തൃശൂർ: ആനകൊമ്പ് കേസിൽ കുരുങ്ങിയ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന് ഇനിയും പൂർണ്ണമായും ഈ കേസിൽ നിന്നും ഊരാൻ സാധിച്ചിട്ടില്ല. ഇതിനിടെ ആനപ്രേമത്തിന്റെ പേരിൽ മറ്റൊരു താരം കൂടി കുടുങ്ങി. നടൻ ജയറാമാണ് ആനപ്രേമത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുന്നത്. ജയറാമിന്റെ പക്കൽ ആനകൊമ്പിന്റെ ശേഖരം ഉണ്ടെന്നും ഇതിന് മതിയായ അനുമതി ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് കേന്ദ്ര വനംവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേന്ദ്രവനം ഐ ജിയുടേതാണ് ഉത്തരവ്. ജയറാം എഴുതിയ 'ആൾക്കൂട്ടത്തിൽ ഒരാൾ പൊക്ക' മെന്ന പുസ്തകത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രവനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പുസ്തകത്തിൽ പല ആനകളെകുറിച്ചും ജയറാം പരാമർശിച്ചിട്ടുണ്ട്. ഇതിൽ കോടനാട് ആന പരിശീലന കേന്ദ്രത്തിലെ ആനയായിരുന്ന രവീന്ദ്രനെ കുറിച്ചുള്ള വിവരമാണ് ജയറാമിനെ വെട്ടിലാക്കിയിരിക്കുന്നത്. ഈ ആനയെ തനിക്കറിയുമെന്നും അതിനെ കുട്ടൻകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലേക്ക് കൈമാറ്റം ചെയ്തപ്പോൾ കാണാനിടയായതും ആന തന്നെ തിരിച്ചറിഞ്ഞതും ജയറാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രവീന്ദ്രൻ ചെരിഞ്ഞതിനുശേഷം ക്ഷേത്രം ഭാരവാഹികൾ അതിന്റെ കൊമ്പുകൾ തനിക്കു കൈമാറിയെന്നും അതിനു വേണ്ട വനംവകുപ്പ് രേഖകൾ ഉണ്ടാക്കിയെടുത്തു എന്നുള്ള പുസ്തകത്തിലെ പരാമർശമാണ് ജയറാമിനെതിരേയുള്ള അന്വേഷണത്തിനു കാരണം.

ആന ചെരിഞ്ഞതിനുശേഷം കൊമ്പുകൾ ഉടമകൾക്ക് ആവശ്യമില്ലെങ്കിൽ വനംവകുപ്പിനെ തിരികെ ഏൽപിക്കേണ്ടതായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണു ഹറിറ്റേജ് അനിമൽ ടാക്‌സ്‌ഫോഴ്‌സ് സെക്രട്ടറി വി. വെങ്കിടാചലം കേന്ദ്രവനം വകുപ്പ് ഐ.ജിയെ സമീപിച്ചത്. ആനയെ പാരമ്പര്യമായി കൈവശം വെയ്ക്കാത്ത നടൻ ജയറാമിനു കൊമ്പുകൾ നൽകിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരോധിത ആയുധമായ തോട്ടിയും പിടിച്ചുകൊണ്ട് ആനയുടെ ഒപ്പം ജയറാം നിൽക്കുന്ന ഫോട്ടോയും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ വച്ചാണ് ജയറാം ആനകമ്പത്തെ കുറിച്ച് എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്. നടൻ മമ്മൂട്ടിയായിരുന്നു ഈ പുസ്തകം പ്രകാശനം ചെയ്തത്. കേരളത്തിലെ എഴുത്തുകാരിൽ ഏറ്റവും തലയെടുപ്പുള്ള എം ടി. വാസുദേവൻനായർ ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം' എന്ന പുസ്തകം ആണ് അവതാരിക എഴുതിയിരിക്കുന്നത്.

സിനിമയിൽ അഭിനയിച്ചു തുടങ്ങിയതോടെയാണ് ആനയുടമ എന്ന മോഹം ജയറാം സഫലമാക്കിയത്. ആദ്യം സ്വന്തമാക്കിയ ആനയ്ക്ക് മകന്റെ വിളിപ്പേരായ കണ്ണൻ എന്നു തന്നെയാണ് പേരിട്ടതും. മനസിനക്കരെ' ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ച കണ്ണൻ രണ്ടു വർഷം മുമ്പ് ചെരിഞ്ഞു. ആനയുടെ കൊമ്പ് സർക്കാർ അനുമതിയോടെ ജയറാം വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. കണ്ണനുമായുള്ള കഥകളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഇതിൽ രവീന്ദ്രനെ കുറിച്ചുള്ള പരാമർശമാണ് താരത്തെ ഇപ്പോൾ താരത്തെ വെട്ടിലാക്കിയത്.