- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനകൊമ്പ് കേസ് അന്വേഷണം പ്രതിസന്ധിയിൽ; തങ്കച്ചിയേയും കുടുംബത്തേയും കണ്ടെത്താൻ വനംവകുപ്പിന് കഴിയുന്നില്ല; വൻ തോക്കകുളെ വലയിൽ വീഴ്ത്താൻ ഇടനിലക്കാരിയെ പിടികൂടിയേ മതിയാകൂ എന്ന് വിലയിരുത്തൽ
തിരുവനന്തപുരം: കാട്ടാനകളുടെ കൊമ്പുപയോഗിച്ചുള്ള ശിൽപ്പനിർമ്മാണത്തിലൂടെ കോടികൾ സമ്പാദിച്ച തങ്കച്ചിക്കും കുടുംബത്തേയും കുറിച്ച് വനം വകുപ്പിന് ഇനിയും ഒരു വിവരവുമില്ല. ആനക്കൊമ്പ് വേട്ട അന്വേഷിക്കുന്ന മലയാറ്റൂർ ഡി.എഫ്.ഒയുടെയും തിരുവനന്തപുരം ഡി.എഫ്.ഒയുടെയും സംയുക്ത നേതൃത്വത്തിലാണ് ഇവർക്കായുള്ള അന്വേഷണം. ആനവേട്ടക്കേസിൽ തലസ്ഥാനത്
തിരുവനന്തപുരം: കാട്ടാനകളുടെ കൊമ്പുപയോഗിച്ചുള്ള ശിൽപ്പനിർമ്മാണത്തിലൂടെ കോടികൾ സമ്പാദിച്ച തങ്കച്ചിക്കും കുടുംബത്തേയും കുറിച്ച് വനം വകുപ്പിന് ഇനിയും ഒരു വിവരവുമില്ല. ആനക്കൊമ്പ് വേട്ട അന്വേഷിക്കുന്ന മലയാറ്റൂർ ഡി.എഫ്.ഒയുടെയും തിരുവനന്തപുരം ഡി.എഫ്.ഒയുടെയും സംയുക്ത നേതൃത്വത്തിലാണ് ഇവർക്കായുള്ള അന്വേഷണം. ആനവേട്ടക്കേസിൽ തലസ്ഥാനത്തുനിന്ന് ആദ്യം അറസ്റ്റിലായ അനിൽകുമാറെന്ന പ്രതിയുടെ ബന്ധുവാണ് തങ്കച്ചിയെന്ന സിന്ധു. രാജ്യാന്തര തലത്തിൽ നടന്ന ആനക്കൊമ്പ് ഇടപാടുകളിൽ സിന്ധുവാണ് ഇടനിലക്കാരിയെന്നാണ് വനം വകുപ്പുദ്യോഗസ്ഥർ നൽകുന്ന സൂചന. ഇവർ രാജ്യം വിട്ടെന്നാണ് സൂചന.
സിന്ധുവിനെയും കുടുംബത്തെയും കണ്ടെത്തിയാൽ മാത്രമേ ആനക്കൊമ്പുകേസിൽ ഇനി അന്വേഷണ സംഘത്തിന് മുന്നേറാൻ കഴിയൂ. സിന്ധുവിന്റെയും കുടുംബത്തിന്റെയും ബാങ്ക് നിക്ഷേപങ്ങളുടെയും സ്വത്തുക്കളുടെയും വിശദാംശങ്ങൾ വനം വകുപ്പ് ശേഖരിച്ചുവരികയാണ്. പേട്ട സ്വദേശിനിയും കൊൽക്കത്തയിൽ സ്ഥിരതാമസക്കാരിയുമായ തങ്കച്ചി എന്ന സിന്ധു, ഭർത്താവ് സുധീഷ് എന്നിവർക്കും മക്കൾക്കും വേണ്ടിയാണ് കേരളത്തിനകത്തും പുറത്തും അന്വേഷണസംഘം തെരച്ചിൽ ഊർജിതമാക്കിയെങ്കിലും ഇവരെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. കവടിയാറിൽ ഇവരുടെ മകന്റെ പേരിലുള്ള ഫ്‌ലാറ്റിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് വാഹനങ്ങൾ കണ്ടെത്തിയെങ്കിലും സിന്ധുവിനെയോ കുടുംബാംഗങ്ങളെയോ പിടികൂടാനായില്ല. കൊൽക്കത്തയിലെ ഇവരുടെ വീടുകളും ഫ്‌ളാറ്റും അടച്ചുപൂട്ടിയ നിലയിലാണ്.
ആനക്കൊമ്പ് കടത്ത് കേസിലെ പ്രധാന പ്രതികളായ ഈഗിൾ രാജൻ, അജിബ്രൈറ്റ് എന്നിവരുമായി അനിൽകുമാറിന്റെ ബന്ധുവെന്ന നിലയിൽ വർഷങ്ങളായി സിന്ധുവും സുധീഷും പരിചയത്തിലാണ്. വർഷങ്ങളുടെ പഴക്കമുള്ള ഈ പരിചയമാണ് ആനക്കൊമ്പ് വ്യാപാരത്തിലേക്കും ശിൽപ്പനിർമ്മാണത്തിലേക്കും ഇവരെ അടുപ്പിച്ചത്. കേരളത്തിൽനിന്ന് കടത്തികൊണ്ടുപോകുന്ന ആനക്കൊമ്പുകൾ കൊൽക്കത്തയിലെത്തിച്ച് ഇവരുടെ താമസ സ്ഥലത്തും രഹസ്യസങ്കേതങ്ങളിലുമെത്തിച്ച് ശിൽപ്പങ്ങൾ നിർമ്മിച്ച് ആവശ്യക്കാരെ കണ്ടെത്തി ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു സിന്ധു ചെയ്തുവന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഭർത്താവ് സുധീഷും ഇതിന് സഹായം നൽകി.
അതിനിടെ അനധികൃതമായി ആനക്കൊമ്പുകൾ വിൽപ്പന നടത്തിയതിന് ദേവസ്വം ബോർഡുൾപ്പെടെ സംസ്ഥാനത്തെ നാൽപ്പതോളം ആന ഉടമകൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇടമലയാർ ആനവേട്ടക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആന ഉടമകൾക്കെതിരെ കേസെടുത്തത്. ചരിഞ്ഞ ആനകളുടെ കൊമ്പും കൈവശത്തിലുള്ള ആനകളുടെ കൊമ്പുകളിൽ നിന്നും മുറിച്ചെടുത്ത ഭാഗങ്ങളും വിറ്റ് ഉടമകൾ വൻസാമ്പത്തിക നേട്ടമുണ്ടാക്കിയതായിട്ടാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ആനക്കൊമ്പിന് ഇനവും തരവും അനുസരിച്ച് 10,000 മുതൽ 30,000 രൂപ വരെ വിലയ്ക്കാണ് ആനയുടമകളിൽ നിന്ന് കൊമ്പുവാങ്ങിയതെന്നാണ് രാജനും അജി ബ്രൈറ്റും വനംവകുപ്പുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ആനകളുടെ മുറിച്ചുമാറ്റിയ കൊമ്പുകളും ബോർഡിലെ ചില ഉദ്യോഗസ്ഥർ മുഖാന്തിരം ആനക്കൊമ്പ് വ്യാപാര സംഘം കൈക്കലാക്കിയതായി വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ദേവസ്വം ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചശേഷം ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.