കോതമംഗലം: ഇടമലയാർ ആനവേട്ട കേസിലെ മുഖ്യപ്രതി തങ്കച്ചി നേപ്പാളിലേക്ക് കടന്നു. അന്വേഷകസംഘം കൊൽക്കത്തയിലെത്തുന്നതിന് തൊട്ടുമുമ്പ് ഇവർ രഹസ്യകേന്ദ്രത്തിൽ നിന്നും റോഡ് മാർഗം നേപ്പാളിലേക്ക് കടന്നതായിട്ടാണ് പുറത്തായ വിവരം. തങ്കച്ചിയെ പിടികൂടിയാൽ മാത്രമേ ഇനി അന്വേഷണം മുന്നോട്ടുകൊണ്ടു പോകാൻ കഴിയു എന്നാണ് ഉദ്യോഗസ്ഥസംഘം നൽകുന്ന വിവരം.

കൊൽക്കത്തയും ഡൽഹിയും വിട്ടാൽ തങ്കച്ചിയുടെ പ്രധാന പ്രവർത്തനമേഖല കാഠ്മണ്ഡുവാണെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.ം നേപ്പാളിലെ മിക്ക സ്ഥലങ്ങളും കൈവെള്ളയിലെ രേഖകൾ പോലെ ഇവർക്ക് അറിയാമെന്നും ഇതുമൂലം ഇവിടെനിന്നും ഇവരെ പിടികൂടുക ദുഷ്‌കരമാണെന്നുമാണ് അധികൃതരുടെ നിഗമനം. തങ്കച്ചിയെ പിടികൂടിയാൽ മാത്രമേ കേസിലെ അന്താരാഷ്ട്ര ബന്ധങ്ങൾ പൂർണമായും പുറത്തുവരികയുള്ളു എന്നതാണ് നിലവിലെ സ്ഥിതി. ഈ സാഹചര്യത്തിൽ തങ്കച്ചിയെ മാഫിയ സംഘത്തിൽപ്പെട്ടവർ തന്നെ അപായപ്പെടുത്തുന്നതിനുള്ള സാധ്യതയും അന്വേഷകസംഘം തള്ളിക്കളയുന്നില്ല.

സംഘത്തിൽപ്പെട്ട ആനവേട്ടക്കാരൻ കുട്ടംപുഴ ഐക്കരമറ്റം വാസുവിന്റെ ജഡം കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതികളിലൊരാളായ മനോജിന്റെ കർണ്ണാടകയിലെ കൃഷിഫാമിൽ കണ്ടെത്തിയിരുന്നു. കൃഷിയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ജഡം കാണപ്പെട്ടത്. വാസുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും വാദം കണക്കിലെടുത്ത് ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് രഹസ്യന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

തങ്കച്ചിയെ കണ്ടത്തുന്നതിന് അധികൃതർ പലവഴിക്ക് നടത്തിയ നീക്കം വിഫലമാവുകയായിരുന്നു. ഉദ്യോഗസ്ഥസംഘത്തിന്റെ നീക്കം ചോർന്നതാണ് തങ്കച്ചിയെ കുടുക്കുന്നതിനുള്ള നീക്കം പരാജയപ്പെടാൻ കാരണമെന്നാണ് പുറത്തായ വിവരം. ഇതുവരെ ഈ കേസിൽ എഴുപതോളം പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം ഇതുവരെ കൃത്യമായി പുറത്തുവന്നിട്ടില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തി സർവ്വീസ് അവസാനിപ്പിച്ച കിങ് ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ ഉൾപ്പെടെ രാജ്യത്തെ നിരവധി പ്രമുഖർക്കും ഡാബർ ഉൾപ്പെടെയുള്ള നിരവധി കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കും തങ്കച്ചി ആനക്കൊമ്പുകൾ എത്തിച്ചു നൽകിയെന്നുള്ള അറസ്റ്റിലായ പ്രതികളുടെ വെളിപ്പെടുത്തൽ അന്വേഷകസംഘത്തെ ഞെട്ടിച്ചു. തങ്കച്ചിയെ പിടികൂടി, ഇവരിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഇക്കാര്യത്തിൽ തുടർനടപടിക്ക് സാധ്യതയുള്ളു എന്നാണ് അധികൃതർ നൽകുന്ന സൂചന.

പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷന്റെ മുഖ്യചുമതലക്കാരൻ അമിത് മല്ലിക്കായിരുന്നു അന്വേഷകസംഘത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്നത്. എൻ ഐ എ യിൽ ഒന്നരദശാബ്ദത്തോളം പ്രവർത്തിച്ചുപരിചയമുള്ള അമിത് മല്ലിക്കിന്റെ ചടുലനീക്കത്തിലാണ് പ്രതികളിലേറെപ്പേരും കുടുങ്ങിയത്. തങ്കച്ചിയെ കുടുക്കുന്നതിനുള്ള വല വിരിച്ചതും കൊൽക്കത്ത ഓപ്പറേഷന് നേതൃത്വം നൽകിയതും അമിത് മല്ലിക്കായിരുന്നു. തങ്കച്ചിയെത്തേടി ഡൽഹിയിലും കൊൽക്കത്തയിലും ഒരേസമയത്തായിരുന്നു അന്വേഷകസംഘം തിരച്ചിൽ നടത്തിയത്.

നിരവധി വിദേശരാജ്യങ്ങളിൽ വരെ വ്യാപിച്ചുകിടക്കുന്ന ആനക്കൊമ്പ് കടത്ത് മാഫിയയുടെ തലപ്പത്ത് തിരുവനന്തപുരം സ്വദേശിനി കോൽക്കട്ട തങ്കച്ചിയെന്നറിയപ്പെടുന്ന സിന്ധുവാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും വനംവകുപ്പിന് ലഭിച്ച വിവരം.വളരെ വർഷങ്ങളായി കൊൽക്കത്തയിൽ കരകൗശല ഉത്പ്പന്നങ്ങളുടെ വിൽപ്പനശാല നടത്തിവരുന്ന തങ്കച്ചിയുടെ കോർപ്പറേറ്റുകളുമായുള്ള ബന്ധമാണ് ആനക്കൊമ്പ് വ്യാപാരം വേഗത്തിൽ തഴച്ചുവളരാൻ കാരണമായതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ശില്പനിർമ്മാണത്തിനുവേണ്ടി ദശാബ്ദങ്ങൾക്ക് മുൻപ് സിന്ധു ആനക്കൊമ്പുകൾ വാങ്ങിയിരുന്നെന്നും ഇതുവഴി കേസിൽ പിടിയിലായ ഈഗിൾ രാജൻ, ഉമേഷ് അഗർവാൾ എന്നിവരുമായി ഇവർ പരിചയത്തിലായെന്നും ഈ ബന്ധമാണ് ടൺകണക്കിന് ആനക്കൊമ്പുകൾ കൈകാര്യം ചെയ്യുന്ന തലത്തിലേക്കുള്ള ഇവരുടെ മുന്നേറ്റത്തിന് കാരണമായതെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാന വനം വകുപ്പിന്റെ ചരിത്രദൗത്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ കേസന്വേഷണം സേനയുടെ ദൗർബല്യങ്ങളും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും തുറന്നുകാട്ടുന്നതായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതാണ് ചരിത്രമായി മാറിയ ഈ ദൗത്യത്തിന്റെ പകിട്ട് നഷ്ടമാക്കിയതെന്ന കാര്യത്തിൽ തർക്കമില്ല.

അന്താരാഷ്ട്ര കള്ളക്കടത്തുസംഘങ്ങളുമായും ഹവാലാ ഇടപാടുകാരുമായും ബന്ധമുള്ള ആനക്കൊമ്പ് കടത്തൽ സംഘം ദശാബ്ദങ്ങളായി സംസ്ഥാനത്ത് വ്യാപകമായി പ്രവർത്തിച്ചിരുന്നെന്നാണ് ഓപ്പറേഷൻ ശിക്കാർ എന്നുപേരിട്ടിട്ടുള്ള ഇടമലയാർ ആനവേട്ട കേസന്വേഷണത്തിൽ നിന്നും വനംവകുപ്പിന് ലഭിച്ച സുപ്രധാന വിവരം. ഇക്കൂട്ടരുടെ അടിവേരറുക്കുന്നതിനുള്ള നീക്കത്തിൽ ഒരു പരിധിവരെ വിജിയിച്ചെങ്കിലും സർവ്വസന്നാഹങ്ങളുമായി പ്രവർത്തിച്ചുവരുന്ന സംസ്ഥാനത്തെ സുപ്രധാന വകുപ്പിന് കീഴിൽ നടന്ന ഈ പകൽകൊള്ള അറിഞ്ഞിരുന്നില്ലെന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ സേനക്കു തന്നെ നാണക്കേടായി മാറിയിരിക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കാട്ടിലും നാട്ടിലും ഉന്നതർ ഉൾപ്പെട്ട ആനക്കൊമ്പ് കടത്തൽ സംഘം നിറഞ്ഞാടിയിട്ടും വനംവകുപ്പധികൃതർ കൈയും കെട്ടിനോക്കിയിരുന്നെന്നാണ് അടുത്ത നാളുകളിൽ പറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

അന്വേഷകസംഘം ഡൽഹിയിൽ നിന്നും 500-ൽപ്പരം കിലോ ആനക്കൊമ്പ് കണ്ടെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെന്നാണ് ഇതേക്കുറിച്ച് ഉദ്യോഗസ്ഥസംഘം തന്നെ പുറത്തുവിട്ടവിവരം. ഇതിൽ മുന്തിയ പങ്കും കേരളത്തിൽ നിന്നും കടത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്്. ഉടമസ്ഥർ മുറിച്ചെടുത്തു സൂക്ഷിച്ചിരുന്ന നാട്ടാനകളുടെ കൊമ്പും ഈ ശേഖരത്തിൽ ഉൾപ്പെട്ടതായിട്ടാണ് കണക്കെടുപ്പിൽ ഉദ്യോഗസ്ഥസംഘത്തിന് ലഭിച്ച വിവരം. ഈ സംഭവത്തിൽ സംസ്ഥാനത്തെ ഏതാനും ദേവസ്വങ്ങൾ ഉൾപ്പെടെയുള്ള ആന ഉടമസ്ഥർക്കെതിരെ വനംവകുപ്പ് കേസ് നടപടികളും ആരംഭിച്ചിട്ടുമുണ്ട്.