കൊച്ചി: വരൾച്ച രൂക്ഷമായതോടെ, കാട്ടിൽ കുടിവെള്ളം കിട്ടാതെ മൃഗങ്ങൾ നാട്ടിലിറങ്ങുന്ന സ്ഥിതിയാണിപ്പോൾ. പാലക്കാട്ടെ കഞ്ചിക്കോട് ഗ്രാമത്തിൽ ആനയിറങ്ങിയത് ലോകമാധ്യമങ്ങൾ പോലും വലിയ വാർത്തയാക്കിയത് അതുകൊണ്ടാണ്. വാളയാർ കാട്ടിൽനിന്ന് ഗ്രാമത്തിലെത്തിയ ആന പരിഭ്രാന്തിയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങിയപ്പോൾ ഗ്രാമവാസികളും മുൾമുനയിലായി.

റോഡിലൂടെ വരികയായിരുന്ന ആന മോട്ടോർസൈക്കിൾ യാത്രക്കാരനെ ഉപദ്രവിക്കാനെത്തുന്നത് ദൃശ്യങ്ങളിൽക്കാണാം. അയാൾ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു. വഴിയിൽക്കാണുന്നതൊക്കെ തകർത്താണ് ആനയുടെ മുന്നേറ്റം. ഒരു വീടിന്റെ മതിലും ആന തകർത്തു. ആരും ശബ്ദമുണ്ടാക്കരുതെന്നുെ ആന പൊയ്‌ക്കോട്ടെയെന്നും ആളുകൾ വിളിച്ചുപറയുന്നതും കേൾക്കാം.

ഒരു വീടിന്റെ മുകൾനിലയിൽനിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളത്.ആനയിറങ്ങിയതോടെ ആളുകളോട് വീടിനുള്ളിൽ അടച്ചിരിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു. കുടിവെള്ളം തേടി കൂടുതൽ ആനകൾ നാട്ടിലിറങ്ങാൻ സാധ്യതയുള്ളതിനാൽ, വനമേഖലയോട് അടുത്ത് താമസിക്കുന്നവരോട് ജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.