഭാഗത്ത് മാത്രമേ എഴുന്നെള്ളിക്കാനാകൂ. കുസുമത്തെ മാത്രമാണ് ഉത്സവത്തിന് വിടുന്നത്. ഹരിപ്പാട്ടെ എട്ടിൽ രണ്ട് ആനകൾ മാത്രമാണ് ഉത്സവത്തിന് ഇറങ്ങിയത്. വെട്ടിക്കാട് ചന്ദ്രശേഖരനും ഏവൂർ കണ്ണനും. ചന്ദ്രശേഖരൻ മദപ്പാട് ലക്ഷണം കാണിച്ചു. കണ്ണനെയും ഈ മാസം അവസാനത്തോടെ തളയ്ക്കേണ്ടിവരും.
മൂന്നുകോടിയിലധികം രൂപയാണ് 26 ആനകളുടെ വാർഷിക ചെലവ്. ഭക്ഷണം, പാപ്പാന്മാരുടെ ശമ്പളം, ചികിത്സ, അങ്ങനെ നീളുന്നു ചെലവുകൾ. ഉത്സവകാലം കഴിഞ്ഞാൽ പിന്നെ ആനകൾക്ക് സുഖ ചികിത്സയാണ്. അത് കഴിയുമ്പോഴേക്കും ഉത്സവങ്ങളും പൂരങ്ങളും അവസാനിക്കും. ദിവസം രണ്ടുലക്ഷം വരെ ലഭിക്കുന്ന തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനകൾ ബോർഡിനുണ്ട്. ആവശ്യക്കാർ ഏറെയുമാണ്. എന്നാൽ സ്ഥിരമായി ഉത്സവകാലത്ത് ദേവസ്വം ബോർഡ് ആനകൾക്ക് മദപ്പാട് കാലമാണെന്നാണ് പറയുന്നത്. അതേസമയം സ്വകാര്യവ്യക്തികളുടെ ആനകളിൽ 90 ശതമാനവും ഉത്സവത്തിന് എത്തുന്നുമുണ്ട്.
ദേവസ്വം ക്ഷേത്രങ്ങളിൽ ബോർഡിന്റെ ആനകളെ എഴുന്നെള്ളിക്കുന്നതിന് പണം നൽകേണ്ടതില്ല. ആനയെ എത്തിക്കാനുള്ള വാഹനചെലവും പാപ്പാന്റെ ബാറ്റയും നൽകിയാൽ മതി. അത് അതാത് സബ്ഗ്രൂപ്പ് ഓഫീസർമാർ വഴി അനുവദിക്കുകയും ചെയ്യും. ഇപ്പോൾ ബോർഡ് വക ആനകൾ ഇല്ലാത്തതിനാൽ സ്വകാര്യവ്യക്തികളുടെ ആനകളെ ഉപയോഗിക്കുകയാണ്. സാധാരണ കൊമ്പന് പോലും ദിവസം 50,000 രൂപയിൽ അധികം നൽകണം.
കൊവിഡിന് മുമ്പ് ഉത്സവത്തിന് സ്വകാര്യ ആനകളെ ഉപയോഗിക്കുമ്പോൾ ദിവസം 10,000 രൂപ ബോർഡ് നൽകിയിരുന്നു. കോവിഡ് കാലത്ത് അത് നിർത്തലാക്കി. ഇപ്പോൾ സ്വകാര്യ ആനയുടെ തുക മുഴുവൻ ഉപദേശസമിതികൾ പിരിച്ച് നൽകണം. അതിനായി പ്രത്യേകം കൂപ്പൺ സീൽ വച്ച് നൽകുകയാണ്. ഈ ചെലവും ഭക്തജനങ്ങൾ വഹിക്കേണ്ട അവസ്ഥയാണ്. ബോർഡിന്റെ ആനകളെ ഉത്സവകാലത്ത് ഇറക്കാത്തത് സ്വകാര്യ ആന മുതലാളിമാരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.