തൃശൂർ: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കനത്തമഴ തുടരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ നെടുംപുറംചാലിൽ വെള്ളപ്പാച്ചിലിൽ കാണാതായ രണ്ടരവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ റിയാസ് എന്നയാളുടെ മൃതദേഹവും കണ്ടെത്തി. ചാലക്കുടി പുഴയിൽ കാട്ടനയും കുടുങ്ങി. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ നിന്ന് കരകയറാൻ ആന ശ്രമിക്കുന്നത് നൊമ്പരക്കാഴ്ചയായിരുന്നു. ആർക്കും രക്ഷിക്കാൻ പറ്റാത്ത അവസ്ഥ. പിന്നീട് സ്വയം സുരക്ഷിത സ്ഥാനത്ത് എത്തി. 

കനത്ത മഴയിൽ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കലങ്ങിമറിഞ്ഞ് ഒഴുകുന്ന പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു. കരയിലേക്ക് കയറാൻ സാധിക്കാതെ പുഴയിൽ ദീർഘനേരം കുടുങ്ങി കിടന്ന ആന സ്വയം നീന്തിക്കയറാൻ ശ്രമിക്കുകയാണ്. അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിലാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്. വളരെ ദുഷ്‌കരമായാണ് ആന കാട്ടിലേക്ക് നീന്തിക്കയറാൻ ശ്രമിച്ചത്. നിർത്താതെ പെയ്യുന്ന മഴയിൽ ഒറ്റരാത്രി കൊണ്ടാണ് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നത്. ഇന്നലെ രാത്രി ഒരുമണിയോടെ പ്രദേശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പറമ്പിക്കുളത്ത് നിന്ന് എണ്ണായിരം ഘനയടി ജലം പെരിങ്ങൽക്കുത്തിലേയ്ക്ക് തുറന്നു വിട്ടു. പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് അധികജലം തുറന്നുവിട്ടതിനെത്തുടർന്നാണ് ഒഴുക്ക് കൂടിയത്.

കേരളത്തിൽ ഇന്നു മുതൽ ഓഗസ്റ്റ് അഞ്ചു വരെയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 മില്ലിമീറ്റർ- 115.5 മില്ലി മീറ്റർ) മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് നാലു വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്ത അല്ലെങ്കിൽ അതി തീവ്ര മഴയ്ക്കും( 204 മില്ലി മീറ്റർ കൂടുതൽ) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. മലവെള്ള പാച്ചിലൽ 2 പേരെ കാണാതായി. ഇന്ന് നാലു പേർ മരിച്ചു.

മലയോരത്ത് നാല് ഇടങ്ങളിലാണ് രാത്രി ഉരുൾപൊട്ടലുണ്ടായത്. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയുടെയും മിലിറ്ററിയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും ഒഴുകിപ്പോയി, അൻപതിലേറെ കടകളിൽ വെള്ളം കയറി. മലയോരത്ത് നിലവിൽ മഴ കുറഞ്ഞിട്ടുണ്ട് . കണ്ണൂർ നെടുമ്പോയിൽ ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം ഇപ്പോഴും പുനഃസ്ഥാപിക്കാനായില്ല. ഇടുക്കി ആനച്ചാലിലും മണ്ണിടിച്ചിൽ ഉണ്ടായി.

പരിക്കേറ്റ ആലീസ് ജോയിയെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പുലർച്ചയോടെ എത്തിച്ചു, പരുക്കേറ്റ വീട്ടമ്മയുടെനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം ഇടുക്കി ലോ റേഞ്ചിലും മഴ കുറഞ്ഞു. മിക്കയിടത്തും അർധരാത്രി നിന്ന മഴ പിന്നെ തുടങ്ങിയിട്ടില്ല .ലോ റേഞ്ചിൽ ദുരിതാശ്വാസക്യാമ്പുകൾ ഒന്നും ഇതുവരെ തുറന്നിട്ടില്ല. 10 മണിക്ക് കുണ്ടള ഡാമിന്റെ 5 ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തും. മലങ്കര ഡാമിന്റെ ഷട്ടർ ഇന്നലെ തുറന്നിരുന്നു. ഇടുക്കിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കാൻ ഉത്തരവ് ഇട്ടു.

കോട്ടയത്ത് മഴ ഇടവിട്ട് പെയ്യുകയാണ്. പാലാ ടൗണിൽ വെള്ളം കയറി . പാലായിൽ റോഡുകളിൽ വെള്ളം കയറുകയാണ്. കോട്ടയത്ത് മലയോര മേഖലകളിൽ കനത്ത മഴ പെയ്തു. തീക്കോയിയിൽ രാത്രി ഉരുൾ പൊട്ടി. പുഴകളിൽ ജലാനിരപ്പു ഉയർന്ന നിലയിൽ ആണ്. കൂട്ടിക്കലിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്താൻ ആയില്ല. കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കുറഞ്ഞിട്ടുണ്ട്. അതിനിടെ വൈക്കത്തു നിന്ന് കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്തിയത് ആശ്വാസകരമായി. ജില്ലയിലെ സ്ഥിതി വിലയിരുത്താൻ ഇന്ന് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ യോഗം ചേരും. നലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്

കനത്ത മഴയിൽ പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും ചെയ്തതോടെ അപ്പർ കുട്ടനാട് മേഖലായിലെ തലവടിയിൽ വെള്ളം കയറി തുടങ്ങി. താഴ്ന്ന പ്രദേശത്തെ ഗ്രാമീണ റോഡുകളും വീടുകളുടെ പരിസരങ്ങളും വെള്ളത്തിലാണ്. ഇതിനിടെ തോട്ടപ്പള്ളി പടിഞ്ഞാറെ കടലിൽ വടക്കേ തോപ്പിൽ എന്ന ബോട്ട് കുടുങ്ങി കിടക്കുകയാണ്.ഇന്നലെ രാത്രി തിരികെ വരികയായിരുന്നു. എന്നാൽ കടൽക്ഷോഭം മൂലം കരയ്ക്ക് അടുക്കാൻ പറ്റുന്നില്ല. ബോട്ടിൽ 6 മലയാളികളും 4 ബംഗാൾ സ്വദേശികളും ഉണ്ട്. രക്ഷക്കായി കോസ്റ്റ് ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

അതേസമയം പത്തനംതിട്ടയിൽ മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അർധരാത്രി മുതൽ എവിടെയും കാര്യമായി മഴ പെയ്യുന്നില്ല. ഇന്നലെ വെള്ളം കയറിയ സീതത്തോട് മേഖലയിൽ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി.റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട് . നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്‌