- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളെക്കൊല്ലി ഒറ്റയാൻ ഭീതി വിതച്ചപ്പോൾ കുട്ടംപുഴ നിവാസികൾ നിലനിൽപ്പിന്റെ പോരാട്ടത്തിനിറങ്ങി; സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധത്തിനൊടുവിൽ സുരക്ഷാ നടപടികൾക്ക് അധികൃതർ സമ്മതം മൂളി
കോതമംഗലം: കൊലകൊമ്പനെതിരെ കുട്ടംപുഴ നിവാസികൾ പൊരുതി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. ആനശല്യം അവസാനിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവർത്തിച്ചുള്ള ആവശ്യത്തോട് നിഷേധാത്മക നിലപാടു സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥ മേധാവികൾ ജനകീയ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി. ആളെക്കൊല്ലി ഒറ്റയാനും ഇവനെ പിൻതുടർ
കോതമംഗലം: കൊലകൊമ്പനെതിരെ കുട്ടംപുഴ നിവാസികൾ പൊരുതി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. ആനശല്യം അവസാനിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവർത്തിച്ചുള്ള ആവശ്യത്തോട് നിഷേധാത്മക നിലപാടു സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥ മേധാവികൾ ജനകീയ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി.
ആളെക്കൊല്ലി ഒറ്റയാനും ഇവനെ പിൻതുടർന്നെത്തുന്ന ആനക്കൂട്ടങ്ങളും ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഇലട്രിക് ഫെൻസിങ് സ്ഥാപിക്കുമെന്ന് മലയാറ്റൂർ ഡിഎഫ്ഒ സമരസമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകി. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സമരസമിതി നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.
പലവട്ടം ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് സമരസമിതി നിവേദനങ്ങൾ നൽകുകയും ഡിഎഫ്ഒ ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പലതവണ കാട്ടാനക്കൂട്ടം കുട്ടംപുഴയുടെ വിവിധ മേഖലകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. രാത്രി ഉറക്കമളച്ചിരുന്ന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ആനക്കൂട്ടങ്ങളെ ഓടിക്കുന്നത് ഇവിടത്തുകാരുടെ ദിനചര്യകളിലൊന്നായിമാറി.
ഒരുമാസം മുൻപ് ഇടമലയാർ ചക്കിമേട് സ്വദേശി ജയനനെ( 31) വെളുപ്പിന് 3 മണിയോടെ വീട്ടുമുറ്റത്തെത്തിയ ഒറ്റക്കൊമ്പൻ കുത്തികൊലപ്പെടുത്തിയിരുന്നു. ഇതേ കൊമ്പൻ അടുത്തദിവസങ്ങളിൽ ജനവാസ മേഖലകളിൽ പ്രത്യക്ഷപ്പെട്ടത് നാട്ടുകാരുടെ ഭയാശങ്കകൾ ഇരട്ടിയാക്കി. ഇതേത്തുടർന്നാണ് നാട്ടുകാർ സമരസമിതി രൂപീകരിച്ച് പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങിയത്.
ഇതിനിടെ ഇന്നുരാവിലെ വടാട്ടുപാറ പലവൻപടിയിൽ റബ്ബർതോട്ടത്തിലെ പൊട്ടകിണറ്റിൽ കാട്ടാന അകപ്പെട്ടത് നാട്ടുകാരിൽ ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്. അഞ്ച് വയവസ് തോന്നിക്കുന്ന പിടിയാനയാണ് പത്ത് അടിയിലേറെ ആഴമുള്ള കിണറ്റിൽ അകപ്പെട്ടത്. നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും പൊലീസും മണിക്കൂറുകളോളം പരിശ്രമിച്ചാണ് ആനയെ കരകയറ്റിവിട്ടത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശങ്ങളിൽ നിന്നും മണ്ണുമാറ്റിയാണ് ആനയെ കരകയറ്റിയത്. കരയ്ക്ക് കയറിയ ആന സമീപ വനത്തിലേക്ക് ഒടിമറഞ്ഞു.
ഭക്ഷ്യക്ഷാമത്തെ തുടർന്നാണ് കാട്ടാനകൾ കൂട്ടത്തോടെ തീറ്റതേടി ജനവാസകേന്ദ്രങ്ങളിൽ എത്തുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഈ സ്ഥിതി തുടർന്നാൽ വനമേഖലയിൽ ഇനിയും ജീവഹാനിക്ക് സാധ്യതയുണ്ട്. അതിനാൽ നിരപരാധികളുടെ ജീവൻ സംരക്ഷിക്കാൻ ഉന്നതതല ഇടപെടൽ വേണമെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആവശ്യം.