ബ്രിട്ടീഷ് കൊട്ടാരത്തിലെ കാര്യങ്ങൾ പുറത്ത് നിന്നും നോക്കുമ്പോൾ സുന്ദരവും ശാന്തവുമാണെങ്കിലും കനത്ത അഭ്യന്തര കലഹം കൊട്ടാരത്തിൽ പുകഞ്ഞ് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മക്കളായ ചാൾസും ആൻഡ്രൂവും തമ്മിലാണ് കടുത്ത അഭിപ്രായഭിന്നത രൂക്ഷമായിരിക്കുന്നത്. തന്റെ പെൺമക്കളായ ബിയാട്രീസിനും യൂജിനും നികുതിദായകന്റെ ചെലവിൽ കൊട്ടാരത്തിൽ ഉയർന്ന പദവിയും ഇടവും വേണമെന്നാവശ്യപ്പെട്ട് ആൻഡ്രൂ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അതിന് സമ്മതിക്കില്ലെന്നാണ് ചാൾസിന്റെ നിലപാട്. കെൻസിങ്ടൺ പാലസിൽ ആൻഡ്രൂവിന്റെ മക്കളെ താമസിപ്പിക്കില്ലെന്നാണ് ചാൾസിന്റെ പിടിവാശി.

തന്റെ മക്കൾ തമ്മിൽ ഇത്തരത്തിൽ പൊട്ടിപ്പുറപ്പെട്ട രാജകീയ കലാപത്തിന്റെ മധ്യത്തിലകപ്പെട്ട് 90 കാരിയായ എലിസബത്ത് രാജ്ഞി നട്ടം തിരിയുകയുമാണ്. തന്റെ പെൺമക്കൾക്ക് സോവറിൻ ഗ്രാന്റോട് കൂടിയ മുഴുവൻ സമയ രാജകീയ ദൗത്യങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ആൻഡ്രൂ രാജ്ഞിക്ക് കത്തെഴുതിയത് മുതലാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്.പൊതുഖജനാവിൽ നിന്നാണീ ഗ്രാന്റിന് പണമെടുക്കുന്നത്. ആൻഡ്രൂവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ അമൻഡ തിർസ്‌കാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. ചാൾസ് രാജാവാകുന്നതോടെ വില്യം രാജകുമാരൻ, കേയ്റ്റ് , ഹാരി രാജകുമാരൻ എന്നിവരുടെ നിഴലിൽ ആൻഡ്രൂവിന്റെ പെൺമക്കൾ ഒതുങ്ങിപ്പോകുമോ എന്ന ആശങ്കയും പ്രസ്തുത കത്ത് മുന്നോട്ട് വച്ചിട്ടുണ്ട്. അതിനാൽ അവർക്ക് അർഹിക്കുന്ന സ്ഥാനങ്ങൾ ഇപ്പോൾ തന്നെ നൽകണമെന്നാണീ കത്ത് ആവശ്യപ്പെടുന്നത്.

തന്റെ മക്കൾ ബ്രിട്ടീഷ് രാജവംശത്തിലെ നിലവിലെ ഏഴാമതും എട്ടാമതും കിരീടാവകാശികളാണെന്നും അതിനാൽ അവർക്ക് സെന്റ് ജെയിംസ് പാലസിലെ ചെറിയ അപാർട്ട്മെന്റിലെ താമസത്തിന് പകരം കെൻസിങ്ടൺ പാലസിൽ മികച്ച താമസസൗകര്യം നിർബന്ധമായും ഒരുക്കണമെന്നും കത്തിലൂടെ ആൻഡ്രൂ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ തന്നെ തന്റെ മക്കൾ ചാൾസിന്റെ മക്കളുടെയും കേയ്റ്റിന്റെയും നിഴലിൽ ഒതുങ്ങി ജീവിക്കേണ്ട അവസ്ഥയുണ്ടെന്നും വില്യമിന്റെ മക്കളായ ജോർജും ചാർലറ്റും മുതിരുന്നതോടെ തന്റെ കുട്ടികളുടെ സ്ഥിതി ഇതിലും അബദ്ധമാകുമെന്നുമാണ് ആൻഡ്രൂ ഭയപ്പെടുന്നത്. അതിനാലാണ് അവരുടെ ഭാവി ഭദ്രമാക്കുന്നതിന് അദ്ദേഹം ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

തന്റെ പുത്രിമാർ പേരിന് മാത്രമാണ് രാജകുമാരിമാരെന്നും അവർക്ക് നിലവിൽ റോയൽ റോളുകളൊന്നും ലഭിക്കുന്നില്ലെന്നും എന്നാൽ അവർക്ക് അവരുടെ കസിൻസിനെ പോലെ ഇത്തരം സ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്നും ആൻഡ്രൂ വാദിക്കുന്നു.അതായത് ഹാരിയെയും വില്യമിനെയും കെയ്റ്റിനെയും പോലെ കെൻസിങ്ടൺ പാലസിൽ രാജകീയ താമസത്തിന് അർഹതയുണ്ടെന്നും അദ്ദേഹം പറയുന്നു. ആൻഡ്രൂവിന്റെ കത്ത്കണ്ട് രാജ്ഞി ഞെട്ടിത്തരിച്ചുവെന്നും തനിക്കിതിന് മറുപടി ഏകാനാവാത്തതിനാൽ തന്റെ പ്രൈവറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ജെയ്ഡ്റ്റിനെ ഇത് കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യം ആൻഡ്രൂ സഹോദരൻ ചാൾസുമായി നേരിട്ട് ചർച്ച ചെയ്തിരുന്നുവെന്നും എന്നാൽ ചാൾസിൽ നിന്നും അനുകൂലമായ പ്രതികരണമല്ല ഉണ്ടായതെന്നും സൂചനയുണ്ട്. തന്റെ മക്കളായ ഹാരിയെയും വില്യമിനെയും മരുമകൾ കേയ്റ്റിനെയും മാത്രം പ്രധാനപ്പെട്ട രാജകീയ ഇവന്റുകളിൽ മുഖ്യധാരയിൽ കൊണ്ടു വരാനാണ് ചാൾസ് താൽപര്യം പുലർത്തി വരുന്നത്.